നഗോയ (ജപ്പാന്‍): പിറന്നാള്‍ ദിനത്തില്‍ ഇരട്ടി വെള്ളിത്തിളക്കത്തോടെ ഭാരതത്തിന് അഭിമാനമായി യുവ ഷൂട്ടിങ് താരം ഹിമാന്‍ഷു ധില്ലന്‍. 20-ാമത് ഏഷ്യന്‍ ഗെയിംസിലെ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വ്യക്തിഗത, ടീം ഇനങ്ങളിലാണ് ഈ ഹരിയാനക്കാരന്‍ വെള്ളി മെഡലുകള്‍ സ്വന്തമാക്കിയത്. വ്യക്തിഗത ഫൈനലില്‍ ഉദ്വേഗഭരിതമായ പോരാട്ടത്തിനൊടുവില്‍ 252.4 പോയിന്റ് നേടിയാണ് മെഡല്‍നേട്ടം.
നിലവിലെ ഒളിംപിക് ചാമ്പ്യനായ ചൈനയുടെ ഷെങ് ലിഹാവോ (254.2 പോയിന്റ്) സ്വര്‍ണം നേടിയപ്പോള്‍, മുന്‍ ലോക ചാമ്പ്യനായ ഭാരതത്തിന്റെ രുദ്രാന്‍ക്ഷ് പാട്ടീല്‍ (230.9 പോയിന്റ്) വെങ്കലം നേടി. പോയിന്റിന്റെ പത്തിലൊന്ന് (0.1) വ്യത്യാസത്തിലാണ് രുദ്രാന്‍ക്ഷിനെ മറികടന്ന് ഹിമാന്‍ഷു വെള്ളി ഉറപ്പിച്ചത്. വ്യക്തിഗത നേട്ടത്തിന് തൊട്ടുമുമ്പ് ടീം ഇനത്തിലും ഹിമാന്‍ഷു ഭാരതത്തിനായി വെള്ളി മെഡല്‍ നേടിയിരുന്നു. ഹിമാന്‍ഷു, രുദ്രാന്‍ക്ഷ് പാട്ടീല്‍, പാര്‍ത്ഥ് മാനെ എന്നിവരടങ്ങിയ ഭാരത സംഘം 1890.1 പോയിന്റ് നേടിയാണ് വെള്ളി തിളക്കമണിഞ്ഞത്. ഈ ഇനത്തില്‍ ലോക റെക്കോര്‍ഡോടെ (1899.0 പോയിന്റ്) ചൈന സ്വര്‍ണം നേടിയപ്പോള്‍ ദക്ഷിണ കൊറിയ വെങ്കലം കരസ്ഥമാക്കി.
ഹരിയാനയിലെ ജിന്ദ് സ്വദേശിയായ ഹിമാന്‍ഷുവിന്റെ കായിക ജീവിതം അത്ര ലളിതമായിരുന്നില്ല. തുടക്കത്തില്‍ ഗുസ്തിയില്‍ പരിശീലനം തുടങ്ങിയെങ്കിലും അധികം വൈകാതെ കായിക ഇനം മാറ്റുകയായിരുന്നു. കോവിഡ് കാലത്ത് കുടുംബത്തെ കൃഷിപ്പണികളില്‍ സഹായിച്ച ഹിമാന്‍ഷു, കുന്ദ്രിയിലെ ഗുരുകുലത്തില്‍ പഠിക്കുമ്പോഴാണ് യാദൃച്ഛികമായി റൈഫിള്‍ കയ്യിലെടുക്കുന്നത്. മകന്റെ കഴിവ് തിരിച്ചറിഞ്ഞ പിതാവ് ഷംഷേര്‍ സിംഗ് വലിയ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും കടം വാങ്ങിയാണ് 3 ലക്ഷം രൂപ വിലയുള്ള റൈഫിള്‍ വാങ്ങി നല്‍കിയത്. കുടുംബത്തിന്റെ ആ ത്യാഗത്തിനുള്ള ഏറ്റവും വലിയ സമ്മാനമാണ് ഈ ഇരട്ട മെഡല്‍ നേട്ടം. ‘ഏഷ്യന്‍ ഗെയിംസില്‍ നിന്ന് ഒരു മെഡല്‍ സ്വന്തമാക്കണം, അതിന്റെ നിറം എന്താണെങ്കിലും കുഴപ്പമില്ല’ എന്നായിരുന്നു മത്സരത്തിന് മുന്‍പ് അച്ഛന്‍ നല്‍കിയ പിറന്നാള്‍ സന്ദേശം. ആ വാക്കുകള്‍ക്ക് ഇരട്ടി മധുരം നല്‍കിക്കൊണ്ട് സ്വന്തം പിറന്നാള്‍ ദിനത്തില്‍ തന്നെ ഭാരതത്തിന് രണ്ട് വെള്ളി മെഡലുകള്‍ സമ്മാനിക്കാന്‍ ഹിമാന്‍ഷുവിനായി. വരാനിരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിലൂടെ 2028 ലോസ് ഏഞ്ചല്‍സ് ഒളിംപിക്‌സ് യോഗ്യത നേടുകയാണ് ഈ യുവതാരത്തിന്റെ അടുത്ത ലക്ഷ്യം.
















