തിരുവനന്തപരും: വാക്സിന് വിതരണത്തിലെ ക്രമക്കേടിലും അപാകതയിലും പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ (ഡിഎംഒ) ഉപരോധിച്ചു. വാക്സിന് വിതരണം വ്യവസ്ഥാപിതമാക്കണം, ടോക്കന്‍ സംവിധാനത്തിലെ ക്രമക്കേട്, ആമ്പുലന്‍സ് ലഭ്യത, വാക്സിന് വിതരണത്തിലെ കേന്ദ്രീകൃത സംവിധാനം എന്നിങ്ങനെ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡിഎംഒയെ കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചത്. എന്നാല്‍ എം.ആര്. ഗോപന്റെ നേതൃത്വത്തിലുള്ള ബിജെപി കൗണ്‍സിലര്‍മാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഡിഎംഒ അംഗീകരിച്ചതിനെ തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ ഉപരോധം അവസാനിപ്പിച്ചു. എം.ആര്. ഗോപന്, ഗിരികുമാര്‍, ഡി.ജി. കുമാരന്, നന്ദ ഭാര്‍ഗവ്, കെ.കെ. സുരേഷ് എന്നിവരാണ് ഡിഎംഒ ഓഫീസ് ഉപരോധിച്ചത്.
വാക്സിന് വിതരണം സംബന്ധിച്ച് ആര്‍ക്കും ധാരണയില്ലാത്ത അവസ്ഥയാണെന്ന് എം.ആര്. ഗോപന്പറഞ്ഞു. വാക്സിന് വിതരണം വ്യവസ്ഥാപിതമായി നടക്കുന്നില്ല. ഇതുസംബന്ധിച്ച് കൗണ്‍സിലര്‍മാര്‍ ഡിഎംഒ ഓഫീസുമായി പലതവണ ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിക്കാറില്ല. വാക്സിന് വിതരണം കേന്ദ്രീകൃതമാക്കാത്തതുകൊണ്ടുള്ള ബുദ്ധിമുട്ടാണിത്.
വാക്സിന് സ്വീകരിക്കുന്നവര്‍ സെന്ററില്‍ എത്തി ടോക്കന്‍ എടുത്ത് മണിക്കൂറുകള്‍ കാത്തിരിക്കുമ്പോഴാണ് വാക്സിന് ഇല്ലെന്ന മറുപടി ലഭിക്കുന്നത്. ഇത് പൊതു ജനങ്ങള്‍ക്കും അവരെ പ്രതിനിധാനം ചെയ്യുന്ന ജനപ്രതിനിധികള്‍ എന്ന നിലയ്ക്ക് കൗണ്‍സിലര്‍മാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തില്‍ ചോദിച്ചാല്‍ ഡിഎംഒയാണ് കൈകാര്യം ചെയ്യുന്നതെന്ന മറുപടിയാണ് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ടോക്കന്‍ സംവിധാനത്തില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന് ഗിരികുമാര്‍ പറഞ്ഞു. കേന്ദ്രങ്ങളില്‍ 200 വാക്സിന് ഉണ്ടെങ്കിലും 100 ഓളം ടോക്കണുകളാകുമ്പോള് തന്നെ വാക്സിന് തീര്‍ന്നെന്ന് അറിയിക്കുന്നു. കഴിഞ്ഞ ദിവസം ജനറല്‍ ആശുപത്രിയില്‍ സമാനമായ സംഭവം ഉണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് സ്ഥിരീകരിച്ചവരെ ആശുപത്രിയിലേക്കോ കൊറന്റയിന്‍ കേന്ദ്രത്തിലേക്കോ മാറ്റുന്നതിന് ആമ്പുലന്‍സ് സംവിധാനം ലഭിക്കുന്നത് ആറും ഏഴും മണിക്കൂറുകള്‍ കഴിഞ്ഞാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വാക്സിന് വിതരണത്തിന് കേന്ദ്രീകൃത സംവിധാനം ഒരുക്കാമെന്നും വാക്സിന്റെ സ്റ്റോക്കുകള്‍ കൃത്യമായി കൗണ്‍സിലര്‍മാരെ അറിയിക്കുമെന്നും ഇതു സംബന്ധിച്ച് എല്ലാ മെഡിക്കല്‍ സെന്ററുകളിലും റിപ്പോര്‍ട്ടു നല്‍കാമെന്നും അടുത്തദിവസം മുതല്‍ കൃത്യമായി വാക്സിന് വിതരണം നടക്കുമെന്നും ഡിഎംഒ ഉറപ്പു നല്‍കിയതായി കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: