തിരുവനന്തപുരം: പാങ്ങപ്പാറയില്‍ 17 വയസുളള അഭിറാമിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി 17കാരന്റെ ജാമ്യാപേക്ഷ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് തള്ളി. പ്രായപൂര്‍ത്തിയായ കുറ്റവാളിക്ക് സമാനമാണ് പ്രതിയുടെ മാനസികാവസ്ഥയെന്ന് കൗണ്‍സിലിംഗ് നടത്തിയ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി.
പ്രതിക്ക് വിചാരണ നേരിടുന്നതിന് യാതൊരുവിധ മാനസിക തടസങ്ങളുമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡും റിപ്പോര്‍ട്ട് നല്‍കി. പ്രതിയുടെ മാനസികനിലയില്‍ വിശദ പരിശോധന നടത്തുന്നതിനായി കോടതി പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചിരുന്നു.അവിടെ നടന്ന പരിശോധനകള്‍ക്കും കൗണ്‍സിലിംഗിനും ശേഷമാണ് ഡോക്ടര്‍മാരുടെ സംഘം ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയത്.
പ്രായപൂര്‍ത്തിയാകാത്തയാളെന്ന ആനുകൂല്യം നല്‍കി പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദവും മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും പരിഗണിച്ചാണ് ജാമ്യം നിഷേധിച്ചത്.
ഒന്നാം പ്രതിയായ 17-കാരന്റെ മുന്‍ കാമുകിയുമായി അഭിറാമിന്റെ സുഹൃത്ത് അടുപ്പത്തിലായതറിഞ്ഞ് ഈ സുഹൃത്തിനെ ആക്രമിക്കാനായിരുന്നു പ്രതികളായ അഭിറാമിന്റെയും കൂട്ടാളി ഉമറിന്റെയും ആദ്യ പദ്ധതി. ഇതിനായി പെണ്‍സുഹൃത്തിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി സന്ദേശമയച്ചാണ് അഭിറാമിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തിയത്. സ്ഥലത്തെത്തിയ അഭിറാമിനോട് സുഹൃത്തിനെ വിളിച്ചുവരുത്താന്‍ പ്രതി ആവശ്യപ്പെട്ടു. സുഹൃത്ത് വരാതിരുന്നതോടെ അഭിറാമും പ്രതിയും തമ്മില്‍ വാക്കേറ്റമുണ്ടായിന് പിന്നാലെ തേങ്ങ കൊണ്ട് അഭിറാമിന്റെ തലയ്‌ക്ക് അടിച്ചു വീഴ്‌ത്തിയ ശേഷം ബെല്‍റ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.


















