ന്യൂദല്‍ഹി: നികുതിവെട്ടിപ്പുകേസില്‍ ഹസന് അലിഖാന് മുംബൈ ഹൈക്കോടതി നല്കിയ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. ആഗസ്റ്റ് 12-ാം തീയതി 58 കാരനായ ഹസന് അലിക്ക് ജാമ്യം അനുവദിച്ച ബോംബൈ ഹൈക്കോടതി വിധിയെ എന്‍ഫോഴ്സ് ഡയറക്ടറേറ്റാണ് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തത്. വാദം കേട്ട സുപ്രീംകോടതി ഈ കേസില്‍ ഇടപെടേണ്ടതുണ്ടെന്ന് നിരീക്ഷിക്കുകയുണ്ടായി അതുപ്രകാരമാണ് മുംബൈ ഹൈക്കോടതി നല്കിയ ജാമ്യം റദ്ദാക്കിയത്.
ഖാന്റെ പക്കല്‍ 2 വ്യാജ പാസ്പോര്‍ട്ടുകളുണ്ടെന്നും ജാമ്യം വിടാന്‍ സാധ്യതയുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാദിച്ചു. ഖാന് വിദേശത്തു അക്കൗണ്ടുകളുണ്ടെന്നും 93 മില്ല്യണ്‍ ഡോളറിന്റെ അനധികൃത നിക്ഷേപമുണ്ടെന്നുള്ളതിന് തെളിവുകളുണ്ടെന്നും ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടി. കള്ളപ്പണ നിക്ഷേപത്തെ സംബന്ധിച്ച് പല രാജ്യങ്ങള്‍ക്കും കത്തുകള്‍ അയച്ചിട്ടുണ്ടെന്നും ആഡ്നാം ഖഷോഗി എന്ന അന്താരാഷ്ട്ര ആയുധ കടത്തുകാരനുമായി അയാള്‍ക്കു ബന്ധമുണ്ടെന്ന് വിദേശബാങ്കുകളിലെ ഇടപാടുകളില്‍നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നതായും ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. ആയുധ വില്‍പ്പനയില്‍ 300 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ഖഷോഗിയില്നിന്ന് ഖാന്നിന് 2003 ല്‍ ലഭിച്ചതായും ചൂണ്ടിക്കാട്ടപ്പെട്ടു. എന്നാല്‍ തനിക്കെതിരെയുള്ള കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ ഡയറക്ടറേറ്റ് പരാജയപ്പെട്ടുവെന്ന് ഖാന് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: