മലയാളത്തിന്റെ ജനകീയ ഭക്തകവി പൂന്താനത്തിന്റെ ജന്മദിനമാണ് ഇന്ന്.
‘കുംഭമാസത്തിലാകുന്നു നമ്മുടെ
ജന്മനക്ഷത്രമശ്വതിനാളെന്നും’
എന്ന ജ്ഞാനപ്പാനയിലെ വരികള്‍ കണക്കിലെടുത്താണ് എല്ലാ വര്‍ഷവും കുംഭമാസത്തിലെ അശ്വതി നക്ഷത്രത്തില്‍ പൂന്താനദിനം ആഘോഷിക്കുന്നത്.
ശ്രീകൃഷ്ണനു കുചേലന് എങ്ങനെയോ അങ്ങനെയാണ് ഗുരുവായൂരപ്പന് പൂന്താനം എന്നാണ് ഭക്തരുടെ വിശ്വാസം.
പൂന്താനം എന്നത് ഇല്ലപ്പേരാണ്. മദ്ധ്യകേരളത്തിലെ പഴയ വള്ളുവനാട് താലൂക്കില്‍ നെന്മേനി അംശത്തില്‍ കീഴാറ്റൂര്‍ എന്ന ചെറിയൊരു ഗ്രാമപ്രദേശത്തെ പൂന്താനം എന്ന ഇല്ലത്ത് ആയിരുന്നു നമ്പൂതിരി ജനിച്ചതും ജീവിച്ചതും എന്നാണ് വിശ്വാസം.
ഇല്ലപ്പേരില്‍ അറിയപ്പെട്ടിരുന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ യതാര്‍ത്ഥ പേര് വ്യക്തമല്ല.
വേളി കഴിഞ്ഞു ദീര്‍ഘനാളായിട്ടും അദ്ദേഹത്തിനു സന്താനലാഭം ഉണ്ടായില്ല. നേര്‍ച്ചകാഴ്ചകളും പ്രാര്‍ത്ഥനകളുമായി കഴിഞ്ഞ അദ്ദേഹത്തിന് നീണ്ടു നിന്ന അനപത്യദു:ഖത്തിനൊടുവില് ഉണ്ണി പിറന്നപ്പോള്‍ ഇല്ലത്ത് സന്തോഷവും ശാന്തിയും കളിയാടി. എന്നാല്‍ അന്നപ്രാശനദിനത്തില് ആ കുഞ്ഞ് മരിച്ചതോടെ പൂന്താനം ലൗകിക ജീവിതത്തില്‍ പൂര്‍ണ വിരക്തനായി തന്റെ ജീവിതം ഭഗവദ്സേവക്കായി മാത്രം മാറ്റിവെച്ചു.
”ഉണ്ണികൃഷ്ണന് മനസ്സില്‍ കളിക്കുമ്പോള്‍
ഉണ്ണികള്‍ വേറെ വേണമോ മക്കളായ്”
എന്ന് അദ്ദേഹം ജ്ഞാനപ്പാനയില്‍ പാടിയത് ഇങ്ങനെ ലൗകിക വിരക്തി വന്നപ്പോഴാണ്. ചിത്തം ഭഗവാനില്‍ ലയിപ്പിച്ച ഉത്തമ ഭക്തനല്ലാതെ മറ്റാര്‍ക്ക് ഇങ്ങനെ എഴുതാന്‍ സാധ്യമാകും?
മേല്പത്തൂര് ഭട്ടതിരിപ്പാട് നാരായണീയം രചിച്ച അതേ കാലഘട്ടത്തിലാണ് പൂന്താനം ജ്ഞാനപ്പാനയും രചിച്ചതെന്ന് കരുതപ്പെടുന്നു.
തന്റെ ജ്ഞാനപ്പാന വായിച്ച് വേണ്ട തിരുത്തലുകള്‍ നിര്‍ദേശിക്കാന്‍ മേല്പത്തൂരിനെ സന്ദര്‍ശിച്ച പൂന്താനത്തെ താന്‍ സംസ്കൃത പണ്ഡിതനാണെന്നും ഭാഷയില്‍(മലയാളം) എഴുതിയത് നോക്കുവാന്‍ പറ്റില്ലെന്നും ഭട്ടതിരിപ്പാട് പൂന്താനത്തോട് പറഞ്ഞു. വളരെ വിഷമത്തോടെ പൂന്താനം സ്വന്തം ഇല്ലത്തേക്ക് തിരിച്ചുപോയി. അന്നു രാത്രി ഭട്ടതിരിപ്പാടിന്റെ വാതരോഗം മൂര്‍ച്ഛിച്ചു. വേദന സഹിച്ച് അദ്ദേഹം ഉറങ്ങിപ്പോയി. അപ്പോള്‍ ശ്രീകൃഷ്ണ ഭഗവാന് ഭട്ടതിരിക്കു സ്വപ്നദര്‍ശനം നല്കി. മേല്‍പ്പത്തൂരിന്റെ സംസ്കൃത കാവ്യത്തേക്കാള്‍ തനിക്ക് ഇഷ്ടം പൂന്താനത്തിന്റെ ഭാഷാ കാവ്യമാണെന്നും അതുകൊണ്ട് തെറ്റ് തിരുത്തി കൊടുക്കണമെന്ന് സ്വപ്നത്തില്‍ ഭഗവാന് ആവശ്യപ്പെട്ടു.
ജ്ഞാനപ്പാനയിലെ തെറ്റ് തിരുത്തി കൊടുത്തതോടെയാണേ്രത ഭട്ടതിരിപ്പാടിന്റെ വാതരോഗത്തിന് ശമനമുണ്ടായത്. പാണ്ഢിത്യഭക്തിയേക്കാള് നിഷ്കളങ്ക ഭക്തിയാണ് ഭഗവാനു പ്രിയമെന്ന് ഇക്കഥ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
ജ്ഞാനപ്പാനയിലെ ഓരോ വരികളും ഇന്നത്തെ മനുഷ്യ ജീവിതത്തെ സംബന്ധിച്ചും ഏറെ പ്രസക്തമായിക്കാണാം.
മുടക്കമില്ലാതെ എന്നും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെളുപ്പിന് ഗായിക പി. ലീലയുടെ മധുര ശബ്ദത്തില്‍ ജ്ഞാനപ്പാന കേള്‍ക്കാം. ഭാഷാ കര്‍ണ്ണാമൃതം, സന്താന ഗോപാലം, ദശാവതാര സ്തോത്രം, നാരായണ കീര്‍ത്തനങ്ങള്‍ എന്നീ ഒട്ടേറെ ചെറിയ കൃതികളും പൂന്താനം രചിച്ചീട്ടുണ്ട്. അദ്ദേഹത്തിന്റെ ഇല്ലം നിന്നിരുന്ന സ്ഥലത്തിനു സമീപമായി ഗുരുവായൂര്‍ ക്ഷേത്രം വക ഗോശാലയുണ്ട്. അദ്ദേഹം എന്നാണ് വിഷ്ണുപാദം പൂകിയെന്നു വ്യക്തമല്ല. വില്വമംഗലം സ്വാമിയാര്, മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിപ്പാട്, പൂന്താനം നമ്പൂതിരി, കുറൂരമ്മ എന്നീ കൃഷ്ണ ഭക്തര്‍ക്ക് ഗുരുവായൂരപ്പന്റെ ദര്‍ശനം കിട്ടിയവരും ഭഗവാനില്‍ സായുജ്യമടഞ്ഞവരും ആണെന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: