ഭാരതവും കാനഡയും തമ്മില്‍ നയതന്ത്ര മേഖലയില്‍ നടന്നുവരുന്ന ഏറ്റുമുട്ടലുകളാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. ഭാരതം ആതിഥ്യമരുളിയ ദല്‍ഹിയിലെ ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ എത്തിയിരുന്നു. ട്രൂഡോയുടെ വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചതിനാല്‍ മടക്കയാത്ര രണ്ട് ദിവസം വൈകിയതും, ട്രൂഡോയുടെ സുരക്ഷാഭടന്മാര് താമസസ്ഥലത്തെച്ചൊല്ലിയുണ്ടാക്കിയ അനാവശ്യമായ പ്രശ്നങ്ങളുമൊക്കെ വാര്‍ത്തകളില്‍ ഇടംപിടിച്ചു. ഇതിനുപിന്നാലെയാണ് കാനഡയിലെ ഭാരത നയതന്ത്ര പ്രതിനിധിയെ ആ രാജ്യം പുറത്താക്കിയത്. ഇതിനുള്ള തിരിച്ചടിയെന്നോണം കാനഡയുടെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധിയെ ഭാരതവും പുറത്താക്കി. അഞ്ച് ദിവസത്തിനകം രാജ്യം വിടണമെന്നും നിര്‍ദേശിച്ചു. ഖാലിസ്ഥാന്‍ ഭീകരനും കനേഡിയന്‍ പൗരനുമായ ഹര്‍ദീപ്സിങ് നിജ്ജാര്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നില്‍ ഭാരതമാണെന്ന് ആരോപിച്ച പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ഇക്കാര്യം ഉച്ചകോടിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ആവര്‍ത്തിക്കുകയും ചെയ്തു. കാനഡയില്‍ നടന്ന ഏതെങ്കിലും അക്രമ സംഭവങ്ങളുമായി ഭാരതത്തിന് പങ്കില്ലെന്നും, തെളിവുകളില്ലാതെ ഇത്തരം ആരോപണമുന്നയിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഭാരത വിദേശകാര്യ വക്താവ് വ്യക്തമാക്കുകയുണ്ടായി. ജസ്റ്റിന് ട്രൂഡോയുടെയും കനേഡിയന്‍ വിദേശകാര്യമന്ത്രിയുടെയും ആരോപണങ്ങള്‍ തള്ളിക്കളയുകയാണെന്നും ഭാരതം നിലപാടെടുത്തു.
ഭാരതത്തിലും കാനഡയിലുമുള്ള സ്വന്തം പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ ഇരുരാജ്യങ്ങളും ഔദ്യോഗികമായി ആവശ്യപ്പെട്ടിരിക്കുകയാണ്. ഹിന്ദുക്കള്‍ കാനഡ വിടണമെന്ന് അവിടെക്കഴിയുന്ന ഖാലിസ്ഥാന്‍ നേതാവ് ഗുര്‍പ്പന്ത് സിങ് അന്ത്യശാസനം നല്‍കിയതോടെയാണ് ഭാരതത്തിന്റെ ഭാഗത്തുനിന്ന് മുന്‍കരുതലെന്ന നിലയ്ക്ക് ഇങ്ങനെയൊരു നടപടിയുണ്ടായത്. ഭാരതത്തെ പ്രകോപിപ്പിക്കാനോ സംഘര്‍ഷമുണ്ടാക്കാനോ അല്ല ശ്രമിക്കുന്നതെന്ന് ജസ്റ്റിന് ട്രൂഡോ പറയുകയുണ്ടായി. എന്നാല്‍ ഇതിനു വിരുദ്ധമായിരുന്നു സിഖ് ഭീകരന്റെ കൊലപാതകത്തിനു പിന്നില്‍ ഭാരതത്തിന്റെ കൈകളാണെന്ന ട്രൂഡോയുടെ ആരോപണം. ഇക്കാര്യത്തില്‍ ഭാരതത്തിനെതിരെ സ്വന്തം സഖ്യകക്ഷികളായ അമേരിക്കയുടെയും ബ്രിട്ടന്റെയും ആസ്ട്രേലിയയുടെയുമൊക്കെ പിന്തുണ കാനഡ തേടിയെങ്കിലും ഈ രാജ്യങ്ങള്‍ അതിന് വിസമ്മതിച്ചു. ഇത് ട്രൂഡോ പ്രതീക്ഷിച്ചതല്ല. ഈ രാജ്യങ്ങളുടെ പിന്തുണ ലഭിക്കാതെ വന്നതോടെ ട്രൂഡോ ഒന്നുകൂടി ഒറ്റപ്പെട്ടു. മാറിയ സാഹചര്യത്തില്‍ ഒരു വന്‍ശക്തിയായാണ് ഭാരതത്തെ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കാണുന്നത്. ഭാരതവുമായുള്ള നയതന്ത്ര ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്താന്‍ ഒരു തരത്തിലും ഈ രാജ്യങ്ങള്‍ ആഗ്രഹിക്കുന്നില്ല. ജി-20 ഉച്ചകോടിയില്‍ ലോകനേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു കാണിച്ച ആദരവ് ഇതിനു തെളിവാണ്. ഇതൊന്നും ശരിയായി മനസ്സിലാക്കാതെയാണ് തന്റെ രാജ്യവുമായി യാതൊരു താരതമ്യവുമില്ലാത്ത ഭാരതവുമായി ട്രൂഡോ ഏറ്റുമുട്ടാനൊരുങ്ങിയത്.
ഭാരതവിരുദ്ധരായ ഖാലിസ്ഥാന്‍ ഭീകരവാദികളുടെ താവളമായി കാനഡ മാറിയിട്ട് വളരെക്കാലമായി. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഖാലിസ്ഥാന്‍ ഭീകരവാദികള്‍ സൃഷ്ടിച്ച കനിഷ്ക വിമാനദുരന്തത്തിനു പിന്നില്‍ കാനഡയുടെ കയ്യുണ്ടെന്ന് കരുതപ്പെടുന്നു. കാനഡയില്‍ അക്രമാസക്ത പ്രക്ഷോഭങ്ങളും പ്രചാരണവും നടത്തുന്ന ഖാലിസ്ഥാന്‍ ഭീകരര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഭാരതം നിരന്തരം ആവശ്യപ്പെട്ടിട്ടും കാനഡയുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമല്ല ഉണ്ടായിട്ടുള്ളത്. ഖാലിസ്ഥാന്‍ ഭീകരവാദികള്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ വധിക്കുന്നതിന്റെ നിശ്ചലദൃശ്യം ഒരു പ്രകടനത്തില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. കനേഡിയന്‍ സര്‍ക്കാരില്‍നിന്നു ലഭിക്കുന്ന തന്ത്രപരമായ പിന്തുണയാണ് ഇത്തരം ചെയ്തികള്‍ക്ക് ഭീകരരെ പ്രേരിപ്പിക്കുന്നത്. ഇത്തരം പ്രവൃത്തികള്‍ക്കെതിരായുള്ള ഭാരതത്തിന്റെ പ്രതിഷേധം നിലനില്‍ക്കുമ്പോഴാണ് ഖാലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊല്ലപ്പെടുന്നത്. ഇപ്പോഴിതാ കൊടുംകുറ്റവാളിയായ സുഖ്ദൂള്‍ സിങ്ങും കാനഡയില്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരിക്കുന്നു. 2017 ല്‍ വ്യാജരേഖ നിര്‍മിച്ച് ഭാരതത്തില്‍നിന്ന് കടന്നുകളഞ്ഞയാളാണ് സുഖ്ദൂള്‍. എന്‍ഐഎ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കൊലചെയ്യപ്പെട്ടിരിക്കുന്നത്. ഭാരതത്തിനെതിരായ ഭീകരപ്രവര്‍ത്തനം ലോകത്തിന്റെ ഏതുകോണില്‍ നടന്നാലും അംഗീകരിക്കില്ലെന്നും നേരിടുമെന്നുമാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയം. ഇതിനെ നയതന്ത്രബന്ധവുമായി കൂട്ടിക്കുഴക്കേണ്ടതില്ല. കാനഡയുമായുള്ള ഇപ്പോഴത്തെ പ്രശ്നം ഒട്ടുംവൈകാതെ പരിഹരിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. അതിന്റെ സൂചനകള്‍ ഇതിനോടകം ലഭിച്ചുകഴിഞ്ഞു. അതിനാല്‍ പഠനത്തിനും ജോലിക്കുമായി ആ രാജ്യത്തേക്കു പോയിട്ടുള്ളവര്‍ ഒരുതരത്തിലും ഭയപ്പെടേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: