ബെംഗളൂരു: ഭർത്താവിന്റെ കടം തീർക്കാൻ യുവതി നവജാതശിശുവിനെ വിറ്റു. രാമനഗരയിലാണ് സംഭവം. ഒന്നര ലക്ഷം രൂപയ്‌ക്കാണ് 30 ദിവസം മാത്രം പ്രായമുള്ള തന്റെ കുഞ്ഞിനെ 40കാരിയായ യുവതി വിറ്റത്.
കുഞ്ഞിനെ കാണാനില്ലെന്ന് കാട്ടി ഇവരുടെ ഭർത്താവ് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. കൂലിപ്പണിക്കാരായ ദമ്പതികൾക്ക് 5 കുട്ടികൾ ഉണ്ട്. ഇവർക്ക് 3 ലക്ഷം രൂപയുടെ കടബാധ്യതയുണ്ട്.
കടം വീട്ടുന്നതിനായി കുഞ്ഞിനെ മക്കളില്ലാത്ത ദമ്പതികൾക്ക് വിൽക്കാമെന്ന് ഭാര്യ തന്നോട് പറഞ്ഞുവെന്നും താനപ്പോൾ തന്നെ വേണ്ടെന്ന് പറഞ്ഞുവെന്നും ഭർത്താവ് പോലീസിനോട് വെളിപ്പെടുത്തി. ഡിസംബർ 5ന് ജോലി കഴിഞ്ഞെത്തിയപ്പോൾ കുഞ്ഞിനെ കണ്ടിരുന്നില്ല. അസുഖങ്ങളുണ്ടായതിനാൽ അടുത്ത ബന്ധു കുട്ടിയെ ആശുപത്രിയിൽ കൊണ്ടു പോയിരിക്കുകയാണെന്ന് ഭാര്യ തന്നെ വിശ്വസിപ്പിച്ചുവെന്നും രണ്ടു ദിവസം കഴിഞ്ഞിട്ടും കുട്ടിയെ തിരിച്ചു കൊണ്ടു വരാതെ വന്നപ്പോഴാണ് പരാതി നൽകിയതെന്നും ഇയാൾ പറഞ്ഞു.
തുടർന്ന് പോലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് ഒന്നര ലക്ഷം രൂപ വാങ്ങി കുട്ടിയെ വിറ്റതായി സ്ത്രീ സമ്മതിച്ചത്. പോലീസ് കുട്ടിയെ കണ്ടെത്തി മാണ്ഡ്യയിലെ ശിശു ക്ഷേമ കേന്ദ്രത്തിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: