ന്യൂദല്‍ഹി: കൂടംകുളം ആണവനിലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചതായും എന്നാല്‍ അത്യാവശ്യ അറ്റകുറ്റപണികള്‍ തുടരുന്നതായും പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി വി. നാരായണസ്വാമി അറിയിച്ചു.
ആദ്യത്തെ റിയാക്ടര്‍ നിര്‍മ്മാണം പൂര്‍ത്തിയായതായും അത് അടുത്തമാസം കമ്മീഷന് ചെയ്യാമെന്ന് പ്രതീക്ഷിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടയിലാണ് ആണവനിലയത്തിനെതിരെ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി തദ്ദേശീയ പ്രക്ഷോഭം ആരംഭിച്ചത്. കേന്ദ്രം തമിഴ്നാട് മന്ത്രിസഭയുടെ തീരുമാനപ്രകാരം ആണവനിലയത്തിന്റെ നിര്‍മ്മാണം നിര്‍ത്തിവെച്ചതായും പ്രാദേശികമായ ജനങ്ങളുടെ ഭയം ദൂരീകരിക്കാനായി ഒരു കമ്മറ്റി രൂപവല്‍ക്കരിച്ചതായും അദ്ദേഹം അറിയിച്ചു. കേന്ദ്രവും സംസ്ഥാനവും നിയോഗിച്ച കമ്മറ്റികള്‍ കഴിഞ്ഞയാഴ്ച തിരുനെല്‍വേലിയില്‍ സമ്മേളിച്ച് പ്രക്ഷോഭകരുടെ സംശയങ്ങള്‍ക്കുള്ള ഉത്തരം തയ്യാറാക്കി. കമ്മറ്റി ജനങ്ങളുടെ ഭീതി അകറ്റുമെന്നും അടുത്ത സമ്മേളനത്തോടെ പ്രശ്നങ്ങള്‍ പരിഹൃതമാവുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും മന്ത്രി തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: