കൊൽക്കത്ത: സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതീക്ഷകളും രാഷ്ട്രത്തിന്റെ വികസന മുൻഗണനകളും ഉൾക്കൊള്ളുന്ന സന്തുലിതവും പുരോഗമനാത്മകവുമായ മാർഗ്ഗരേഖയാണ് 2025 ലെ കേന്ദ്ര ബജറ്റെന്ന് ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദ ബോസ്.
സാധാരണക്കാരുടെ, വിശേഷിച്ചും സ്ത്രീകളുടെയും യുവാക്കളുടെയും കർഷകരുടെയും ജീവിതപ്രശ്നങ്ങൾ തൊട്ടറിഞ്ഞ ക്രാന്തദർശിയായ ധനമന്ത്രിയാണ് നിർമല സീതാരാമനെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്യുന്ന വികസിത് ഭാരത് എന്ന ലക്ഷ്യത്തിലേക്കുള്ള തീവ്രപ്രയാണത്തിന് കരുത്തേകുന്നതാണ് ജീവിതഗന്ധിയായ ഈ ബജറ്റ് . ഇതരസംസ്ഥാനങ്ങൾക്കൊപ്പം ബംഗാളിന്റെയും സുസ്ഥിരപുരോഗതിക്ക് ഇത് വഴി തെളിക്കും.
മനുഷ്യ വിഭവശേഷിയിലും കാർഷിക വൃത്തിയിലും മുന്നിട്ടുനിൽക്കുന്ന പശ്ചിമബംഗാളിന് പുതിയ ബജറ്റ് നിർദേശങ്ങളിൽ നിന്ന് വൻനേട്ടം കൊയ്യാനാകുമെന്നും ഗവര്‍ണർ ആനന്ദബോസ് പറഞ്ഞു.
ബജറ്റ് ഒരു സാമ്പത്തിക രേഖ മാത്രമല്ല, ഒരു രാജ്യത്തിന്റെ ആത്മാവിന്റെ പ്രതിഫലനമാണെന്ന് തെളിയിക്കുന്ന പ്രഖ്യാപനങ്ങളും പദ്ധതികളുമാണ് ഈ ബജറ്റിലുടനീളം കാണാൻ കഴിയുന്നത് – അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: