മൊന്റെവീഡിയോ: അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഉറുഗ്വേയുടെ സൂപ്പര്‍ താരം ലൂയിസ് സുവാരസ്. ശനിയാഴ്ച്ച വെളുപ്പിന് അഞ്ചിന് പരാഗ്വായ്ക്കെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തോടെ സുവാരസ് ബൂട്ടഴിക്കും.
ഉറുഗ്വായ്ക്ക് വേണ്ടി ഇതുവരെ 142 മത്സരങ്ങളില്‍ നിന്ന് 69 ഗോളുകള്‍ നേടി. ടീമിന്റെ ലീഡിങ് ഗോള്‍ സ്കോറര്‍ ആണ് 37കാരനായ സുവാരസ്. 2007ല്‍ ഫെബ്രുവരിയില്‍ കൊളബിയയ്ക്കെതിരെ 19-ാം വയസ്സിലാണ് അരങ്ങേറ്റം കുറിച്ചത്. ഞാന്‍ ഇതേ കുറിച്ച് ഏറെ വിലയിരുത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ വിശ്വസിക്കുന്നു ഇതാണ് ഏറ്റവും പറ്റിയ സമയം- എന്നുപറഞ്ഞുകൊണ്ട് വാര്‍ത്താ സമ്മേളനത്തിന് തുടക്കമിട്ട സുവാരസ് വിതുമ്പലോടെയാണ് സംസാരിച്ചത്.
സുവാരസും ഫോര്‍ലാനും എഡിന്‍സന്‍ കവാനിയും ഉള്‍പ്പെടുന്ന തലമുറയുടെ കാലത്താണ് ഉറുഗ്വേ വീണ്ടും പഴയ പ്രതാപത്തിലേക്ക് ഉയര്‍ന്നത്. നീണ്ട 16 വര്‍ഷത്തിന് ശേഷം ഉറുഗ്വായ് കോപ്പ അമേരിക്ക കിരീടം നേടിയത് ഈ തലമുറയുടെ കാലത്താണ്. 2011ല്‍ ഉറുഗ്വേ കോപ്പ നേടുന്നതില്‍ നിര്‍ണായത പ്രകടനം കാഴ്ച്ചവച്ചത് സുവാരസ് ആയിരുന്നു. ടൂര്‍ണമെന്റില്‍ നാല് ഗോളുകളാണ് സുവാരസിന്റെ ബൂട്ടില്‍ നിന്നും പിറന്നത്. നീണ്ട 40 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഉറുഗ്വേ ലോകകപ്പ് ഫുട്ബോള്‍ സെമിയിലെത്തുന്നതിലും സുവാരസിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: