തൃശൂര്‍: ഡാറ്റാ എന്‍ട്രി സ്ഥാപനത്തിന്റെ മറവില്‍ തൃശൂരില്‍ കോടികളുടെ തട്ടിപ്പ്. തൃശൂര്‍ ശക്തന് സ്റ്റാന്റിനു സമീപം പ്രവര്‍ത്തിച്ചിരുന്ന ഐടിഎസ്എസ്ആര് എന്ന കമ്പനിയാണ് ഡാറ്റാ എന്‍ട്രി കരാറിന്റെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയത്.
നിക്ഷേപകരില്‍നിന്ന് പിരിച്ചെടുത്ത കോടികളുമായി ഉടമ മുങ്ങി. കഴിഞ്ഞ മൂന്നുമാസമായി കമ്പനിയില്‍ നിന്നും പണം ലഭിക്കാതായതോടെ ഇന്നലെ രാവിലെ ഇടപാടുകാര്‍ കമ്പനിയിലെത്തിയിരുന്നു. എന്നാല്‍ ഓഫീസ് പൂട്ടി ഉടമ മുങ്ങിയതോടെ ഇടപാടുകാര്‍ ബഹളംവച്ചു. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇത് സംബന്ധിച്ച് കമ്പനി ഉടമകളായ പാലക്കല്‍ പാലിശ്ശേരി നെടുമ്പിള്ളി വിനോദ്, ഭാര്യ സജിത എന്നിവര്‍ക്കെതിരെ നെടുപുഴ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കല്ലൂര്‍ സ്വദേശി സാദിഖ് അലി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ക്ക് മാത്രം എട്ട് ലക്ഷം രൂപ നല്കാനുള്ളതായി പറയുന്നു.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സര്‍വീസ് സൊസൈറ്റി ഫോര്‍ റൂറല്‍ എന്ന പേരില്‍ 2008ലാണ് കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്. നിശ്ചിത തുക ഇടപാടുകാരില്‍ നിന്നും നിക്ഷേപമായി സ്വീകരിച്ച് പ്രതിമാസം നിശ്ചിത തുക വരുമാനമായി നല്കുന്ന രീതിയില്‍ ഡാറ്റാ എന്‍ട്രി ജോലികള്‍ നല്കുന്ന രീതിയിലായിരുന്നു കമ്പനിയുടെ പ്രവര്‍ത്തനം. നിക്ഷേപത്തുക നിശ്ചിത കാലാവധിക്ക് ശേഷമേ തിരികെ നല്‍കൂവെന്ന നിബന്ധനയും കമ്പനി മുന്നോട്ടുവച്ചിരുന്നു. 7500 രൂപമുതല്‍ 19 ലക്ഷം രൂപ വരെ നിക്ഷേപിച്ചവര്‍ ഇക്കൂട്ടത്തിലുണ്ട്.
വിദേശരാജ്യങ്ങളിലെ കമ്പനികള്‍ക്ക് വേണ്ടി ഡാറ്റാ എന്ട്രിവര്ക്കുകള് ഔട്ട് സോഴ്സ് നല്‍കുന്നുവെന്ന് പറഞ്ഞാണ് ചെന്നൈ ആ സ്ഥാനമായ കമ്പനി നിക്ഷേപകരില്‍ നിന്നും പണപ്പിരിവ് നടത്തിയത്. എന്നാല്‍ കഴിഞ്ഞ നാലുമാസമായി ഇടപാടുകാര്‍ക്ക് തുക ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ഇടപാടുകാര്‍ നെടുപുഴ പോലീസില്‍ പരാതി നല്‍കിയിരുന്നു. എസ്ഐയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയുടെ ഭാഗമായി ഇന്ന് പണം നല്‍കാമെന്നും ഇടപാടുകാരുമായി ചര്‍ച്ച നടത്താമെന്നും രേഖാമൂലം കമ്പനിയുടമ ഉറപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇടപാടുകാര്‍ ഇന്നലെ രാവിലെ എത്തിയപ്പോള്‍ കമ്പനി പൂട്ടിക്കിടക്കുന്നതാണ് കണ്ടത്.
സ്ഥാപനത്തിലെ കമ്പ്യൂട്ടറടക്കമുള്ള ഉപകരണങ്ങള്‍ ഓഫീസില്‍ നിന്ന് നീക്കിയിട്ടുണ്ട്. ആസൂത്രിതമായ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നാണ് സംശയിക്കുന്നത്. നാലായിരത്തോളം ഇടപാടുകാര്‍ വഞ്ചിക്കപ്പെട്ടതായാണ് ഏകദേശ കണക്ക്. നെടുപുഴ എസ്ഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: