ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ടുമാത്രം ഭാഗവതോപദേശം സ്വീകരിച്ച് ജീവിതം ധര്‍മ്മപ്രചാരണത്തിനായി ഉഴിഞ്ഞുവെച്ച്, ഭാഗവതാചാര്യന്മാരുടെ ആദരവും അംഗീകാരവും നേടി പുതിയ തലമുറ പൂന്താനമായി വിശേഷിപ്പിക്കുന്ന ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന് നമ്പൂതിരി. അരനൂറ്റാണ്ടിലേറെക്കാലം ദേശകാലങ്ങളെ കടന്ന് ഭാഗവതപാരായണത്തിന്റെയും വ്യാഖ്യാനത്തിന്റെയും താഴ്വരകളും കൊടുമുടികളും പിന്നിട്ട് 90-ാം വയസ്സിലും പോറലേല്ക്കാത്ത മനീഷിയായി നമ്മോടൊപ്പമുള്ള മള്ളിയൂര്‍ ജീവിച്ചിരിക്കുന്ന തപോധനന്മാരിലെ ഒരു ഇതിഹാസമായിരുന്നു.
ദാരിദ്ര്യവും രോഗവും കഷ്ടപ്പാടുകളും സമ്മാനിച്ച വേദനകള്‍ക്കിടെ “ഒരുനാളിലുമില്ലെന് സൗഖ്യമെന്‍ ജീവിതം” എന്ന് ഒരിക്കല്‍ കരുതിയ മള്ളിയൂര്‍ ശങ്കരന് നമ്പൂതിരി ഭാഗവതഗ്രന്ഥത്തെ നെഞ്ചിലേറ്റിയിട്ട് നിര്‍മ്മലവും സുതാര്യവുമായ ഒമ്പത് ദശകമെത്തുന്നു. രണ്ടായിരത്തി അഞ്ഞൂറോളം ഭാഗവതസപ്താഹങ്ങള്‍ക്ക് ആചാര്യ പദവിയലങ്കരിച്ച് ആ രംഗത്തെ നിത്യവിസ്മയമായി മാറ്റപ്പെട്ട മള്ളിയൂര്‍ ശങ്കരന്നമ്പൂതിരിയെത്തേടി ഭക്തലക്ഷങ്ങളാണ് ഇന്ന് കോട്ടയം ജില്ലയിലെ കുറുപ്പന്തറയില്‍ സ്ഥിതിചെയ്യുന്ന മള്ളിയൂര്‍ ഇല്ലത്തേക്കും, മഹാഗണപതിക്ഷേത്രത്തിലേക്കും ഒഴുകിയെത്തുന്നത്.
ഭക്തികൊണ്ടു മാത്രമേ ഭാഗവതതത്വം പൂര്‍ണ്ണമായി ഗ്രഹിക്കുവാന്‍ കഴിയൂ എന്നറിഞ്ഞ വ്യക്തിത്വമായിരുന്നു അദ്ദേഹം. കൃഷ്ണനാമം ഉരുവിട്ട് നാടായ നാടുമുഴുവനും ഭഗവാന്റെ കഥ പാടിനടന്ന ഒരു ഉത്തമ ഭക്തന്റെ എളിമയുടെ ദിഗ്വിജയം കൂടിയാണ് മള്ളിയൂര്‍ ശങ്കരന് നമ്പൂതിരിയുടെ ജീവിതഗാഥ. അനുഭവിച്ചറിഞ്ഞ ദുരിതങ്ങളെ ഭഗവാന്റെ പരീക്ഷണമായി തിരിച്ചറിഞ്ഞ് തന്റെ ഓരോ വാക്കും മനുഷ്യ സമൂഹത്തെ നന്മയിലേക്ക് നയിക്കണമെന്ന പ്രാര്‍ത്ഥനയാണ് ഈ തപോധനന്റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നതെന്ന് അദ്ദേഹത്തിന്റെ അടുത്ത് അല്പനേരം ചെലവഴിക്കുന്ന ഏതൊരാള്‍ക്കും ബോധ്യമാകും.
കോട്ടയം ജില്ലയിലെ കുറുപ്പന്തറയില്‍ അതിപുരാതനമായ മള്ളിയൂര്‍ ഇല്ലത്ത് 1921 ഫെബ്രുവരി രണ്ടിന്, മൂലം നക്ഷത്രത്തില്‍ പരമേശ്വരന് നമ്പൂതിരിയുടെയും മധുരമറ്റത്ത് ആര്യാ അന്തര്‍ജ്ജനത്തിന്റെയും സീമന്തപുത്രനായിട്ടാണ് ശങ്കരന് നമ്പൂതിരിയുടെ ജനനം. രാജകൊട്ടാരവുമായി നല്ല അടുപ്പവും കൊട്ടാരത്തില്‍ ആദരണീയ സ്ഥാനവുമുണ്ടായിരുന്ന സമ്പന്നകാലത്തിന്റെ ചരിത്രം മള്ളിയൂര്‍ മനയ്ക്ക് പറയാനുണ്ടെങ്കിലും കാലക്രമത്തില്‍ അതൊക്കെ അന്യമായി. തറവാട് ക്ഷയിച്ചതിനൊപ്പം പ്രാരബ്ധത്തിന്റെയും പട്ടിണിയുടെയും നടുക്കയത്തിലേക്കായിരുന്നു ശങ്കരന് നമ്പൂതിരിയുടെ ജനനം എന്നുതന്നെ പറയാം.
നെല്‍കൃഷിയില്‍ നിന്നുള്ള തുച്ഛമായ വരുമാനമായിരുന്നു മള്ളിയൂര്‍ കുടുംബത്തിന്റെ ഏക ആശ്രയം. ഇതിനിടയില്‍ ദാരിദ്ര്യവും രോഗാരിഷ്ടതയും കുട്ടിശങ്കരന് ബാല്യത്തില്‍ തന്നെ അനുഭവിച്ചു തുടങ്ങി. രോഗം മൂര്‍ച്ഛിച്ച് പലവട്ടം മൃത്യുവിന്റെ പടിവാതില്ക്കല് വരെയെത്തി തിരിച്ചു മടങ്ങി. നിരന്തരമുള്ള രോഗാവസ്ഥ കണക്കിലെടുത്ത് പല ജ്യോതിഷികളെക്കൊണ്ടും ജാതകം ഗണിപ്പിച്ചു. മിക്കവരും യൗവ്വനം മറികടക്കുന്നതില്‍ സംശയമാണ് പ്രകടിപ്പിച്ചത്. എന്നാല്‍ ഭഗവദ് നിശ്ചയം മറ്റൊന്നായിരുന്നു – ഭഗവദ് സന്ദേശവാഹകനാകുക. ശങ്കരന് നമ്പൂതിരിയുടെ കാര്യത്തില്‍ അതും പൂര്‍ണ്ണമായിരിക്കുന്നു.
എട്ടാം വയസ്സില്‍ ഉപനയനം കഴിഞ്ഞ് 14-ാം വയസ്സില്‍ സമാവര്‍ത്തനം കഴിയുംവരെ മള്ളിയൂര്‍ ഇല്ലത്തിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ നിന്ന് പൂജാകര്‍മ്മങ്ങള്‍ സ്വായത്തമാക്കുകയും പരിശീലിക്കുകയും ചെയ്തു.
പ്രാരബ്ധങ്ങളും മാമൂലുകളില്‍ കുടുങ്ങിക്കിടന്ന അച്ഛന്റെ വിശ്വാസ പ്രമാണങ്ങളും കൂടിച്ചേര്‍ന്നപ്പോള്‍ ബാല്യകാല വിദ്യാഭ്യാസം കുട്ടിശങ്കരന് അന്യമായി. എങ്കിലും മകന്റെ ജ്ഞാനതൃഷ്ണയെ അച്ഛനും അംഗീകരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. സംസ്കൃതം പഠിക്കുവാനുള്ള ആഗ്രഹത്തെ അച്ഛനും അനുകൂലിച്ചപ്പോള്‍ ആ മനസ്സ് ആഹ്ലാദത്താല്‍ തുടിച്ചു. അങ്ങനെ 14-ാമത്തെ വയസ്സില്‍ സംസ്കൃതം അഭ്യസിച്ചു തുടങ്ങി. പട്ടമന വാസുദേവന്‍ നമ്പൂതിരിയായിരുന്നു ഗുരു. ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട രോഗം സംസ്കൃത പഠനത്തിന്റെ പൂര്‍ത്തീകരണത്തെയും ബാധിച്ചു.
പക്ഷേ, “മുളയിലേ അറിയാം, മുളക്കരുത്ത്” എന്ന പഴമൊഴിപോലെയായിരുന്നു കുട്ടിശങ്കരനിലെ മികവ്. പഠനത്തിലും ക്ഷേത്രപൂജകളിലും ചുരുങ്ങിയ സമയത്തിനുള്ളില്‍ അദ്ദേഹം സ്വന്തം പാടവം തെളിയിച്ചു. ശങ്കരന്റെ ഏകാഗ്രത നിറഞ്ഞ പൂജകളും, നിഷ്ഠകളും വീക്ഷിച്ച അച്ഛന്റെ ഒരു സുഹൃത്ത് ശങ്കരനെ കോഴിക്കോട് കൈതക്കോട് ക്ഷേത്രത്തില്‍ ശാന്തിക്ക് സഹായിയായി അയയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. സംസ്കൃതത്തില്‍ കൂടുതല്‍ പഠനത്തിനുള്ള സൗകര്യം അവിടെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ അഭിപ്രായം അച്ഛനും സ്വീകാര്യമായിരുന്നു. ഇതനുസരിച്ച് കോഴിക്കോട്ട് എത്തി ശാന്തിക്കാരന്റെ സഹായിയായി. ജോലിക്കൊപ്പം കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ചുള്ള പഠനം കൂടിയായപ്പോള്‍ ശങ്കരന് വിശ്രമം എന്തെന്ന് അറിയാതെയായി.
കഠിനമായ ശാരീരിക മാനസിക അധ്വാനങ്ങള്‍ കുട്ടിശങ്കരനെ രോഗിയാക്കി. ദഹനക്കേടില്‍ ആരംഭിച്ച അസ്വസ്ഥത മഹാവ്യാധിയായി വളര്‍ന്നു കഴിഞ്ഞിരുന്നു. ചികിത്സകള്‍ പലതും മാറിമാറി പരീക്ഷിച്ചെങ്കിലും ഒന്നും ഫലവത്തായില്ല. കുട്ടിശങ്കരന് രക്ഷപ്പെടുമോ എന്നുവരെയായി ബന്ധുക്കളുടെ ആശങ്ക. വൈദ്യന്മാര് എല്ലാവരും കയ്യൊഴിഞ്ഞു. പ്രതീക്ഷകളെല്ലാം കൈവിട്ടു. ഇനി ഒരേയൊരു മാര്ഗ്ഗമേയുള്ളൂവെന്ന വിധിയെഴുത്ത് വൈദ്യമുഖങ്ങളില് നിന്നും ഉയര്‍ന്നു. മഹാവൈദ്യനായ സര്‍വ്വേശ്വരനെ തന്നെ ശരണാഗതി പ്രാപിക്കുക. ആ തൃപ്പാദങ്ങളില്‍ സര്‍വ്വവും സമര്‍പ്പിക്കുക. കുളിയും തേവാരവും കഴിഞ്ഞ് വന്നനേരം വൈദ്യകല്പനകള് കേട്ട് കുട്ടിശങ്കരന് അമ്മയുടെ മുന്നില്‍ നിന്ന് ഏങ്ങലടിച്ചു പോയി. എല്ലാം കേട്ടും കണ്ടും നെടുവീര്‍പ്പിട്ട അമ്മ പറഞ്ഞു “ഗുരുവായൂരപ്പനെ കാണണം. പന്ത്രണ്ടുനാള്‍ ഭജനം കൂടണം. ഒക്കെ നേരെയാകും. ഭഗവാന് കൈവിടില്ല” വാത്സല്യനിധിയായ അമ്മയുടെ വിതുമ്പലുകളോടുള്ള വാക്കുകള്‍ ശങ്കരന് ശിരസ്സാ വഹിച്ചു. പക്ഷേ അവിടെയും കാതലായ ഒരു പ്രശ്നം വഴിമുടക്കി നിന്നു. കൈവശം കാല് കാശില്ല, ഗുരുവായൂരില്‍ എങ്ങനെ എത്തിച്ചേരും? എത്തും പിടിയുമില്ലാത്ത ചോദ്യത്തിനു മുമ്പില്‍ ശങ്കരന് വിഷമിച്ചു. അതിനും ഗുരുവായൂരപ്പന് തന്നെ തുണച്ചു. അമ്മ തന്റെ പെട്ടിയില്‍ ദീര്‍ഘനാളായി സൂക്ഷിച്ചിരുന്ന ചിരകാല സമ്പാദ്യമായ ഒറ്റരൂപാ നാണയം എടുത്തു നല്കി അനുഗ്രഹിച്ചു. അമ്മയോട് യാത്രപറഞ്ഞ് നിറകണ്ണുകളോടെ പരദേവതയെ മനസ്സില്‍ ധ്യാനിച്ച് പടിയിറങ്ങി. അമ്മയുടെ വീട്ടിലെത്തിയപ്പോള്‍ ആശ്വാസമായി ഒരു സംഭാവന ലഭിച്ചു. ഇതിനു പുറമേ ചെറിയമ്മയുടെ വകയായും യാത്രക്കുള്ള ചില്ലറ നാണയങ്ങള്‍ ശങ്കരന്റെ വശമെത്തി. ആദ്യം തൃശ്ശൂരിലും, അവിടെ നിന്ന് ഗുരുവായൂരപ്പ സവിധത്തിലുമെത്തി.
ഗുരുവായൂര്‍ തെക്കേനടയില്‍ ഓതിക്കന്മാര്ക്കൊപ്പം 53 ദിവസത്തെ ഭജനം. ഇതിനിടയില്‍ ഭാഗവതത്തില്‍ അവഗാഹം നേടിയ ആചാര്യനായ പടപ്പ നമ്പൂതിരിയുമായി പരിചയപ്പെട്ടു. അത് ശങ്കരന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവായി മാറ്റപ്പെട്ടു. ഭഗവാന്റെ ദിവ്യസങ്കേതത്തില് വച്ച് ഭാഗവതോപദേശം നല്കി പടപ്പ നമ്പൂതിരി കുട്ടിശങ്കരനെ അനുഗ്രഹിച്ചു. രോഗവും, ദാരിദ്ര്യവുമായി ഭഗവദ് സന്നിധിയിലെത്തിയ മള്ളിയൂരിന്റെ മനസ്സിന് കുളിര്‍മ നല്‍കുന്നതായിരുന്നു ഭാഗവതോപദേശം. മള്ളിയൂര്‍ ശങ്കരന് നമ്പൂതിരിയുടെ അറിവിന്റെ അശ്വമേധയാത്രയ്ക്ക് ഇവിടെ തുടക്കമാവുകയാണ്.
ഭാഗവതോപദേശം സിദ്ധിച്ചാല്‍ നിത്യേന പാരായണം നടത്തണം. എന്നാല്‍ സ്വന്തമായി ഭാഗവതം വാങ്ങാനുള്ള പണം കൈവശമില്ല. ഭഗവദ് സന്നിധിയിലെത്തുന്നവരുടെ ഭാഗവതം മാറിമാറി വാങ്ങി തന്റെ ചുമതല മുടങ്ങാതെ നിര്‍വ്വഹിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധപതിപ്പിച്ചിരുന്നു. ഇതെല്ലാം അറിഞ്ഞ് ഭക്തന്റെ യോഗക്ഷേമത്തില് തെല്ലും വിട്ടുവീഴ്ച കാണിക്കാത്ത ഗുരുവായൂരപ്പന് തന്നെ ഭാഗവതം ലഭിക്കാന്‍ വഴികാണിച്ചതായി മള്ളിയൂര്‍ ശങ്കരന് നമ്പൂതിരി ഇന്നും നിറകണ്ണുകളോടെ പറയും. ഭാഗവതം ദാനമായി നല്കുന്ന ഒരു അമ്മാള്‍ തനിക്ക് മറ്റൊരാള്‍ മുഖേന ഭാഗവതപുസ്തകം എത്തിക്കുകയായിരുന്നുവെന്നും, അവരുമായി നേരില്‍ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും ഓര്‍മ്മകളുടെ ഏടുകളില്‍ നിന്നും മള്ളിയൂര്‍ വെളിപ്പെടുത്തുന്നു.
ശങ്കരന് നമ്പൂതിരി സാത്വിക വിശുദ്ധിയുടെ അകമ്പടിയോടെ സാധാരണജനങ്ങളെ ഭഗവാനിലേക്ക് ആകര്‍ഷിക്കും വിധത്തില്‍ ഭാഗവതം വായിച്ച് അര്‍ത്ഥം വിശദീകരിച്ചു തുടങ്ങിയതോടെ ഭക്തജന സഹസ്രങ്ങളുടെ ആദരവ് അദ്ദേഹത്തെ തേടിയെത്തി. ഭഗവാന്റെ മാഹാത്മ്യം കഥകളും ഉപകഥകളും വ്യാഖ്യാനിച്ച് വിശദീകരിക്കുമ്പോള്‍ ആസ്വാദകവൃന്ദം ഈശ്വരാനുഭൂതി സ്വന്തം ഹൃദയത്തില്‍തൊട്ട് അറിയുകയായിരുന്നു. ഗുരുവായൂരില്‍ നിന്നും മടങ്ങി ഇല്ലത്ത് എത്തിയപ്പോള്‍ സാമവേദിയായ തിരുവാര്‍പ്പ് സ്വാമിയാരുടെ മഠത്തില്‍ താമസിച്ച് പഠിക്കാനുള്ള ക്ഷണം ലഭിച്ചു. ഇത് അദ്ദേഹത്തിന് അതിരറ്റ ആഹ്ലാദം നല്കി. ബാല്യം മുതല്‍ പഠനം മനസ്സില്‍ കൊണ്ടുനടന്ന അദ്ദേഹത്തിന് സംസ്കൃതത്തില്‍ പാണ്ഡിത്യം കൈവരിക്കുവാനുള്ള സന്ദര്‍ഭം ഭഗവാന് തന്നെ ഒരുക്കിക്കൊടുത്തിരിക്കുന്നു. എന്നാല്‍ ഏതൊരു സന്ദര്‍ഭത്തിലും ഭക്തനെ പരീക്ഷിക്കുകയെന്ന ഭഗവാന്റെ ലീലകള്‍ അവിടെയും അരങ്ങേറി. അമ്മ ശയ്യാവലംബയായി. അമ്മയോ, സംസ്കൃതമോ എന്ന ചോദ്യമുയര്‍ന്നു. ശങ്കരന് മറ്റൊന്നും ചിന്തിക്കാനില്ലായിരുന്നു. തന്നെ ഭഗവദ് സന്നിധിയിലേക്ക് അനുഗ്രഹിച്ച് ആശിര്‍വദിച്ച് പറഞ്ഞയച്ച അമ്മയുടെ പരിചരണത്തിന് തന്നെ മുന്‍തൂക്കം നല്കി.
ഇതിനിടെ ഭാഗവതപാരായണ വൈദഗ്ദ്ധ്യവും ലളിത പദങ്ങളിലൂടെ അര്‍ത്ഥം വിശദീകരിക്കുന്നതിലുള്ള കഴിവും ശങ്കരന് നമ്പൂതിരിയെ അപാര സഹനശക്തിയുടെ ഉടമയും, സാത്വിക വിശുദ്ധിയുടെ ആള്‍രൂപവുമായി മാറ്റിക്കഴിഞ്ഞിരുന്നു. ഗുരുവായൂര്‍ ഭാഗവത വിജ്ഞാനസമിതി ‘ഭാഗവതഹംസം’ എന്ന ബിരുദം നല്കി ആദരിച്ചതോടെ മള്ളിയൂരിന്റെ ഖ്യാതി അഖിലലോകത്തിലുമെത്തി. ബാലഗോകുലം ജന്മാഷ്ടമി പുരസ്ക്കാരം സമര്‍പ്പിച്ച് ആദരിച്ചു.
സംസ്കൃതത്തിലും, ഭാഗവതത്തിലും പാണ്ഡിത്യമുള്ള മള്ളിയൂര്‍ തിരുമേനിക്ക് അധികമാരും അറിയപ്പെടാത്ത മറ്റൊരു വ്യക്തിത്വം കൂടിയുണ്ട്. അദ്ദേഹം നല്ലൊരു കവികൂടിയാണ്. മലയാളത്തിലും, സംസ്കൃതത്തിലുമായി മൂന്ന് ഗണപതി സ്തുതികള്‍ രചിച്ച് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. രാമായണ വ്യാഖ്യാനമായ രാമകഥാ മാധുരി, പുഷ്പാഞ്ജലി എന്നിവയും മള്ളിയൂരിന്റെ രചനാ വൈഭവം പ്രകടമാക്കുന്നവയാണ്.
കാണുന്നതിലൂടെയും കേള്‍ക്കുന്നതിലൂടെയും നമ്മള് ഒരുപാടു കാര്യങ്ങള്‍ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. ഇവിടെ മള്ളിയൂര്‍ ആത്മീയതയിലേക്കുള്ള രാജപാത സ്വജീവിതത്തിന്റെ ഏടുകള്‍ നിവര്‍ത്ത് നമുക്കു മുന്നില്‍ തുറന്നിട്ടിരിക്കുന്നു. അര്‍ത്ഥവത്തായ ഒരു ജീവിതം ആത്മീയതയില്ക്കൂടി മാത്രമേ കൈവരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം അനുഭവങ്ങളില്‍ കൂടി വ്യക്തമാക്കുന്നു.
സര്‍വ്വതും ഭഗവദ് സന്നിധിയില്‍ സമര്‍പ്പിച്ച് മള്ളിയൂര്‍ ക്ഷേത്രത്തിനു മാത്രം സ്വന്തമായ വൈഷ്ണവ ഗണപതിയുടെ മഹാസന്നിധിയില്‍ വിഘ്നേശ്വര സ്തുതികളുമായി തലമുറകള്‍ക്ക് വഴികാട്ടിയായി, പ്രകാശഗോപുരമായി വിശ്രമജീവതം നയിക്കുമ്പോഴും ഭക്തര്‍ക്കിടയിലെ ഭാഗവതഹംസം നിറപുഞ്ചിരിയുമായി കര്‍മ്മക്ഷേത്രത്തില്‍ നിറഞ്ഞു നില്ക്കുന്നു. ഭാഗവതോപാസകന്റെ നിറസാന്നിദ്ധ്യമുള്ള മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രം മലയാളനാടിനെന്നല്ല, മറുനാടിനും അഷ്ടൈശ്വര്യമാണ് പ്രദാനം ചെയ്തുവരുന്നത്. 81 ദിവസം ഗണേശസംഗീതോത്സവം നടക്കുന്ന രാജ്യത്തെ ഏകക്ഷേത്രവും ഇതുതന്നെ.
ശങ്കരന് നമ്പൂതിരിയുടെ തപസ്സിന്റെയും ഉപാസനയുടെയും ഫലങ്ങള്‍ മള്ളിയൂര്‍ ഇല്ലത്തിനും കുറുപ്പുന്തറ ഗ്രാമത്തിനും അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇന്ന് ഈ ഗ്രാമം ആഗോള പ്രശസ്തിയുടെ ഉത്തുംഗശൃംഗത്തിലെത്തിയിരിക്കുന്നു.
ഭാഗവതം എന്നാലെന്ത്? ഭാഗവതം നമ്മോട് എന്താണ് ഉപദേശിക്കുന്നത്? ഭാഗവതശ്രവണാദികളിലൂടെ ഒരു മനുഷ്യന് എങ്ങനെയായിത്തീരണം, ഒരു ഭാഗവതാചാര്യന്‍ എങ്ങനെ ജീവിക്കണം എന്നതിനൊക്കെ ഉത്തരം നല്കാന് കഴിയുന്ന ഒരു ഭാഗവതോപാസകന് മാത്രമാണ് ഇന്ന് ജീവിച്ചരിക്കുന്നത്. അത് മറ്റാരുമല്ല ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന് നമ്പൂതിരി മാത്രം. വിസ്മരിക്കാനാവാത്ത അനുഭവങ്ങളിലൂടെ ശ്രീകൃഷ്ണപരമാത്മാവിന്റെ പ്രതിരൂപത്തെയാണ് മള്ളിയൂരിലൂടെ ലോകം കാണുന്നത്.
പ്രലോഭനങ്ങള്‍ നിറഞ്ഞ സംസാരസാഗരത്തില്‍ നിര്‍മ്മലതയോടെ എങ്ങനെ ജീവിക്കാമെന്ന് അദ്ദേഹം കര്‍മ്മം കൊണ്ട് നമ്മെ പഠിപ്പിക്കുന്നു. കഠിനമായ തപശ്ചര്യയുടേയും കര്‍ക്കശമായ നിഷ്ഠകളുടെയും ഉന്നതമായ ആദ്ധ്യാത്മിക ജ്ഞാനത്തിന്റെയും വറ്റാത്ത ഉറവയാണ് ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന് നമ്പൂതിരി.
കെ.ഡി ഹരികുമാര്‍ –
പ്രതികരിക്കാൻ ഇവിടെ എഴുതുക: