ന്യൂദല്‍ഹി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്റെ മുസ്ലിംലീഗ് യോഗത്തിലെ വിവാദ പ്രസ്താവനയ്ക്കെതിരെ ക്രൈസ്തവ സമൂഹത്തില്‍ വലിയ എതിര്‍പ്പുയരുന്നു. ചാണ്ടി ഉമ്മനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും ക്രൈസ്തവരോട് മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് ബിജെപി ന്യൂനപക്ഷ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ ദല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ജന്ദര്‍മന്തറില്‍ നടന്ന പ്രതിഷേധത്തില്‍ ചാണ്ടി ഉമ്മന്റെ കോലം കത്തിച്ചു.
ആഗോളതലത്തിലുള്ള ക്രിസ്ത്യാനികളുടെ അഭിമാന സ്തംഭമായ ഹാഗിയ സോഫിയയെ മസ്ജിദാക്കി മാറ്റിയ ഇസ്ലാമിക ഭീകരവാദി എര്‍ദോഗന്റെ നടപടിയെ ന്യായീകരിച്ച ഏക ക്രിസ്ത്യാനിയായി ചാണ്ടി ഉമ്മന്‍ മാറിയിരിക്കുകയാണെന്ന് ബിജെപി ന്യൂനപക്ഷമോര്‍ച്ച കണ്‍വീനര്‍ അഡ്വ. ജോജോ ജോസ് കുറ്റപ്പെടുത്തി. ചാണ്ടി ഉമ്മന്‍ മുസ്ലിം ലീഗിന്റെ യോഗത്തില്‍ നടത്തിയ പ്രസ്താവന ഏറെ പ്രകോപനകരമാണ്. ക്രൈസ്തവ ദേവാലയത്തെ മസ്ജിദാക്കിയ നടപടിയെ ചാണ്ടി ഉമ്മന്‍ ന്യായീകരിച്ചിരിക്കുകയാണ്.
യൂറോപ്പിലും അമേരിക്കയിലും ക്രൈസ്തവ ദേവാലയങ്ങള്‍ ഡാന്‍സ് ബാറുകളും റസ്റ്റോറന്റുകളുമായി മാറുന്നതിനെ എന്തിന് എതിര്‍ക്കണമെന്നും ചാണ്ടി ഉമ്മന്‍ ചോദിക്കുന്നു. ഇതാണോ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടെന്ന് നേതൃത്വം വിശദീകരിക്കണം.
ഹലാല്‍ വിഷയത്തില്‍ ചാണ്ടി ഉമ്മന്‍ നടത്തിയ പ്രസ്താവനയും ഏറെ ഗൗരവകരമാണ്. മാംസ വ്യാപാരം നടത്തുന്ന ക്രൈസ്തവരുടെ പക്കല്‍ നിന്ന് ഹലാല്‍ അല്ലെന്ന കാരണത്താല്‍ മാംസം വാങ്ങാതിരിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്ന അപകടത്തെപ്പറ്റി ക്രൈസ്തവ സമൂഹത്തിന് ബോധ്യമുണ്ടെന്നും അഡ്വ. ജോജോ ജോസ് പറഞ്ഞു. സണ്ണി ജോസഫ്, അഭിലാഷ് ജോര്‍ജ്ജ്, ഷാജന് തോമസ്, ജോബി ദേവസ്സി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: