ലണ്ടന്‍: 1990ലെ ലോകകപ്പ് ഫൈനലിന് മുമ്പ് മറഡോണയെ പുറത്താക്കാന്‍ കഴിയുമായിരുന്നെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അന്ന് മത്സരം നിയന്ത്രിച്ച റഫറി എഡ്ഗാര്‍ഡോ കൊഡീസല്‍.
പശ്ചിമ ജര്‍മനിയും അര്‍ജന്റീനയും തമ്മിലായിരുന്നു കലാശപ്പോരാട്ടം. മത്സരം തുടങ്ങുന്നതിന് മുമ്പ് ടീമുകളുടെ ദേശീയ ഗാനം മുഴങ്ങുന്നതിനിടെ മറഡോണ നിര്‍ത്താതെ ചീത്ത വിളിച്ചുകൊണ്ടിരുന്നു. കിക്കോഫിന് മുമ്പ് തന്നെ അയാളെ ചുവപ്പ് കാര്‍ഡ് കാണിച്ച് പുറത്താക്കുന്നതിനെക്കുറിച്ച് താന്‍ ചിന്തിച്ചെന്ന് കൊഡീസല്‍ വെളിപ്പെടുത്തി.
ദേശീയഗാനം മുഴങ്ങുന്നതിനിടെ ചീത്തവിളിച്ച മറഡോണയെ തനിക്ക് പുറത്താക്കാന്‍ കഴിയുമായിരുന്നു. രണ്ട് അര്‍ജന്റീനിയന്‍ കളിക്കാര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ ഫൈനലില്‍ പശ്ചിമ ജര്‍മനി 1-0ന് വിജയിച്ചു. മത്സരത്തിനിടെ മറഡോണ തന്നെ കള്ളനെന്ന് വിളിച്ചതായും കൊഡീസല്‍ അവകാശപ്പെട്ടു. മോണ്‍സണെ പുറത്താക്കാന്‍ തീരുമാനിച്ചപ്പോഴാണ് മറഡോണ തന്റെ സമീപമെത്തി കള്ളനെന്ന് വിളിച്ചത്.
കളിക്കളത്തില്‍ മഹാത്തായ കാര്യങ്ങള്‍ ചെയ്തയാളാണ് മറഡോണ. ഫുട്ബോളറെന്ന നിലയില്‍ അദ്ദേഹം മഹാനാണ്. എന്നാല്‍ ജീവിതത്തില്‍ ഞാന്‍ അറിയപ്പെട്ടതില്‍ ഏറ്റവും മോശം വ്യക്തികളില്‍ ഒരാളാണ് മറഡോണയെന്ന് കൊഡീസല്‍ പറഞ്ഞു.
ഫൈനലിലെ തോല്‍വിക്കുശേഷം മറഡോണ കൊഡീസലിനെതിരെ ആരോപണം ഉന്നയിച്ചു. ഇറ്റലിക്കാരെ സന്തോഷിപ്പിക്കാനാണ് കൊഡീസല്‍ അര്‍ജന്റീനക്കെതിരെ അവസാന നിമിഷം പെനാല്‍റ്റി അനുവദിച്ചെന്നായിരുന്നു ആരോപണം. ഈ പെനാല്‍റ്റി ഗോളാക്കിയാണ് പശ്ചിമ ജര്‍മനി വിജയിച്ചത്.
ഞങ്ങളുടെ കളിക്കാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചതാണ്. എന്നാല്‍ റഫറി എല്ലാ പ്രതീക്ഷകളും തകര്‍ത്തു. ഇറ്റലിക്കാരെ സന്തോഷിപ്പിക്കുകയായിരുന്നു അയാളുടെ ലക്ഷ്യം. അത്ര ഗുരുതരമല്ലാത്ത ഫൗളിനാണ് മോണ്‍സണെ ചുവപ്പ് കാര്‍ഡ് കാട്ടി പുറത്താക്കിയതെന്ന് മറഡോണ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: