സാങ്കേതിക രംഗത്ത് രാജ്യം കൈവരിച്ച നേട്ടങ്ങള്‍ പ്രകടമാക്കാന്‍ ഹാങ്ചോ ഏഷ്യന്‍ ഗെയിംസ് പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ച് ഉറപ്പിച്ച ചൈന ദീപശിഖാ പ്രയാണത്തില്‍ ഓണ്‍ലൈന്‍ പങ്കാളിത്തം സാധ്യമാക്കി. ജൂണ്‍ 15-നു തുടങ്ങിയ ഓണ്‍ലൈന്‍ ദീപശിഖാ റാലിയില്‍ ഇതിനകം കോടിക്കണക്കിനു കായിക പ്രേമികള്‍ പങ്കെടുത്തു. ഇന്ന് ഉദ്ഘാടനത്തിലെ ദീപം തെളിക്കലിനൊപ്പം ഓണ്‍ലൈന്‍ പങ്കാളികള്‍ തങ്ങളുടെ മൊബൈല്‍ ഫോണ്‍ ലൈറ്റ് വീശിക്കാണിക്കും.2008 ല്‍ ബെയ്ജിങ് ഒളിംപിക്സ് ദീപശിഖാ റാലി എവറസ്റ്റ് കൊടുമുടിയിലൂടെ കടത്തിവിട്ട ചരിത്രം ചൈനക്കുണ്ട്.
തുടരെപ്പെയ്യുന്ന മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും സംഘാടകരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഹാങ്ചോ ഒളിംപിക് സ്പോര്‍ട്സ് സെന്ററില്‍ നിശ്ചയിച്ചിരിക്കുന്ന ഉദ്ഘാടനച്ചടങ്ങുകള്‍ മഴ കനത്താല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്കു മാറ്റാന്‍ സാധ്യതയുണ്ട്. പക്ഷേ, ഇന്നലെ ഒളിംപിക് സ്പോര്‍ട്സ് സെന്ററില്‍ ആരെയും പ്രവേശിപ്പിച്ചില്ല. അങ്ങോട്ട് ബസ് സര്‍വീസും ഒഴിവാക്കിയിരുന്നു. ചൈനയുടെ പ്രസിഡന്റ് ഷി ജിന്‍ പിങ് ഉദ്ഘാടനത്തിന് എത്തുമെന്നാണ് മുന്നൊരുക്കങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് പ്രസിഡന്റ് പി.ടി.ഉഷ പാര്‍ലമെന്റ് സമിതിക്കൊപ്പം പാരഗ്വേ സന്ദര്‍ശനത്തിലായതിനാല്‍ ഉദ്ഘാടനത്തിന് എത്തില്ല. സ്പോര്‍ട്സ് മന്ത്രി അനുരാഗ് ഠാക്കുറും വരുന്നില്ലെന്ന് ഭാരത്തിന്റെ പ്രസ്സ് അറ്റാഷെ രാജാ രാമന് പറഞ്ഞു. രണ്ടു പേരാണ് ഉദ്ഘാടന മാര്‍ച്ച് പാസ്റ്റില്‍ ഭാരതത്തിന്റെ ത്രിവര്‍ണ പതാക പിടിക്കുക. ഹോക്കി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങും ടോക്കിയോ ഒളിംപിക്സില്‍ വെങ്കലം നേടിയ ബോക്
സിങ് താരം ലൗലീനാ ബോര്‍ഗോ ഹെയ്നും.
ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിന് ഭാരത്തില്‍ നിന്ന് നൂറോളം മാധ്യമ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്തവണ വളരെ കുറവാണ്. 69 പേര് അക്രഡിറ്റേഷന് അപേക്ഷിച്ചെങ്കിലും ഏറെപ്പേര്‍ പിന്‍വാങ്ങി.അക്രഡിറ്റേഷന് കിട്ടിയവരില്‍ തന്നെ പലരും വരുന്നില്ല. മാധ്യമ മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണു കാരണമായി പറയപ്പെടുന്നത്. കേരളത്തില്‍ നിന്ന് ഈ ലേഖകന്‍ ഉള്‍പ്പെടെ ആറു പേര് മാത്രം. ജക്കാര്‍ത്തയില്‍ 12 പേര് ഉണ്ടായിരുന്നു.
പിന്‍വാങ്ങിയവര്‍ അറിയിക്കാത്തതിനാല്‍ എത്രപേര്‍ എത്തിയെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് പ്രതിനിധികള്‍ക്കും നിശ്ചയമില്ല.
പത്തൊന്‍പതാം ഏഷ്യന്‍ ഗെയിംസില്‍ ഏഷ്യയുടെ തനതു കായിക ഇനങ്ങളായി വുഷുവും സെപക് താക്രോയുമാണ് സംഘാടകര്‍ ഉയര്‍ത്തിക്കാട്ടുന്നത്. സംഘാടക സമിതി സെക്രട്ടറി ജനറല്‍ ചെന്‍ വെയ്ക്വാങ്ങിന്റെ വിശദീകരണത്തില്‍ സകേറ്റ് ബോര്‍ഡിങ്ങും ഇ സ്പോര്‍ട്സുമാണ് പുതുതലമുറയ്ക്കായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ബാഡ്മിന്റന്‍ മത്സരങ്ങളുടെ ടിക്കറ്റിനാണ് ആവശ്യക്കാര്‍ ഏറെയെന്നു ചൈനയുടെ സ്പോര്‍ട്സ് റിപ്പോര്‍ട്ടര്‍മാര്‍ പറയുന്നു.ഒപ്പം ബാഡ്മിന്റന്‍ സൂപ്പര്‍ താരം ചെന്‍ യുഫെയ് തന്റെ മാതാപിതാക്കള്‍ക്ക് ടിക്കറ്റ് കിട്ടാതെ വരുമോയെന്ന് ആശങ്കപ്പെട്ടതായും പറഞ്ഞു.
സാങ്കേതിക മേന്മയിലേക്കു മടങ്ങി വന്നാല്‍ വൈഫൈ സൗകര്യം പറയാതിരിക്കാനാവില്ല. പ്രധാന പ്രസ് സെന്ററിലും മീഡിയ വില്ലേജിലും 56 വേദികളിലും ഒരേ വൈ ഫൈ കണക്ഷന് ഉപയോഗിക്കാമെന്നത് വലിയ ആശ്വാസമാണ്.
വേദികളില്‍ എത്താന്‍ പലപ്പോഴും രണ്ടു ബസ് മാറിക്കയറണം. ട്രാഫിക് സിഗ്നലുകളിലെ താമസം കൂടി കണക്കിലെടുക്കുമ്പോള്‍ കളി സമയം കണക്കാക്കി വളരെ നേരത്തെ ഇറങ്ങണം. ഇതും സ്ഥലസൗകര്യം കൂടിയതുകൊണ്ടു വരുന്ന നീണ്ട നടപ്പും ഒഴിച്ചാല്‍ സംതൃപ്തരാണ് എല്ലാവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: