ബെംഗളൂരു: ബെംഗളൂരുവിൽ എം. എസ്. രാമയ്യ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ മലയാളി യുവാവ് മരിച്ചു. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പുനലൂർ സ്വദേശി സുജയ് സുജാതൻ(34) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ കാർഡിയാക് ഇൻ്റൻസീവ് കെയർ യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്. എസി ഡക്‌റ്റിൽ നിന്നുണ്ടായ തീപിടിത്തം ശ്രദ്ധയിൽപ്പെട്ട നഴ്‌സിങ് ജീവനക്കാർ ആശുപത്രി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ രോഗികളെ അടുത്തുള്ള വാർഡിലേക്ക് സുരക്ഷിതമായി മാറ്റിയെങ്കിലും സുജയുടെ ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ രണ്ട് ആഴ്ചയായി സുജയ് ഇവിടെ ചികിത്സയിലായിരുന്നു. ഉച്ചയോടെ ആശുപത്രിയിലെ സി.സി.യു വാർഡിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപടർന്നത്. തീപിടിത്തത്തിന് പിന്നാലെയുണ്ടായ പുക ശ്വസിച്ചാണ് യുവാവ് മരിച്ചതെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.
ഇതുവരെ മൃതദേഹം കാണാൻ കുടുംബാംഗങ്ങളെ അനുവദിച്ചില്ലെന്നും പരാതിയുണ്ട്. അതേസമയം, തീപ്പിടിത്തത്തിൽ ആർക്കും അപകടമുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
അപകടത്തിൽ നിരവധി നഴ്സിംഗ് ജീവനക്കാർക്ക് പൊള്ളലേറ്റു. ഫയർ ആൻഡ് എമർജൻസി സർവീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് തീയണച്ചത്. സദാശിവ നഗർ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: