ന്യൂദല്‍ഹി: വഴിമുടക്കിയുടെ ഭാഗം അഭിനയിച്ച മുന്‍മന്ത്രി മണിശങ്കര അയ്യര്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചെലവ് വര്‍ധിക്കാന്‍ കാരണക്കാരനായെന്ന് സ്പോര്‍ട്സ്മന്ത്രി അജയ് മാക്കന് കുറ്റപ്പെടുത്തി. സുരേഷ് കല്‍മാഡി അധ്യക്ഷനായുള്ള സംഘാടകസമിതിയുടെ ദുര്‍വ്യയത്തെക്കുറിച്ച് അയ്യര്‍ എഴുതിയിരുന്നുവെന്ന പത്രവാര്‍ത്തയെത്തുടര്‍ന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ട റിപ്പോര്‍ട്ടിലാണ് സ്പോര്‍ട്സ്മന്ത്രിയുടെ ഈ പരാമര്‍ശം.
വിവരാവകാശ നിയമപ്രകാരം പരസ്യമാക്കപ്പെട്ട ഇൗ കത്തിടപാടുകള്‍ മാക്കന് അയ്യരെ നിശിതമായി വിമര്‍ശിച്ചതിന് തെളിവാണ്. രണ്ട് കൊല്ലമായി മന്ത്രിയായിരുന്ന അയ്യര്‍ തടസവാദങ്ങള്‍ ഉന്നയിക്കുകമൂലം പല പദ്ധതികളും സാധാരണയില്‍ കവിഞ്ഞ് വൈകുകയും ഇതുമൂലം വന്‍ ധനനഷ്ടം സംഭവിച്ചതായും സ്പോര്‍ട്സ്മന്ത്രി 2011 ജൂലൈ 8 ന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ചെലവുകള്‍ ഉയരുന്നതിനെക്കുറിച്ച് താന്‍ പ്രധാനമന്ത്രിക്കെഴുതിയിരുന്നു എന്ന അയ്യരുടെ പ്രസ്താവന വാസ്തവവിരുദ്ധമാണെന്നാണ് സ്പോര്‍ട്സ്മന്ത്രി അറിയിക്കുന്നത്. സംഘാടകസമിതിക്ക് കൂടുതല്‍ തുക നല്‍കിയതിനെക്കുറിച്ച് പരാതിപ്പെടുമ്പോഴും 767 കോടി രൂപ അനുവദിക്കുന്ന മന്ത്രിസഭാ കുറിപ്പില്‍ അയ്യരും ഒപ്പുവെച്ചിട്ടുണ്ട്. സംഘാടകസമിതിക്ക് മുകളില്‍ രൂപീകരിക്കപ്പെട്ട അപെക്സ് കമ്മറ്റിയെ പ്രവര്‍ത്തനസജ്ജമാക്കുന്നതില്‍ അയ്യര്‍ ശ്രദ്ധിച്ചില്ല. അപ്പെക്സ് കമ്മറ്റി മൂന്ന് യോഗങ്ങള്‍ കൂടുകയും അപെക്സ് തീരുമാനങ്ങള്‍ നടപ്പിലാക്കുകയുമായിരുന്നു.
പ്രധാനമന്ത്രിക്കെഴുതിയ നിരവധി കത്തുകളിലൂടെ സംഘാടകസമിതി ധൂര്‍ത്ത് കാണിക്കുന്നതായി അയ്യര്‍ കുറ്റപ്പെടുത്തുന്നു. പ്രതിദിനം 5000 അമേരിക്കന്‍ ഡോളര്‍ ചെലവില്‍ കണ്‍സള്‍ട്ടന്റുകളെ നിയമിക്കുന്നതിലും 2 കോടി വിലമതിക്കുന്ന ഫാംഹൗസ് കോമണ്‍വെല്‍ത്ത് ഗെയിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മൈക്ക് ഹൂപ്പര്‍ക്ക് താമസിക്കാന്‍ നല്‍കിയതിനെയും അയ്യര്‍ അപലപിക്കുന്നു. സംഘാടകസമിതി ചെയര്മാന് ഏകാധിപത്യപരമായ അധികാരങ്ങളുണ്ടായിരുന്നുവെന്നാണ് മണിശങ്കര്‍ അയ്യരുടെ മറ്റൊരു ആക്ഷേപം. ഈ ആക്ഷേപങ്ങള്‍ മാാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോഴാണ് പ്രധാനമന്ത്രി സ്പോര്‍ട്സ്മന്ത്രിയുടെ വിശദീകരണം തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: