ന്യൂദല്‍ഹി: വിദേശരാജ്യങ്ങളില്‍ ഇന്ത്യാക്കാര്‍ക്കുള്ള കള്ളപ്പണം തിരിച്ചു പിടിക്കണമെന്ന കേസില്‍ സുപ്രീംകോടതി ഡിവിഷന് ബെഞ്ചില്‍ ഭിന്നത. ഇതേത്തുടര്‍ന്ന് കേസ് മൂന്നംഗ ബെഞ്ചിന് കൈമാറി. ജസ്റ്റീസ് എച്ച്.എസ്.നിജ്ജാര്‍, ജസ്റ്റീസ് അല്‍ത്തമാസ് കബീര്‍ എന്നിവരാണ് ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത്.
കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ (എസ്.ഐ.ടി) നിയോഗിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഭിന്നത. കള്ളപ്പണത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കരിക്കണമെന്ന് നിജ്ജാര്‍ നിലപാട് സ്വീകരിച്ചപ്പോള്‍, വേണ്ട എന്ന സര്‍ക്കാരിന്റെ നിലപാടിനോട് അല്‍ത്തമാസ് കബീര്‍ യോജിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് മൂന്നംഗ ബെഞ്ചിന് വിടാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.
കള്ളപ്പണക്കേസില്‍ അന്വേഷണ മേല്‍നോട്ടത്തിന് സുപ്രീം കോടതിയാണ് രണ്ടംഗ ബെഞ്ചിനെ നിയോഗിച്ചത്. എസ്.ഐ.ടിയെ നിയോഗിക്കുന്നതില്‍ തീരുമാനമെടുക്കുന്നത് അടക്കമുള്ള ചുമതല ബെഞ്ചില്‍ നിക്ഷിപ്തമാക്കിയിരുന്നു. അന്വേഷണത്തില്‍ കേന്ദ്രസര്‍ക്കാര്‍ അലംഭാവം കാട്ടുകയാണെന്ന വിലയിരുത്തലിനെ തുടര്‍ന്നായിരുന്നു സുപ്രീംകോടതി തീരുമാനം.
എന്നാല്‍ എസ്ഐടി ആവശ്യമില്ലെന്നും കേസ് അന്വേഷണം കാര്യക്ഷമമാണെന്നും കാണിച്ചു സര്‍ക്കാര്‍ ഹര്‍ജി നല്കി. സര്‍ക്കാരിനെതിരെയുള്ള പരാമര്‍ശങ്ങള്‍ നീക്കി നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതു പരിഗണിക്കവെയാണ് ഭിന്നത രൂപംകൊണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: