പൗരി ഗർവാൾ : അമ്മ സാവിത്രി ദേവിയുടെ ഭൗതികശരീരം തോളിലേറ്റി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . അന്ത്യകർമ്മങ്ങൾക്കായി ഹരിദ്വാറിലേക്ക് കൊണ്ടുപോകുമ്പോഴാണ് നിറകണ്ണുകളോടെ യോഗി അമ്മയുടെ ഭൗതികദേഹം വഹിച്ചിരുന്ന മഞ്ചം തോളിലേറ്റിയത്.
ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ജില്ലയിലുള്ള പഞ്ചൂർ ഗ്രാമത്തിലെ തറവാട്ടു വീട്ടിൽ വെച്ച്, വാർധക്യസംബന്ധമായ അസുഖത്തെത്തുടർന്നായിരുന്നു സാവിത്രി ദേവി അന്തരിച്ചത് . ഗോരഖ്‌പൂരിൽ പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം, മാതാവിന് അന്തിമോപചാരം അർപ്പിക്കാനായി യോഗി ആദിത്യനാഥ് തന്റെ ജന്മഗ്രാമത്തിലേക്ക് എത്തുകയായിരുന്നു.
ലക്ഷ്മൺ ജൂല ബാരേജ് വഴിയുള്ള റോഡ് മാർഗ്ഗമാണ് യോഗി ആദിത്യനാഥ് ഹരിദ്വാറിലേക്ക് പോകുന്നത്. ഹരിദ്വാറിലെ ‘നമാമി ഗംഗേ ഘാട്ടിൽ’ സംസ്കാര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്. അന്ത്യകർമ്മങ്ങളിലും അനുബന്ധ ചടങ്ങുകളിലും പങ്കെടുക്കുന്നതിനായി ഉച്ചയ്‌ക്ക് 2.15 വരെ യോഗി ഉത്തരാഖണ്ഡിൽ ഉണ്ടാകും.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, ഉത്തർപ്രദേശ് സർക്കാരിലെ നിരവധി മന്ത്രിമാർ, മുതിർന്ന രാഷ്‌ട്രീയ നേതാക്കൾ, സന്യാസിമാർ എന്നിവർ സംസ്കാര ചടങ്ങിൽ പങ്കെടുക്കും . പഞ്ചൂർ മുതൽ ഹരിദ്വാർ വരെയുള്ള പാതയിൽ കർശനമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച ഗോരഖ്‌പൂരിൽ ചമ്പ ദേവി പാർക്കിൽ നടന്ന ടാബ്‌ലെറ്റ് വിതരണ പരിപാടിയിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് മാതാവിന്റെ മരണവാർത്ത അദ്ദേഹത്തെ തേടിയെത്തിയത്. ബിജെപി എംപി രവി കിഷനാണ് ഈ വിവരം ആദ്യം അറിയുകയും, തുടർന്ന് ഉത്തർപ്രദേശ് സർക്കാർ ഉപദേഷ്ടാവും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ അവ്നീഷ് അവസ്തിയെ അറിയിക്കുകയും ചെയ്തത്. ഏകദേശം 61 മിനിറ്റ് നീണ്ട പ്രസംഗം പൂർത്തിയാക്കിയ ശേഷം, വേദിക്ക് പിന്നിലേക്ക് എത്തിയ യോഗി ആദിത്യനാഥിനെ അവസ്തി ഈ വിവരം അറിയിച്ചു. വേർപാടിന്റെ വേദന ഉള്ളിലടക്കി സംയമനം പാലിച്ച് അദ്ദേഹം പരിപാടി തുടർന്നു.
പിന്നീട്, മാതാവിന്റെ ഭൗതികശരീരം താങ്ങിനിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട്, സോഷ്യൽ മീഡിയയിൽ അദ്ദേഹം വൈകാരികമായ കുറിപ്പ് പങ്ക് വച്ചു . “അമ്മയുടെ മടിത്തട്ടിനേക്കാൾ വലിയൊരു അഭയസ്ഥാനമില്ല, അമ്മയേക്കാൾ വലിയൊരു ആശ്രയവുമില്ല. അമ്മ നൽകുന്ന സംരക്ഷണത്തിന് തുല്യമായി മറ്റൊന്നില്ല, അമ്മയുടെ സ്നേഹത്തിന് സമാനമായി മറ്റൊന്നുമില്ല.”
ഹരിദ്വാറിൽ വെച്ച് തന്റെ അമ്മയുടെ അന്ത്യകർമ്മങ്ങളിൽ പങ്കെടുത്തതിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയിൽ സംബന്ധിക്കാനായി ആദിത്യനാഥ് ഇന്ന് ലഖ്‌നൗവിലേക്ക് മടങ്ങും.


















