ത്രിപുര: രാഹുല്‍ഗാന്ധിയുടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസുകാരനായ എംഎല്‍എയെ സംശയാസ്പദമായ സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. ഹരിയാനയിലെ യൂത്ത് കോണ്‍ഗ്രസ് എംഎല്‍എയായ അനില്‍ ദന്തൂരിയെയാണ് പരിശോധനക്കിടെ ബാഗില്‍ വെടിയുണ്ട കണ്ടതിനെതുടര്‍ന്ന് സിഐഎസ്എഫ് പ്രവര്‍ത്തകര്‍ അരമണിക്കൂറോളം വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച് ചോദ്യംചെയ്തത്.
ത്രിപുരയിലെ ഉദയ്പൂരിലും കൈലാഷഹറിലും രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന പൊതുസമ്മേളനത്തിനെത്തിയതായിരുന്നു അദ്ദേഹം. അതേസമയം, തോക്ക് കൈവശം വെക്കാനുള്ള ലൈസന്‍സ് ദന്തുരിക്കുള്ളതായി ത്രിപുര യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സുഷാന്ദ ചൗധരി അറിയിച്ചു.
ചൈനയുമായുള്ള അതിര്‍ത്തിപ്രശ്നം
പഠിക്കാന്‍ സംവിധാനം ഉടനെന്ന് ആന്റണി
ന്യൂദല്‍ഹി: ഈവര്‍ഷാവസാനത്തോടെ ചൈനയുമായുള്ള അതിര്‍ത്തിതര്‍ക്കം പരിഹരിക്കാന്‍ സംവിധാനമൊരുക്കുമെന്ന് പ്രതിരോധമന്ത്രി എ.കെ. ആന്റണി വെളിപ്പെടുത്തി. ഇന്ത്യയും ചൈനയും സംയുക്തമായി ഇത്തരമൊരു തര്‍ക്കപരിഹാര സംവിധാനമേര്‍പ്പെടുത്താന്‍ തിരുമാനമെടുത്തതായും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പ്രതിരോധമന്ത്രി പറഞ്ഞു. അതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തിയിലെ ഇന്ത്യയുടെ സൈനികകേന്ദ്രീകരണത്തെക്കുറിച്ചുള്ള ചൈനീസ് മാധ്യമങ്ങളുടെ വിമര്‍ശനം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി. ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളിലെ സൈനിക സന്നാഹങ്ങളെയും ജപ്പാന് വിയറ്റ്നാം മുതലായ രാഷ്ട്രങ്ങളുമായുള്ള കൂട്ടുകെട്ടിനെയും ചൈനീസ് മാധ്യമങ്ങള്‍ വ്യാഴാഴ്ച വിമര്‍ശിച്ചിരുന്നു.
















