പൂനെ: അധികാരംകൊണ്ട് മത്തുപിടിച്ചവരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ അണ്ണാ ഹസാരെ അഭിപ്രായപ്പെട്ടു. ലോക്പാല്‍ ബില്‍ ഭേദഗതി ചെയ്യണമെന്ന ആവശ്യവുമായി ഇനിയും നിരാഹാരസത്യഗ്രഹം നടത്തുമോ എന്ന തരത്തിലുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് ഹസാരെ ഇക്കാര്യം തുറന്നടിച്ചത്.
അധികാരംകൊണ്ട് മത്തരായ നിരവധിയാളുകള്‍ കേന്ദ്രസര്‍ക്കാരിലുണ്ട്. ഇത്തരക്കാരെ നേരിടാനായി സത്യഗ്രഹവുമായി മുന്നോട്ടുപോവുകതന്നെ ചെയ്യും, അദ്ദേഹം പറഞ്ഞു. പൊതുജനക്ഷേമപരമായ ഭേദഗതികള്‍ ബില്ലില്‍ ഉള്‍ക്കൊള്ളിക്കണമെന്നുള്ള കാര്യത്തില്‍ ഇനി വിട്ടുവീഴ്ചക്കില്ലെന്നും ജനാധിപത്യരാജ്യമായ ഇന്ത്യയിലെ ജനങ്ങളുടെ അവകാശങ്ങള്‍ നിരന്തരം ധ്വംസിക്കപ്പെടുകയാണെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു. ഇനിയും സത്യഗ്രഹം നടത്താന്‍ തുനിഞ്ഞാല്‍ ബാബാ രാംദേവിനുണ്ടായ അനുഭവമാകും ഹസാരെക്കും നേരിടേണ്ടിവരിക എന്ന കോണ്‍ഗ്രസ് വക്താവ് ദിഗ്വിജയ്സിംഗിന്റെ ഭീഷണിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ലാത്തിച്ചാര്ജിനെയോ അക്രമത്തെയോ തനിക്ക് ഭയമില്ലെന്നും അഹിംസാമാര്‍ഗത്തിലൂടെ വെടിയുണ്ടയെപ്പോലും നേരിടാമെന്ന ധൈര്യം തനിക്കുണ്ടെന്നും അദ്ദേഹം മറുപടി പറഞ്ഞു. ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ പ്രതിഷേധിക്കാനുള്ള അവകാശം പൗരന്മാര്ക്കുണ്ട്. രാജ്യം ഭരിക്കുന്നവര്‍ ജനാധിപത്യ അവകാശങ്ങളെക്കുറിച്ചും ബോധവാന്മാരായിരിക്കേണ്ടതാണ്, ഹസാരെ ഓര്‍മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: