ന്യൂദല്‍ഹി: പാക്കിസ്ഥാന് ചാര സംഘടനയായ ഐഎസ്ഐ മാവോയിസ്റ്റുകളുടെ സഹായത്തോടുകൂടി ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് ബ്യൂറൊയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. പിന്നോക്ക വിഭാഗങ്ങള്‍ക്കായി പോരാടുന്ന ധീരര്‍ എന്നാണ് ഒറീസ്സയടക്കമുള്ള സംസ്ഥാനങ്ങളിലെ മാവോയിസ്റ്റുകള്‍ സ്വയം വിശേഷിപ്പിക്കുന്നത്. ഉള്‍പ്രദേശങ്ങളിലെ ആദിവാസികളടമുള്ള ജന വിഭാഗങ്ങളെ ഒരു പരിധിവരെ ചൊല്‍പ്പടിയിലാക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുമുണ്ട്. ഈ സാഹചര്യം മുതലെടുത്ത് മാവോയിസ്റ്റുകളുടെ സഹായത്തോടുകൂടി ഭീകരവാദ ശൃംഘല വ്യാപിപ്പിക്കുകയാണ് ഐഎസ്ഐ യുടെ ലക്ഷ്യം.
നക്സല്‍ ബാധിത സംസ്ഥാനങ്ങളിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്റലിജന്‍സ് ബ്യൂറൊ അയച്ച കത്തിലാണ് ഐ എസ് ഐയുടെ ഗൂഢലക്ഷ്യത്തെപ്പറ്റി വ്യക്തമായ പരാമര്‍ശങ്ങളുള്ളത്. ഇടത് പ്രത്യയ ശാസ്ത്രത്തിന്റെ വക്താക്കളെന്നവകാശപ്പെടുന്ന മാവോയിസ്റ്റ്, നക്സല്‍ ഗ്രൂപ്പുകള്‍ക്ക് വന്‍ ആയുധ സഹായം നല്കി ഇവരെ സമര്‍ത്ഥമായി ഉപയോഗിക്കാനാണ് സംഘടനയുടെ പദ്ധതി. തദ്ദേശീയരായ വനവാസികള്‍ക്ക് ആയുധ പരിശീലനം നല്കി ഇവരെ രാജ്യത്തിനെതിരാക്കുക എന്നതാണ് മാവോയിസ്റ്റുകളുടെ പ്രവര്‍ത്തന ശൈലി. മുസ്ലീം, കൃസ്ത്യന്‍ സംഘടനകളില്‍ നിന്നും ഇവര്‍ക്ക് വ്യാപകമായ തോതില്‍ ധനസഹായം ലഭിക്കുന്നതായും പരാതിയുണ്ടായിരുന്നു. ആന്ധ്രയിലെ ഒരു മാവോയിസ്റ്റ് ശക്തി കേന്ദ്രത്തില്‍ നിന്നും അടുത്തിടെ മുസ്ലീം ഭീകരവാദ ആശയങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ കണ്ടെത്തിയിരുന്നു.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമായ ഭീകര സംഘടനയായ കാമിറ്റ്പൂര് ലിബറേഷന്‍ മാവോയിസ്റ്റുകള്‍ക്ക് വന്‍തോതില്‍ ആയുധസഹായം നല്‍കുന്നതായി വാര്‍ത്തയുണ്ടായിരുന്നു ഇതേ മാര്‍ഗ്ഗമാണ് ഐഎസ്ഐയും പിന്തുടരുന്നത്. ഇത്തരം സംസ്ഥാനങ്ങളില്‍ ഐഎസ്ഐ സ്വാധീനമുറപ്പിച്ച് കഴിഞ്ഞതായും സൂചനയുണ്ട്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയില്‍ വന്‍ ഭീഷണിയുയര്‍ത്തുന്ന മാവോയിസ്റ്റുകള്‍ക്ക് സാങ്കേതിക സഹായം നല്‍കാനുള്ള ഐഎസ്ഐയുടെ നീക്കത്തിന് തടയിടാനുള്ള പദ്ധതികളും ഇന്റലിജന്‍സ്് ബ്യൂറോ ആവിഷ്കരിക്കുന്നുണ്ട്. നകസല്‍ ബാധിത മേഖലകളില്‍ തെരച്ചില്‍ നടത്തുന്നതിനായി അത്യാധുനിക യുദ്ധ ഹെലിക്കോപ്ടറുകള്‍ സേന രംഗത്തിറക്കിയിരുന്നു. കേരളത്തിലെ വടക്കന്‍ ജില്ലകളിലെ വനമേഖലകളില്‍ മാവോയിസ്റ്റുകളുടെ സഹായത്തോടെ ഭീകര പ്രവര്‍ത്തനം വ്യാപിക്കുന്നതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: