വണ്ടൂര്‍: നീന്തല്‍ പരിശീലിപ്പിക്കാനായി വിദ്യാലയത്തില്‍ സ്ഥാപിച്ച ഫൈബര്‍ കുളം അധികൃതര്‍ക്ക് തലവേദനയാകുന്നു. വണ്ടൂര്‍ വിഎംസി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ രണ്ട് വര്‍ഷം മുമ്പ് കേന്ദ്ര കായിക യുവജന മന്ത്രാലയവും രാഷ്‌ട്രീയ ജിവന്‍രക്ഷാ സൊസൈറ്റിയും ചേര്‍ന്നാണ് കുളം സ്ഥാപിച്ചത്. സംരക്ഷിക്കാന്‍ ആളില്ലാത്തതിനാല്‍ മേല്‍ഭാഗം തകര്‍ന്ന് മഴവെള്ളം കെട്ടികിടക്കുന്ന അവസ്ഥയിലാണിപ്പോള്‍.
2013 നവംബര്‍ 15ന് ഉദ്ഘാടനം ചെയ്ത കുളത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിയത് വെറും മൂന്ന് മാസം മാത്രം. ഒരു വര്‍ഷത്തേക്കായിരുന്നു പദ്ധതി നടത്താന്‍ ഉദ്യേശിച്ചിരുന്നത്. എന്നാല്‍ കുളം നിര്‍മ്മിച്ച് മാസങ്ങള്‍ കഴിഞ്ഞതിന് ശേഷമാണ് പരിശീലനം ആരംഭിച്ചത്. ഈ സാഹചര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ സമര്‍പ്പിച്ച അപേക്ഷ പ്രകാരം പദ്ധതി രണ്ട് വര്‍ഷത്തേക്ക് നീട്ടുകയായിരുന്നു. 25 ലക്ഷം മുതല്‍ മുടക്കിയാണ് കുളം നിര്‍മ്മിച്ചത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക കുളങ്ങളായിരുന്നു. ആദ്യം പരിശീലകരായി അഞ്ചുപേരുണ്ടായിരുന്നെങ്കിലും മൂന്ന് മാസം മാത്രമാണ് പരിശീലനം നീണ്ടുനിന്നത്. 22 ക്ലാസുകള്‍ കൊണ്ട് നീന്തല്‍ പഠിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് പറഞ്ഞിരുന്നു. പക്ഷേ ആകെ പരിശീലനം ലഭിച്ച 250 കുട്ടികള്‍ക്ക് ഇതുവരെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. കഴിഞ്ഞ മഴക്കാലത്ത് കുളത്തിലേക്ക് മരം മറിഞ്ഞ് വീണു തകര്‍ന്നു. മഴവെള്ളം കെട്ടിനില്‍ക്കുന്ന കുളത്തില്‍ രോഗങ്ങള്‍ പരത്തുന്ന കൊതുകുകളും മറ്റ് ജീവികളും പെരുകിയിരിക്കുകയാണ്. കടുത്ത പകര്‍ച്ചവ്യാധി ഭീക്ഷണിയും ഇവിടെ നില്‍ക്കുന്നുണ്ട്. എത്രയും വേഗം ഇത് ഇവിടെനിന്ന് പൊളിച്ച് മാറ്റണമെന്നാണ് സ്‌കൂള്‍ അധികൃതരുടെ ആവശ്യം.
മുങ്ങി മരണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തെ ആറ് സ്‌കൂളുകളില്‍ ഫൈബര്‍ നീന്തല്‍കുളം സ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: