ഈശ്വരന് മനുഷ്യനായി ഭൂമിയില്‍ അവതരിച്ച് സജ്ജനങ്ങളെ സംരക്ഷിക്കുകയും ദുഷ്ടന്മാരെ നിഗ്രഹിക്കുകയും ചെയ്ത് ധര്‍മ്മസംസ്ഥാപനം നിര്‍വ്വഹിക്കുമെന്ന് പറയുന്നതില്‍ ഇന്നത്തെ കാലത്ത് എത്രത്തോളം പ്രസക്തിയുണ്ട്. ഈ പ്രപഞ്ചം ആരില്‍ നിന്ന് ഉണ്ടായി? ഈശ്വരനില്‍ നിന്ന്. ഈ പ്രപഞ്ചമായി തീര്‍ന്നത് ആരാണ്? ഈശ്വരന് തന്നെ. ഈ പ്രപഞ്ചമായി തീര്‍ന്നത് അവന് തന്നെയാണെങ്കില്‍ പിന്നെ ഇവിടെ പ്രത്യേകമായി ഈശ്വരന് അവതരിക്കുന്ന എന്നു പറയുന്നതിന്റെ ആവശ്യമെന്താണ്? ശക്തിയും ജ്ഞാനവും അല്ലെങ്കില്‍ തമസ്സും പ്രകാശവും സമനിലയില്‍ വരുമ്പോഴാണ് പ്രപഞ്ചതാളം ക്രമാനുഗതമാകുന്നത്. ഈ ശക്തിയും ജ്ഞാനവും ഒരു മനുഷ്യബോധത്തില്‍ സമ്മേളിക്കുമ്പോഴാണ് അവന് ബോധം വികസിച്ച് ധര്‍മ്മബുദ്ധി ഉദിക്കുന്നത്. എന്നാല്‍ മനുഷ്യബോധത്തില്‍ ജ്ഞാനത്തിന്റെ ഒളി വീശാതിരിക്കുമ്പോള്, മനസ്സിന്റെ അതായത് ബോധമില്ലാത്ത ശക്തിയുടെ അന്തകാരത്തിലേക്ക് നാം ആണ്ടുപോകുന്നു. മനുഷ്യബോധത്തില്‍ തമസ്സിന്റെ ചലനങ്ങള്‍ മാത്രം പ്രത്യക്ഷപ്പെടുമ്പോള്‍ അതിന്റെ പ്രതിഫലനം പ്രകൃതിയിലും ദൃശ്യമാകുന്നു. പ്രകൃതിശക്തികള്‍ ക്ഷോഭിച്ച് നാശത്തിന്റെ ചലനങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. പ്രകൃതിദുരന്തങ്ങള്‍ ആകസ്മികമായി സംഭവിക്കുന്നതല്ല. മനുഷ്യമനസ്സില്‍ പ്രത്യക്ഷപ്പെടുന്ന തമസ്സിന്റെ ചലനങ്ങളുടെ പ്രതിഫലനമായാണ് പ്രകൃതിയില്‍ പ്രകടമാകുന്നത്.
നിര്‍ണായകമായ ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ മനുഷ്യബോധത്തെ തമസ്സിന്റെ ആവരണത്തിന് അപ്പുറത്തേക്ക് കടത്തിവിടാനും പ്രപഞ്ചഗതിയുടെ സമതുലനാവസ്ഥ വീണ്ടെടുക്കാനും ഈശ്വരന്റെ മഹിമകള്‍ പലതരത്തില്‍ ഈ ഭൂമണ്ഡലത്തില്‍ പ്രകമാകുന്നു. ചില കാലങ്ങളില്‍ ശ്രേഷ്ഠരായ ആചാര്യന്മാരിലൂടെയും ചിലപ്പോള്‍ ഉയര്‍ന്ന ആത്മാക്കളിലൂടെയും അപൂര്‍വം സന്ദര്‍ഭങ്ങളില്‍ പഞ്ചഭൂത നിര്‍മ്മിതമായ ശരീരം വാര്‍ത്തെടുത്ത് അതിലൂടെയും ഈശ്വരന്റെ വൈഭവങ്ങള് ഈ ലോകത്ത് പ്രകടമാക്കുന്നു. അത്തരം സന്ദര്‍ഭങ്ങളിലാണ് കൃഷ്ണനിലൂടെയും ബുദ്ധനിലൂടെയും അവന്റെ വൈഭവങ്ങള് ഈ ഭൂമിയില്‍ ആവിര്‍ഭവിച്ചത്.
സനാതന ധര്‍മ്മ മൂല്യങ്ങളെ വളരെ ലളിതമായ ഭാഷയില്‍ ശ്രീബുദ്ധന് ലോകത്തോട് പറഞ്ഞു. സര്‍വ്വസംഗപരിത്യാഗം ചെയ്ത് ഇറങ്ങിവന്നവരുടെ ഒരു സംഘത്തെ ഉണ്ടാക്കി. അതാണ് ബുദ്ധ ഭിക്ഷു സംഘം. തന്റേതായി ഒന്നുമല്ലാതെ എല്ലാം ധര്മ്മത്തിന് മാത്രമായി തുറന്ന് വച്ചവരെയാണ് ബുദ്ധന് ഭിക്ഷുസംഘത്തില്‍ ചേര്‍ത്തത്. ബുദ്ധഭിക്ഷുക്കളിലൂടെ ധര്‍മ്മത്തിന്റെ അലകള്‍ നാട്ടിലും വീട്ടിലും പരന്നു. ഭിക്ഷുസംഘങ്ങളുടെ സൃഷ്ടിക്ക് അന്നത്തെ കാലം അനുകൂലമായിരുന്നു. അപ്പോള്‍ പരിണാമത്തിന്റെ ഉയര്‍ന്ന തലങ്ങളിലേക്ക് കടന്നുവരാന്‍ പക്വത പ്രാപിച്ച ജീവന്മാരെ ബുദ്ധന് ഭിക്ഷുക്കളാക്കി. അവരിലൂടെ ധര്‍മ്മത്തിന്റെ കുളിര്‍കാറ്റ് ലോകം എങ്ങും പരത്തി. ബുദ്ധന് ചെയ്തത് ചെറിയകാര്യമല്ല. എങ്കിലും ഭാരതഭൂമിയില്‍ വേദ ധര്‍മ്മങ്ങളും ബൗദ്ധ ധര്‍മ്മവും പരസ്പരം യോജിക്കാനുള്ള സന്ദര്‍ഭം ഉണ്ടായില്ല. വേദ ധര്‍മ്മങ്ങളെയും ബൗദ്ധ ധര്‍മ്മങ്ങളെയും യോജിപ്പിക്കുന്ന ഒരു ജീവിത ധര്‍മ്മം വേണം ഇനിയുള്ള കാലത്തേക്ക് വെളിച്ചം പകരാന്‍. അതിനുള്ള കാലമാണ് ഇപ്പോള്‍. തഥാതനിലൂടെ കാലം നടത്തിക്കൊണ്ടിരിക്കുന്ന അത്ഭുതവും അതുതന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: