നഗോയ: ഏഷ്യന്‍ ഗെയിംസ് 2026ല്‍ മെഡല്‍ നിര്‍ണയ മത്സരങ്ങളുട രണ്ട് ദിനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ചൈനീസ് കുതിപ്പ് ശക്തം. ഒന്നാം സ്ഥാനത്ത് തുടരുന്ന ചൈന തൊട്ടടുത്ത എതിരാളികളെക്കാള്‍ മൂന്ന് ഇരട്ടി മുന്നിലാണ്.
ചൈനയുടെ ഇതുവരെയുള്ള ആകെ സ്വര്‍ണ നേട്ടം 23 ആണ്. നിലവില്‍ രണ്ടാമതെത്തിനില്‍ക്കുന്ന ജപ്പാന്‍ നേടിയിട്ടുള്ളത് എട്ട് സ്വര്‍ണം ആണ്.
23 സ്വര്‍ണത്തിന് പുറമെ പത്ത് വെള്ളിയും അഞ്ച് വെങ്കലവും സഹിതം 38 മെഡലുകളാണ് ചൈനീസ് താരങ്ങള്‍ ആകെ നേടിയിട്ടുള്ളത്. എട്ട് സ്വര്‍ണത്തിന് പുറമെ 12 വീതം വെള്ളിയും വെങ്കലവുമായി ആകെ 32 മെഡലുകളുമായാണ് ജപ്പാന്‍ തുടരുന്നത്. മൂന്നാം സ്ഥാനക്കാരായ കൊറിയ അഞ്ച് സ്വര്‍ണവും മൂന്ന് വെള്ളിയും 15 വെങ്കലവും സഹിതം 23 മെഡലുകള്‍ നേടി. നാല് വെള്ളിയും രണ്ട് വെങ്കലവും നേടിയ ഭാരതം 12-ാം സ്ഥാനത്താണ്.
ഭാരതത്തിന് നാല് മെഡലുകള്‍ കൂടി
ഭാരതത്തിന് നാല് മെഡലുകള്‍ കൂടി. രണ്ട് വെള്ളിയും രണ്ട് വെങ്കലവുമാണ് ഇന്നലെ നേടാനായത്. മൂന്ന് മെഡലുകള്‍ ഷൂട്ടിങ്ങില്‍ നിന്നാണ്.
പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍സ് ടീം ഇനത്തില്‍ വെള്ളി നേടി. ഇതേ ഇനത്തിന്റെ വ്യക്തിഗത പോരാട്ടത്തില്‍ ഹിമാന്‍ഷു ധില്ലന്‍, രുദ്രാന്‍ക്ഷ് എന്നിവര്‍ വെള്ളി, വെങ്കല മെഡലുകള്‍ സ്വന്തമാക്കി. വ്യക്തിഗത മെഡലുകള്‍ കരസ്ഥമാക്കിയ ഈ രണ്ട് താരങ്ങള്‍ക്ക് പുറമേ പാര്‍ത്ഥ് മാനെ കൂടി ഉള്‍പ്പെട്ട ടീമാണ് ഇന്നലെ വെള്ളി നേടിയത്.
മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ (എംഎംഎ) വനിതാ താരം സുചിക തരിയാല്‍ വെങ്കലം ഉറപ്പിച്ചു.
സുചിക ഇന്നലെ സെമിയില്‍ പരാജയപ്പെടുകയായിരുന്നു. സെമിയില്‍ തോറ്റാലും വെങ്കലും നേടാന്‍ സാധിക്കും. വനിതകളുടെ പരമ്പരാഗത 60 കിലോ വിഭാഗം എംഎംഎയിലാണ് സുചിക തരിയാല്‍ മത്സരിച്ചത്. സെമിയില്‍ സിംഗപ്പൂരിന്റെ ടോ ഹൂയി ഹൂണിനോടാണ് പരാജയപ്പെട്ടത്.
















