ലഖ്നൗ (ഉത്തർ പ്രദേശ്): സ്ത്രീകളുടെ ശക്തിയും സംസ്കാരവും രാഷ്‌ട്രനിർമ്മാണവുമായി കൂട്ടിയിണക്കുന്ന സംഘടനയാണ് രാഷ്‌ട്ര സേവികാ സമിതിയെന്ന് സേവികാ സമിതി അഖില ഭാരതീയ പ്രമുഖ കാര്യവാഹിക സീത അന്നദാനം. നിരവധി സംഘടനകൾ സ്ത്രീകൾക്കായി പ്രവർത്തിക്കുന്നുണ്ടെങ്കിലും സ്ത്രീകളെ രാഷ്‌ട്രത്തിനായി പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്ന സംഘടനയാണ് സേവികാ സമിതിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്‌ട്ര സേവികാ സമിതിയുടെ നവതിയോടനുബന്ധിച്ച് തയ്യാറാക്കിയ ലഘുപുസ്തകത്തിന്റെ പ്രകാശനം ലഖ്നൗ ഇന്ദിരാഗാന്ധി പ്രതിഷ്ഠാനിൽ നിർവഹിക്കുകയായിരുന്നു സീതാ അന്നദാനം.

സ്വയം ജ്വലിച്ച് പ്രകാശം പരത്തുന്ന ദീപമായി ഓരോ സ്ത്രീക്കും മാറാൻ കഴിയണം. സമൂഹത്തിലും രാഷ്‌ട്രത്തിലും വെളിച്ചം പകരുകയാണ് നമ്മുടെ ലക്ഷ്യം. ഡോ. സുരഭി ഭദൗരിയ തയാറാക്കിയ പുസ്തകവും അത്തരമൊരു ദീപമായി പ്രവർത്തിക്കും. ടിവി വാർത്തകളിലോ യൂട്യൂബ് ചാനലുകളിലോ തുടർച്ചയായി പത്ത് മിനിറ്റ് പോലും ഒരു വിഷയം കാണാൻ കഴിയാത്ത മാനസികാവസ്ഥയാണ് ഇന്നുള്ളത്. ഒന്നോ രണ്ടോ മിനിറ്റ് മാത്രമാണ് ഒരൊറ്റ വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുന്നത്. റീലുകളുടെ കാലമാണിത്. ഈ കാലത്ത് സമിതിയുടെ 90 വർഷത്തെ പ്രവർത്തനങ്ങൾ യുവതലമുറയ്‌ക്ക് പരിചയപ്പെടുത്തേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞാണ് സുരഭി ഈ ശ്രമം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

പ്രശസ്ത പാരാലിമ്പിക് താരം ദീപ മാലിക്, ക്ഷേത്ര പ്രചാരിക ശശി ബഘേൽ തുടങ്ങിയവരും സംസാരിച്ചു.


















