പൂനെ: രാജ്യത്ത് അഴിമതിക്കെതിരെ പോരാട്ടം തുടരുന്ന അണ്ണാഹസാരെയ്ക്ക് ലഭിക്കുന്ന പിന്തുണയില്‍ 80 ശതമാനത്തിലധികവും യുവജനങ്ങളില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. അഴിമതി രഹിതമായ രാജ്യം പടുത്തുയര്‍ത്തുന്നതില്‍ യുവജനങ്ങളുടെ വികാരമറിയാന്‍ സ്വന്തമായൊരു ബ്ലോഗ്, ട്വിറ്റര്‍, ഫെയ്സ്ബുക്ക് അക്കൗണ്ട് തുറക്കാനും ഹസാരെ തീരുമാനിച്ചിട്ടുണ്ട്. ഏഴാം ക്ലാസുകാരനായ ഹസാരെയ്ക്ക് ആധുനിക സാങ്കേതിക വിദ്യകളില്‍ തപ്പിപിടുത്തമില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അഴിമതിക്കെതിരെയുള്ള തന്റെ നിലപാട് പത്രമാധ്യമങ്ങളിലൂടെ ജനങ്ങള്‍ അറിഞ്ഞുകഴിഞ്ഞതാണ്. വിവിധ വിഷയങ്ങളില്‍ തനിക്കുള്ള അഭിപ്രായമായിരിക്കും ട്വിറ്ററിലും ഫെയ്സ് ബുക്കിലും രേഖപ്പെടുത്തുക.
ട്വിറ്റര്‍ പോലുള്ള മാധ്യമങ്ങളുടെ ഉപയോക്താക്കളില്‍ അധികവും യുവജനങ്ങളാണ്. എന്നാല്‍ തന്റെ അനുവാദം കൂടാതെ ബ്ലോഗ് ഉപയോഗിക്കാനുള്ള അവകാശം ആര്ക്കുമുണ്ടായിരിക്കില്ലെന്നും സ്വന്തം ഗ്രാമമായ റാലെഗണസിദ്ധിയില് കഴിഞ്ഞ ദിവസം പുറത്തുവിട്ട ഔദ്യോഗിക കത്തില്‍ അദ്ദേഹം പറയുന്നു.
ഓരോ മാധ്യമത്തിനും വേണ്ടി പ്രസ്താവന പുറപ്പെടുവിക്കേണ്ടി വരുന്നത് ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഒരു വിഷയത്തെക്കുറിച്ചുള്ള ഹസാരെയുടെ അഭിപ്രായം നിങ്ങള്‍ക്ക് ബ്ലോഗില്‍ കാണാന്‍ സാധിക്കും. ഇതുവഴി ഹസാരെക്കെതിരെയുള്ള കുപ്രചാരണങ്ങള്‍ തടയാനാകുമെന്നും അദ്ദേഹത്തിനോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
പുതിയ തീരുമാനത്തിലൂടെ ജനങ്ങള്‍ക്ക് ഹസാരെയുമായി നേരിട്ട് സംവദിക്കാന്‍ അവസരമൊരുങ്ങുകയാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ രാജു പരുലേക്കര്‍ അഭിപ്രായപ്പെട്ടു. മറാത്തി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായിരിക്കും ഹസാരെയുടെ ബ്ലോഗും ട്വിറ്ററും ഫെയ്സ് ബുക്കും പ്രത്യക്ഷപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: