ശബരിമല: മകരസംക്രമ സന്ധ്യയില്‍ ശബരിമലയില്‍ തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയ്ക്കും മകരവിളക്കിനും ഒരു ദിവസം ശേഷിക്കെ പൊന്നമ്പലമേടിന് സമീപം മകരവിളക്ക് തെളിഞ്ഞെന്ന കുപ്രചാരണം ഭക്തരെ ആശങ്കാകുലരാക്കി. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ അട്ടിമറിക്കാനും ശബരിമലയുടെ പവിത്രതയും പരിശുദ്ധിയേയും തകര്‍ക്കുവാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സന്നിധാനത്ത് ഇന്നലെ ദീപാരാധനയ്ക്ക് ശേഷം ആകാശത്ത് തെളിഞ്ഞ നക്ഷത്രത്തെ ചൂണ്ടിക്കാട്ടി മകരജ്യോതി തെളിഞ്ഞെന്ന് പറയുകയും അതേസമയം പൊന്നമ്പലമേടിന് സമീപം പ്രകാശം കാണുകയുമായിരുന്നു. പൊന്നമ്പലമേടിന് സമീപം കണ്ട പ്രകാശം സന്നിധാനത്ത് തിങ്ങിക്കൂടിയ ഭക്തരില്‍ തെറ്റിദ്ധാരണയുണ്ടാക്കി. കുറേ ഭക്തര്‍ കൂട്ട ശരണംവിളിക്കുകയും ചെയ്തു. അതേസമയം മകരവിളക്ക് ദിവസം തെളിയുന്ന ദീപമല്ല കണ്ടതെന്നും ലൈറ്റ് തെളിയുന്നതുപോലെയാണ് തോന്നിയതെന്നുമാണ് ഭക്തര്‍ പറയുന്നത്.
പൊന്നമ്പലമേട് പോലീസിന്റെ കര്‍ശന നിയന്ത്രണത്തിലാണെന്നും അതുകൊണ്ടുതന്നെ ഇവിടെ നിന്നും ദീപം തെളിയിക്കാന്‍ കഴിയില്ലെന്നുമാണ് വിലയിരുത്തപ്പെടുന്നത്. പൊന്നമ്പലമേടിന് സമീപമുള്ള ഉള്‍വനത്തില്‍ ആരോ പ്രകാശം പരത്തി ശബരിമല തീര്‍ത്ഥാനം അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇതിന്റെ പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തലുകള്‍. മകരവിളക്കിന് സമാനമായ ദീപം പൊന്നമ്പലമേട്ടിന് സമീപം കണ്ടത് സംബന്ധിച്ച് അന്വേഷിക്കാന്‍ എഡിജിപി പി. ചന്ദ്രശേഖരന് ഉത്തരവിട്ടു. പത്തനംതിട്ട, ഇടുക്കി എസ്പിമാരാണ് ഇത് അന്വേഷിക്കുന്നത്.
മകരവിളക്ക് ഞായറാഴ്ച തന്നെയായിരിക്കുമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം രാജഗോപാലന്‍ നായര്‍ വ്യക്തമാക്കി. മകരവിളക്കായി തെറ്റിദ്ധരിച്ച വെളിച്ചം പൊന്നമ്പലമേട്ടിലല്ല ദൃശ്യമായതെന്ന് ചാനല്ദൃശ്യത്തില്നിന്ന് വ്യക്തമാണ്. ദീപാരാധനയുടെ ദീപമല്ല കണ്ടത്. പൊന്നമ്പലമേടിന്റെ സമീപപ്രദേശത്താണ് വെളിച്ചം കണ്ടത്. പൊന്നമ്പലമേട്ടില്‍ മുന്‍വര്‍ഷങ്ങളില്‍ കണ്ട മകരവിളക്കില്നിന്ന് വ്യത്യസ്തമായ വെളിച്ചമാണ് ശനിയാഴ്ച കണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്ഥലത്ത് നിരീക്ഷണം നടത്തുന്ന പോലീസിന്റെയോ വനംവകുപ്പ് ഉദ്യോഗസ്ഥരുടെയോ സേര്‍ച്ച് ലൈറ്റില്‍നിന്നുള്ള വെളിച്ചമാവാം മകരവിളക്കായി തെറ്റിദ്ധരിച്ചത്. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷണത്തിന് ശേഷമേ പറയാന്‍ കഴിയൂ. മുന്‍വര്‍ഷങ്ങളിലും മകരവിളക്കിനോടനുബന്ധിച്ച് പൊന്നമ്പലമേടിന്റെ പ്രാന്തപ്രദേശത്ത് വെളിച്ചം തെളിയിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: