മുംബൈ: മുംബൈ സ്ഫോടനം സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പില്ലായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി പി. ചിദംബരം പറഞ്ഞു. എന്നാല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പരാജയപ്പെട്ടെന്ന ആരോപണം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ഫോടനത്തിന് പിന്നില്‍ ആരെന്ന് ഇപ്പോള്‍ പറയാനാകില്ല. ഫോറന്‍സിക് വിഭാഗം തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും ചിദംബരം മുംബൈയില്‍ പറഞ്ഞു. സ്ഫോടനത്തിന് അമോണിയം നൈട്രേറ്റ് ഉപയോഗിച്ചുവെന്നും ആഭ്യന്തര മന്ത്രി മുംബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ടൈമര്‍ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. അമോണിയം നൈട്രേറ്റ് പോലുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്ന എല്ലാ സംഘടനകളും അന്വേഷണപരിധിയില്‍ വരും. 26/11 ആക്രമണത്തിന് ശേഷം മഹാരാഷ്ട്രയില്‍ രണ്ട് ആക്രമണങ്ങള്‍ ഉണ്ടായെന്നത് ദുഖകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ എല്ലാ നഗരങ്ങളും ആക്രമണഭീഷണിയിലാണ്. സ്ഫോടനപരമ്പര ഇന്ത്യാ പാക് സംഭാഷണത്തെ ബാധിക്കുമോ എന്നത് ഇപ്പോള്‍ പറയാനാകില്ല. വളരെ അപകടരമായ അയല്‍ക്കാരാണ് നമ്മുക്കുള്ളത്. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഭീകരവാദത്തിന്റെ കേന്ദ്രങ്ങളാണെന്നും ആഭ്യന്തരമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയിലുള്ള വിദേശികള്‍ സുരക്ഷിതരാണ്. വിദേശികളെ ലക്ഷ്യമാക്കിയുള്ള ആക്രമണമല്ല ബുധനാഴ്ച നടന്നത്. ആക്രമണത്തിനുപിന്നിലുള്ളവരെ നിയമത്തിനുമുന്നിലെത്തിക്കാന്‍ സാധിക്കുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മരിച്ചവരുടെ കുടുംബത്തിന് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥിരാജ് ചവാന് അഞ്ച് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: