മൂന്നാര്‍: രാജമല പെട്ടിമുടി ദുരന്തം നടന്ന് ഒരു മാസം പിന്നിടുമ്പോള്‍ അകാലത്തില്‍ പൊലിഞ്ഞ ബന്ധുക്കളുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥനാനിതരമാവുകയാണ് പെട്ടിമുടി.
കഴിഞ്ഞമാസം ആറാം തീയതി രാത്രി 11 മണിയോടെ നടന്ന അപകടം ഒരുമാസം പിന്നിടുമ്പോളും അപകടത്തിന്റെ തീവ്രത സ്ഥലത്തെമ്പാടും തളം കെട്ടി കിടക്കുകയാണ്. ഇടയ്‌ക്കെത്തുന്ന മഴ അപകടത്തിന്റെ സ്മൃതിയുണര്‍ത്തുന്നു. ആര്‍ത്തലച്ചൊഴുകിയ കരിന്തരിയാര്‍ ദുരന്തത്തിന്റെ ഓര്‍മ്മകളും പേറി ശാന്തമായി ഒഴുകുന്നു.
പശ്ചിമഘട്ട മലനിരകളിലെ ഏറ്റവും ഉയരം കൂടി മലകളിലൊന്നായ ആനമുടിയുടെ താഴ്‌വാരമാണ് പെട്ടിമുടി. ഹൈന്ദവ ആചാരപ്രകാരം മുപ്പതാം ദിവസം നടത്തുന്ന ചടങ്ങുകള്‍ക്കായി തമിഴ്നാട്ടില്‍ നിന്ന് നിരവധി ബന്ധുക്കള്‍ പെട്ടിമുടിയില്‍ എത്തിയിട്ടുണ്ട്.
രാജമലയ്‌ക്ക് സമീപം മൂന്നിടങ്ങളിലായാണ് മരിച്ച 66 പേരെയും സംസ്‌കരിച്ചിട്ടുള്ളത്. ദുരന്തസമയത്ത് എത്തുവാന്‍ സാധിക്കാത്ത നിരവധി പേര്‍ ഈ ചടങ്ങുകളിലെങ്കിലും സംബന്ധിക്കുവാനുള്ള ആഗ്രഹത്തോടെയാണ് എത്തുന്നത്. മരിച്ചവരെ സംസ്‌കരിച്ച സ്ഥലത്ത് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുമ്പോള്‍ വികാരം നിയന്ത്രിക്കാനാവാതെ നിരവധി പേര്‍ പൊട്ടിക്കരഞ്ഞു. മരിച്ചവരുടെ ഇഷ്ടപ്പെട്ട ഭക്ഷണ വസ്തുക്കള്‍ മണ്‍കൂനയ്‌ക്ക് മുകളില്‍ വച്ച് പ്രാര്‍ത്ഥിക്കാനെത്തിയവരും നിരവധി പേരായിരുന്നു. പൊതുചടങ്ങുകളില്‍ ഇല്ലാതെ ബന്ധുക്കള്‍ മാത്രമാണ് ചടങ്ങുകള്‍ നടത്തുന്നത്. അപകടത്തില്‍പ്പെട്ട 4 പേരെ ഇനിയും കണ്ടെത്താനുണ്ട്.
അധ്യാപക ദിനത്തില്‍ വിദ്യാര്‍ത്ഥികളുടെ വിരഹവേദനയുമായി അധ്യാപകരും പെട്ടിമുടിയിലെത്തി. വിവിധ സ്‌കൂളുകളില്‍ പഠിച്ചിരുന്ന 19 വിദ്യാര്‍ത്ഥികളുടെ ജീവനാണ് ദുരന്തത്തില്‍ പൊലിഞ്ഞത്. ഇതിലൊരാളെ ഇനിയും കണ്ടെത്താനുണ്ട്. നാല് കുട്ടികള്‍ പഠിച്ചിരുന്ന ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലെ അധ്യാപകരാണ് ഇവരുടെ ഓര്‍മകളുമായി അധ്യാപക ദിനത്തിലെത്തിയത്. പ്രിയപ്പെട്ട കുട്ടികളെ സംസ്‌കരിച്ച സ്ഥലത്ത് പൂക്കള്‍ സമര്‍പ്പിച്ചും മെഴുകുതിരി തെളിച്ചും അധ്യാപകര്‍ പ്രാര്‍ത്ഥിച്ചു, തീരാനോവ് മാറാതെ….
പ്രതികരിക്കാൻ ഇവിടെ എഴുതുക: