ന്യൂദൽഹി/ബെംഗളൂരു: ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ബാറ്റിങ്ങിൽ സമ്പൂർണ്ണ ആധിപത്യം സ്ഥാപിച്ച് ഇന്ത്യ. ഒന്നിന് 159 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ആതിഥേയർ കളി അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 486 റൺസെന്ന ശക്തമായ നിലയിലെത്തി. ഇതോടെ ഒന്നാം ഇന്നിങ്സിൽ കിവീസിനെതിരെ 118 റൺസിന്റെ നിർണ്ണായക ലീഡ് സ്വന്തമാക്കാൻ ഇന്ത്യയ്‌ക്കായി.
കെ.എൽ. രാഹുലിന്റെ തകർപ്പൻ സെഞ്ച്വറിയും ദേവദത്ത് പടിക്കലിന്റെ അർധസെഞ്ച്വറിയുമാണ് മൂന്നാം ദിനം ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. ന്യൂസിലൻഡ് ബൗളർമാരെ സമ്മർദ്ദത്തിലാക്കിയ ഇരുവരും ചേർന്ന് ഇന്ത്യയ്‌ക്ക് ശക്തമായ അടിത്തറയൊരുക്കി. 290 പന്തുകൾ നേരിട്ട കെ.എൽ. രാഹുൽ 136 റൺസെടുത്തപ്പോൾ, 175 പന്തിൽ 80 റൺസെടുത്താണ് ദേവദത്ത് പടിക്കൽ പുറത്തായത്.
പടിക്കൽ മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ആക്രമണോത്സുക ബാറ്റിങ്ങാണ് പുറത്തെടുത്തത്. എന്നാൽ സെഞ്ച്വറിക്ക് വെറും രണ്ട് റൺസ് അകലെ 98 റൺസെടുത്തു നിൽക്കെ ഗിൽ പുറത്തായത് ഇന്ത്യയ്‌ക്ക് നിരാശയായി. തുടർന്നെത്തിയ ഋഷഭ് പന്ത് അർധസെഞ്ച്വറിയുമായി (62 പന്തിൽ പുറത്താകാതെ 55) ഇന്ത്യൻ ലീഡ് ഉയർത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. മൂന്നാം ദിനം കളി നിർത്തുമ്പോൾ ഋഷഭ് പന്തിനൊപ്പം അൻഷുൽ കാംബോജാണ് ക്രീസിലുള്ളത്.
കെ.എൽ. രാഹുലുമായുള്ള കൂട്ടുകെട്ടാണ് ഇന്ത്യയ്‌ക്ക് മികച്ച ദിനം സമ്മാനിച്ചതെന്ന് കളിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ദേവദത്ത് പടിക്കൽ പറഞ്ഞു. “ഇതൊരു മികച്ച ദിവസമായിരുന്നു. ഞാനും രാഹുലും ചേർന്ന് ദിവസം നന്നായി തുടങ്ങിയത് പ്രധാനമായിരുന്നു. ന്യൂസിലൻഡിനെ മത്സരത്തിലേക്ക് തിരിച്ചുവരാൻ അനുവദിക്കാതെ ആദ്യ സെഷൻ സുരക്ഷിതമായി മറികടക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായിരുന്നെങ്കിൽ അത് സമ്മർദ്ദത്തിലാക്കുമായിരുന്നു. അതിനാൽ കൂട്ടുകെട്ട് കെട്ടിപ്പടുക്കുന്നതിലായിരുന്നു ശ്രദ്ധ,” പടിക്കൽ വ്യക്തമാക്കി.


















