ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ ‘കോംപ്രമൈസ്ഡ് പ്രധാനമന്ത്രി’ പരാമർശത്തിന് രൂക്ഷമായ മറുപടിയുമായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു രംഗത്ത്. 1962-ലെ ചൈനയുമായുള്ള യുദ്ധം, രാജ്യത്തെ ദാരിദ്ര്യം, മുൻ കോൺഗ്രസ് ഭരണകാലത്തെ സാമ്പത്തിക സ്ഥിതി എന്നിവ ചൂണ്ടിക്കാട്ടി കോൺഗ്രസിനോട് നാല് ചോദ്യങ്ങൾ ഉന്നയിച്ച റിജിജു, ‘1962-ലെ അപമാനത്തിന്’ പാർട്ടി മാപ്പ് പറയുമോ എന്നും വെല്ലുവിളിച്ചു.
ചൈനയിൽ നടന്ന ഏഷ്യ-പസഫിക് ഇക്കണോമിക് കോഓപ്പറേഷൻ ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ എന്നിവർ പങ്കെടുത്ത ത്രികക്ഷി കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ച് രാഹുൽ ഗാന്ധി നടത്തിയ വിമർശനത്തിന് പിന്നാലെയാണ് റിജിജുവിന്റെ പ്രതികരണം. കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്നെങ്കിൽ ഇന്ത്യയുടെ പ്രധാനമന്ത്രി ഈ മേശയ്‌ക്ക് മുന്നിൽ ഇരിക്കുമായിരുന്നു. വിട്ടുവീഴ്ച ചെയ്ത (കോംപ്രമൈസ്ഡ്) ഒരു പ്രധാനമന്ത്രിക്ക് ഒരിക്കലും ഈ മേശയ്‌ക്ക് മുന്നിൽ ഇരിക്കാൻ കഴിയില്ല എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ എക്സ് പോസ്റ്റ്.
കിരൺ റിജിജു ഉന്നയിച്ച നാല് ചോദ്യങ്ങൾ:
1962-ലെ യുദ്ധവും മാപ്പപേക്ഷയും: 1962-ലെ ചൈനീസ് അധിനിവേശകാലത്ത് തന്റെ ഗ്രാമം ചൈന കൈവശപ്പെടുത്തിയ കാര്യം ചൂണ്ടിക്കാണിച്ച റിജിജു, ആ ‘1962-ലെ അപമാനത്തിന്’ കോൺഗ്രസ് മാപ്പ് പറയുമോ എന്ന് ചോദിച്ചു.
ദാരിദ്ര്യത്തിന്റെ കാരണം: ദീർഘകാലം അധികാരത്തിലിരുന്ന കോൺഗ്രസ് ഇന്ത്യയെ ഒരു ദരിദ്ര രാജ്യമായി നിലനിർത്തിയത് എന്തുകൊണ്ടാണ്?
അന്താരാഷ്‌ട്ര പ്രതിച്ഛായ: പഴയകാലത്ത് ഇന്ത്യയെ ‘പാമ്പാട്ടികളുടെ നാട്’ എന്ന് വിശേഷിപ്പിക്കാനിടയായ സാഹചര്യമെന്താണ്?
സാമ്പത്തിക വളർച്ച: ഇന്ത്യയുടെ അന്നത്തെ സാമ്പത്തിക വളർച്ചയെ ‘ഹിന്ദു വളർച്ചാ നിരക്ക്’എന്ന് പരിഹസിച്ചത് എന്തുകൊണ്ടാണ്?
ചിക്കാഗോ പ്രസംഗവും ബിജെപിയുടെ വിമർശനങ്ങളും :
കഴിഞ്ഞ ബുധനാഴ്ച ചിക്കാഗോ സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിൽ ആഗോള നയതന്ത്രത്തിൽ ഇന്ത്യയുടെ പങ്കിനെ ചോദ്യം ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി രാജ്യത്തെ ഒരു ‘സൈഡ് പ്ലെയർ’എന്ന് വിശേഷിപ്പിച്ചിരുന്നു. പാകിസ്ഥാൻ ഇറാനുമായും അമേരിക്കയുമായും ചർച്ചകളിൽ സജീവമാകുമ്പോൾ ഇന്ത്യ ഒരു സൈഡ് പ്ലെയറായി മാറിയെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
അതേസമയം പാകിസ്ഥാന്റെ ഭീകരവാദ പിന്തുണയാണ് ചർച്ചകൾക്ക് വലിയ തടസ്സമെന്നും, ഇന്ത്യയിൽ നിരപരാധികളെ കൊല്ലുന്നത് അവസാനിപ്പിച്ചാൽ മാത്രമേ ചർച്ചകൾക്ക് സാധ്യതയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
രാഹുലിന്റെ ‘സൈഡ് പ്ലെയർ’ പരാമർശത്തോട് വെള്ളിയാഴ്ച പ്രതികരിച്ച റിജിജു, രാജ്യത്തിനകത്തായാലും പുറത്തായാലും ഇന്ത്യയ്‌ക്കെതിരെ പ്രസ്താവനകൾ നടത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്റെ അന്താരാഷ്‌ട്ര പ്രതിച്ഛായ തകർക്കാനാണ് രാഹുൽ ഗാന്ധി നിരന്തരം ശ്രമിക്കുന്നതെന്ന് ബിജെപി നേതാക്കളും കുറ്റപ്പെടുത്തി. ത്രികക്ഷി കൂടിക്കാഴ്ചയിൽ ട്രംപിന് രാഹുൽ ഗാന്ധി പാനീയങ്ങൾ വിളമ്പുന്നതുപോലെയുള്ള എഐ നിർമ്മിത ചിത്രം ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ സമൂഹമാധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തു.


















