ചെമ്മാപ്പിള്ളി: ആധുനിക മലയാള നോവലില്‍ പകര്‍പ്പെഴുത്തുകള്‍ വര്‍ധിക്കുന്നതായി സാഹിത്യനിരൂപകനും കേന്ദ്ര സാഹിത്യ അക്കാദമി അംഗവുമായ ബാലചന്ദ്രന് വടക്കേടത്ത് അഭിപ്രായപ്പെട്ടു. ചെമ്മാപ്പിള്ളി എഎല്‍പി സ്കൂളില്‍ പിടിഎ, പൂര്‍വ വിദ്യാര്‍ഥി സംഘടന, കാവ്യായനം ദി പോയറ്റിക് പീപ്പിള്‍ എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘നാട്ടു പുസ്തകോത്സവം’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാനുഭവമല്ലാത്ത പലതും നോവലില്‍ കുത്തി നിറച്ച് വായനയെ വിഭ്രമിപ്പിക്കുകയാണ് ഇപ്പോള്‍ നോവലിസ്റ്റുകള്‍ ചെയ്യുന്നത്.
മറ്റുള്ളവര്‍ വിവര്‍ത്തനം ചെയ്ത രചനകള്‍ പകര്‍ത്തിയെഴുതാന്‍ മടിയില്ലാത്ത ഇത്തരത്തിലുള്ളവരുടെ കൃതികളാണ് ഇവിടെ ആഘോഷിക്കപ്പെടുന്നതെന്നും വടക്കേടത്ത് ആരോപിച്ചു. പ്രഥമ ‘കാവ്യായനം’ പ്രതിഭാ പുരസ്ക്കാരം നോവലിസ്റ്റും തിരക്കഥാകൃത്തുമായ വെണ്ണല മോഹനും, അക്ഷരപുരസ്ക്കാരം നോവലിസ്റ്റ് കെ. കേരളദാസനുണ്ണിക്കും ബാലചന്ദ്രന് വടക്കേടത്ത് സമ്മാനിച്ചു.
പിടിഎ പ്രസിഡന്റ് നിസ്സാര്‍ കുമ്മം കണ്ടത്ത് അധ്യക്ഷനായി. കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്, കവി കെ. ദിനേശ് രാജാ, ഇ.പി. ഗിരീഷ്, പ്രധാനാധ്യാപിക ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: