ന്യൂദല്‍ഹി: ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥയില്‍ മറ്റൊരു രാജ്യത്തിന്റേയും ഇടപെടല്‍ ആവശ്യമില്ലെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍.
കരുത്തുറ്റ ജനാധിപത്യവും സുതാര്യമായ നീതിന്യായ വ്യവസ്ഥയുമുള്ള രാജ്യമാണ് ഭാരതം. നിയമത്തിന്റെ കാര്യത്തില്‍ മറ്റൊരു രാജ്യത്തിന്റേയും പാഠങ്ങള്‍ ഭാരതത്തിന് ആവശ്യമില്ല, ഉപരാഷ്ട്രപതി പറഞ്ഞു. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ മദ്യനയക്കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അമേരിക്കയും ജര്‍മനിയും അഭിപ്രായപ്രകടനം നടത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ പ്രതികരണം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്റെ എഴുപതാം സ്ഥാപന ദിനാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
ഭാരതത്തില്‍ എല്ലാവരും നിയമത്തിനു മുന്നില്‍ തുല്യരാണ്. താന്‍ നിയമത്തിന് അതീതനാണ് എന്നു തോന്നുന്നവരെ നിയമം അതിന്റെ വഴിക്കു കൊണ്ടു വരും, ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു. നിയമം എപ്പോഴാണോ ശക്തമായി പ്രവര്‍ത്തിച്ചു തുടങ്ങുന്നത് അപ്പോള്‍ത്തന്നെ ചിലര്‍ ഇതിനെക്കുറിച്ച് തെരുവില്‍ വരെ ചര്‍ച്ച തുടങ്ങും. ചിലര്‍ മനുഷ്യാവാകാശത്തെക്കുറിച്ചുള്ള വിചിത്രമായ വ്യാഖ്യാനങ്ങള്‍ അവതരിപ്പിക്കും. അഴിമതി അവസരത്തിലേക്കുള്ള വഴിയല്ല എന്നും ജയിലിലേക്കുള്ള വഴിയാണെന്നും തിരിച്ചറിയണം. അഴിമതിക്കെതിരെ നടപടിയെടുക്കുന്നതിന് എങ്ങനെ സമയം നിശ്ചയിക്കാന്‍ കഴിയും. ഇത് ഉത്സവ സീസനാണ് അതു കൊണ്ട്് അഴിമതിക്കെതിരെ അന്വേഷണം പാടില്ല. ഇത് കാര്‍ഷിക സീസനാണ് അഴിമതിക്കെതിരെ നടപടി പാടില്ല എന്നു പറയാന്‍ കഴിയുമോ? ഉപരാഷ്ട്രപതി ചോദിച്ചു.
ഭാരതത്തിന്റെ നീതിന്യായ സംവിധാനം ജനങ്ങള്‍ക്കു വേണ്ടിയാണ്. അതു കൊണ്ടാണ് ഏത് അര്‍ദ്ധരാത്രിക്കും ഏത് അവധി ദിവസവും കോടതി ചേരുന്നത്, ഉപരാഷ്ട്രപതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: