ജയ്പൂര്‍: രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ അടുത്ത അനുയായിയും മുതിര്‍ന്ന മന്ത്രിയുമായ മഹേഷ് ജോഷിക്ക് കോണ്‍ഗ്രസിന്റെ ആറാം പട്ടികയിലും സീറ്റില്ല. പകരം ആര്.ആര്. തിവാരിയെ ഹവാമഹല്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി. 22 സ്ഥാനാര്‍ഥികളുടെ ആറാമത്തെ പട്ടികയിലാണ് മഹേഷ് ജോഷിയുടെ പേരില്ലാത്തത്. ഗെഹ്ലോട്ട് ക്യാമ്പിനുള്ള ശക്തമായ തിരിച്ചടിയാണ് തീരുമാനം.
സച്ചിന് പൈലറ്റിന്റെ ശക്തമായ സമ്മര്‍ദ്ദംമൂലമാണ് മഹേഷ് ജോഷിയെ ഹൈക്കമാന്‍ഡ് ഒഴിവാക്കിയതെന്നാണ് സൂചന. നേരത്തെ രാജസ്ഥാനിലെ ഹൈക്കമാന്‍ഡ് താനാണെന്ന് ഗെഹ്ലോട്ട് പ്രഖ്യാപിച്ചത് കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ഇതിനുള്ള തിരിച്ചടികൂടിയാണ് ഇപ്പോഴത്തെ തീരുമാനമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ഗെഹ്ലോട്ടിനെ മാറ്റി സച്ചിന് പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ നീക്കം അട്ടിമറിക്കുന്നതിന് നേതൃത്വം നല്‍കിയത് മഹേഷ് ജോഷിയായിരുന്നു. ഗെഹ്ലോട്ട് ക്യാമ്പിലെ ജോഷി ഉള്‍പ്പെടെയുള്ള മൂന്ന് പ്രമുഖരാണ് അന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്. ഇതോടെ സച്ചിന് പൈറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം പരാജയപ്പെടുകയായിരുന്നു.
ജോഷിക്കൊപ്പമുണ്ടായിരുന്ന മന്ത്രി ശാന്തി ധരിവാളിനും ഇതുവരെ ടിക്കറ്റ് നല്‍കിയിട്ടില്ല. ഇദ്ദേഹത്തിന്റെ മണ്ഡലമായ കോട്ട നോര്‍ത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ സസ്പെന്‍സ് നിലനിര്‍ത്തുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ധര്‍മ്മേന്ദ്ര റാത്തോഡ് നിലവില്‍ എംഎല്‍എ അല്ല. ഇദ്ദേഹത്തിനും ടിക്കറ്റ് ലഭിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.
ഗെഹ്ലോട്ട് വിഭാഗത്തെ വെട്ടിനിരത്താന്‍ തുടങ്ങിയതോടെ ഒരു പൊട്ടിത്തെറിയുടെ വക്കിലാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രിയാവാന്‍ സാധിക്കാത്തതിന്റെ നിരാശയില്‍ സച്ചിന് പൈലറ്റ് പ്രതികാരത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഗെഹ്ലോട്ട് വിഭാഗം ആരോപിക്കുന്നത്. ഇത്തം നടപടികള്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സച്ചിന് പൈലറ്റിന്റെ അനുയായികള്‍ക്കെല്ലാം പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം നല്കിയതും ഗെഹ്ലോട്ട് ക്യാമ്പിനെ രോഷം കൊള്ളിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പരാജയം സംഭവിച്ച പോലെയാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: