കോഴിക്കോട്: ജമാ അത്തെ ഇസ്ലാമിയുമായി സഹകരിക്കാത്തതിന്റെ പേരില്‍ പുറത്താക്കപ്പെട്ട പ്രവര്‍ത്തകരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി ഓഫീസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കോഴിക്കോട് മുക്കത്ത് നിന്നുള്ള പ്രവര്‍ത്തകരാണ് നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നത്.
നൂറോളം പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയ സഖ്യത്തെ എതിര്‍ത്തവരാണ് ഇവര്‍. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നടന്ന കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ ഈ പ്രവര്‍ത്തകരില്‍ പലരും വിജയിച്ചു. എന്നാല്‍ ചുമതലയേറ്റെടുക്കാന്‍ ഡിസിസി നേതൃത്വം അനുവദിച്ചിരുന്നില്ല.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ചിരുന്ന മൂന്ന് സീറ്റുകള്‍ പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നല്‍കിയിരുന്നു. ഇതിനെപ്പറ്റി പ്രതിഷേധിച്ച പ്രാദേശിക നേതാക്കളെ ഡിസിസി നേതൃത്വം സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. വര്‍ഗീയ സംഘടനകളുമായി ധാരണ പാടില്ലെന്ന പാര്‍ട്ടി നിര്‍ദേശം അംഗീകരിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും ജമാ അത്തെ ഇസ്ലാമി നേതക്കാളുടെ സമ്മര്‍ദ്ദമാണ് തങ്ങളോട് കാണിക്കുന്ന അവഗണനയ്ക്ക് പിന്നിലെന്നും നേതാക്കള്‍ പറഞ്ഞു. അതേസമയം നിയമസഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നേതൃത്വം ഇവരുമായി രഹസ്യ സഖ്യത്തിലാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: