ആലപ്പുഴ: രാജ്യത്തിന്റെ അതിര്‍ത്തി കേവലം ഒരു വര മാത്രമാണെന്ന് സിപിഎം പോഷകസംഘടനയായ പുരോഗമന കലാസാഹിത്യസംഘം ജനറല്‍ സെക്രട്ടറി അശോകന് ചരുവില്‍. മനുഷ്യരില്‍ യുദ്ധപ്പനി ഉണ്ടാക്കുന്ന പ്രവര്‍ത്തനം രാജ്യസ്നേഹമാണെന്ന് ഞാന്‍ കരുതുന്നില്ല. രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ സംഘട്ടനം നടത്തി മനുഷ്യര്‍ കൊല്ലപ്പെടുന്നതു പോലെത്തന്നെ, ഒരുപക്ഷേ അതിലേറെ ലജ്ജാകരമാണ് യുദ്ധത്തില്‍ ആളുകള്‍ മുറിവേറ്റ് മരിക്കുന്നത്.
കാരണം രാഷ്ട്രീയപാര്‍ട്ടികളേക്കാള്‍ ഉത്തരവാദിത്തം പുലര്‍ത്തേണ്ടവരാണല്ലോ ഭരണാധികാരികള്‍. ഒരു വരക്കപ്പുറം ശത്രു; ഇപ്പുറം മിത്രം എന്ന് മനുഷ്യവംശത്തെ വേര്‍തിരിക്കുന്നതില്‍പ്പരം ക്രൂരത ഇല്ല. രാഷ്ട്രീയ സംഘട്ടനത്തില്‍ ആളുകള്‍ കൊല്ലപ്പെടുമ്പോള്‍ ‘മകനെന്നല്ലോ നിന്റെ പേര് ‘ എന്ന് വിലാപകവിതയെഴുതുന്നവര്‍ യുദ്ധങ്ങളില്‍ ആളുകള്‍ തമ്മില്‍ കൊല്ലുമ്പോഴും ചാവുമ്പോഴും വാഴ്ത്തുപാട്ട് പാടുന്നത് കണ്ടിട്ടുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
”യുദ്ധങ്ങളില്‍ ആകെ ജയിക്കുന്നത് ഇരുരാജ്യങ്ങളിലെയും ഭരണാധികാരികള്‍ മാത്രമാണ്. അവരുണ്ടാക്കുന്ന ദുരിതങ്ങള്‍ യുദ്ധപ്പനിയില്‍ പെട്ട് ജനങ്ങള്‍ മറക്കും. അങ്ങനെ പിന്നീടുള്ള തെരഞ്ഞെടുപ്പിനെ നിഷ്പ്രയാസം അതിജീവിക്കാന്‍ അവര്‍ക്കു കഴിയുന്നു. ബഷീര്‍ പറഞ്ഞതാണ് പ്രതിവിധി: രാഷ്ട്രത്തലവന്മാര്ക്ക് വരട്ടുചൊറി വരാന്‍ ദൈവം തമ്പുരാന് ഇടപെടട്ടെ.”
രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കാന്‍ ജീവത്യാഗം ചെയ്ത സൈനികരുടെ വീരചരമത്തില്‍ നാട് ഒന്നാകെ വിലപിക്കുമ്പോഴാണ് അതിനെ വാഴ്ത്തുപാട്ട് എന്ന് പറഞ്ഞ് ഇടതുസാഹിത്യകാരന് അധിക്ഷേപിക്കുന്നത്. 1962ലെ യുദ്ധകാലത്ത് ചൈന അവരുടേതെന്നും, ഇന്ത്യ ഇന്ത്യയുടേതെന്നും അവകാശപ്പെടുന്ന ഭൂമിക്ക് വേണ്ടിയുള്ള യുദ്ധമെന്ന രാജ്യവിരുദ്ധ നിലപാട് സ്വീകരിച്ച ഇംഎംസിന്റെയും, യുദ്ധത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ സൈനികര്‍ക്ക് രക്തം നല്‍കിയതിന് വി. എസ്. അച്യുതാനന്ദനെ പാര്‍ട്ടിയില്‍ തരംതാഴ്ത്തുകയും ചെയ്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യഥാര്‍ത്ഥ പിന്‍ഗാമികളാണ് ഇടതുസാഹിത്യകാരന്മാരെന്ന് വ്യക്തമാക്കുന്നതാണ് അശോകന് ചരുവിലിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: