അലിഗര്‍: രാജ്യത്ത് കലാപങ്ങളെ നേരിടാന്‍ ദ്രുതകര്‍മ്മസേനക്ക് മാരകമല്ലാത്ത ആയുധങ്ങള്‍ നല്കാന് ഉദ്ദേശിക്കുന്നതായി ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു. ദ്രുതകര്‍മ്മസേനയുടെ 19-ാം വാര്‍ഷിക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനികവും അപായരഹിതവുമായ ആയുധങ്ങള്‍ ഇത്തരം സേനകള്‍ ഉപയോഗിക്കണമെന്ന് സര്‍ക്കാരും സമൂഹവും ആഗ്രഹിക്കുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര റിസര്‍വ് സംരക്ഷണ സേനയില്‍ നിന്ന് 1992-ലാണ് ദ്രുതകര്‍മ്മസേന രൂപപ്പെട്ടത്. സേനക്ക് 10 ബറ്റാലിയനുകളിലായി 10000 ഭടന്മാരുണ്ട്. ലഹളകളെ നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങള്‍ പഴക്കം ചെന്നവയാണ്. ഇതു ധാരാളമായി കണ്ടതുകൊണ്ട് ഇത്തരം സംവിധാനങ്ങളോട് ലഹളക്കാര്‍ക്ക് മാനസികമായ ഭീതി ഇല്ലാതായിരിക്കുന്നു, മന്ത്രി തുടര്‍ന്നു.
മാരകമല്ലാത്ത ആയുധങ്ങള്‍ ദ്രുതകര്മ്മസേനക്കുവേണ്ടി ഓര്‍ഡര്‍ ചെയ്തതായി ചടങ്ങില്‍ സിആര്‍പിഎഫ് തലവന്‍ കെ. വിജയകുമാര്‍ അറിയിച്ചു. വര്‍ഷങ്ങള്‍ കഴിയുന്തോറും ലഹളക്കാര്‍ കൂടുതല്‍ കൂടുതല്‍ ആക്രമണകാരികളായാണ് കാണപ്പെടുന്നത്. ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതിന് ഉപയോഗിക്കുന്ന ആയുധങ്ങളെക്കുറിച്ച് സമൂഹത്തിന്റെ സങ്കല്പങ്ങളും പുരോഗമിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദ്രുതകര്‍മ്മസേന പുതിയ അപായരഹിതമായ ആയുധങ്ങള്‍ ഉപയോഗിക്കും, ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: