ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ മൂവായിരത്തിലേറെ അജ്ഞാത ശവകുടീരങ്ങള്‍ കണ്ടതിനെപ്പറ്റി ചര്‍ച്ചയും അന്വേഷണവും ആവശ്യപ്പെട്ട് പി.ഡി.പി അംഗങ്ങള്‍ നിയമസഭയില്‍ ബഹളം വച്ചു; വാക്കൗട്ടും നടത്തി. പൂഞ്ച്, രജൗറി ജില്ലകളിലാണ് അജ്ഞാത ശവകുടീരങ്ങള്‍ ഏറെ കാണപ്പെട്ടത്.
കാശ്മീര്‍ പ്രക്ഷോഭത്തിനിടെ കാണാതായവരുടെ ജഡങ്ങളാകാം അജ്ഞാതശവകുടീരങ്ങളില് മറവുചെയ്തിട്ടുള്ളതെന്നാണ് സംശയം. വിഷയത്തില്‍ ചോദ്യോത്തരവേള നിര്‍ത്തിവച്ചുള്ള ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആവശ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയത്. ഉച്ചയ്ക്കു ശേഷം ചര്‍ച്ചയാകാമെന്നു സര്‍ക്കാര്‍ അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. തുടര്‍ന്നു പ്രതിപക്ഷമായ പി.ഡി.പി അംഗങ്ങള്‍ സഭവിട്ടിറങ്ങി.
ജഡങ്ങള്‍ പുറത്തെടുത്ത് ഡി.എന്‍.എ പരിശോധന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് മെഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടു. വേണ്ടപ്പെട്ടവരുടെ മൃതദേഹങ്ങള്‍ക്കായി ആയിരങ്ങള്‍ തെരച്ചില്‍ നടത്തുകയാണ്. എന്നാല്‍ സര്‍ക്കാര്‍ നിലപാടു നിഷേധാത്മകമാണെന്ന് അവര്‍ കുറ്റപ്പെടുത്തി.
വിഷയത്തില്‍ ഇടപെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ജഡങ്ങളുടെ ഡിഎന്‍എ പരിശോധന നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. ഇരുപതു വര്‍ഷമായി കാണാതായവരുടെ ബന്ധുക്കളുമായി ഇണങ്ങുന്നതാണോയെന്നു പരിശോധിക്കാനായിരുന്നു നിര്‍ദേശം. കുഴിമാടങ്ങളെക്കുറിച്ച് അന്വേഷണം നടത്താനും കമ്മിഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: