ന്യൂയോർക്ക്: രാജ്യത്തെ പ്രകൃതിവിഭവങ്ങൾ സാധാരണക്കാരുടെ ക്ഷേമത്തിനായി വിനിയോഗിക്കുന്നതിന് പകരം സ്വന്തം സാമ്പത്തിക നേട്ടത്തിനായി ചൂഷണം ചെയ്യുകയാണ് പാകിസ്ഥാൻ സൈനിക നേതൃത്വമെന്ന് ഭാരതം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽ പ്രകൃതിവിഭവങ്ങൾ കാഴ്ചവെച്ച പാക് സൈനിക മേധാവി ആസിം മുനീറിന്റെ നടപടിയെയും ഐക്യരാഷ്‌ട്രസഭയിൽ ഭാരതം രൂക്ഷമായി വിമർശിച്ചു.
പ്രകൃതിവിഭവങ്ങളും സംഘർഷങ്ങളും എന്ന വിഷയത്തിൽ ലൈബീരിയയുടെ നേതൃത്വത്തിൽ യുഎൻ സുരക്ഷാസമിതിയിൽ നടന്ന അനൗദ്യോഗിക ചർച്ചയിലായിരുന്നു ഭാരതത്തിന്റെ സ്ഥിരം പ്രതിനിധി പർവ്വതനേനി ഹരീഷ് പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്. സിന്ധു നദീജല കരാർ സംബന്ധിച്ച് പാക് പ്രതിനിധി സംഘം ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഉഭയകക്ഷി വിഷയങ്ങൾ അന്താരാഷ്‌ട്ര വേദികളിൽ ഉന്നയിക്കാൻ ഭാരതത്തിന് താൽപ്പര്യമില്ലെന്നും, എന്നാൽ ചർച്ചയെ സ്വന്തം കള്ളപ്രചാരണങ്ങൾക്കായി ഉപയോഗിക്കാനുള്ള പാകിസ്ഥാന്റെ നീക്കത്തിന് മറുപടി നൽകാൻ നിർബന്ധിതരാവുകയാണെന്നും ഹരീഷ് വ്യക്തമാക്കി. സിന്ധു നദീജല കരാറിൽ ഭാരതത്തിന്റെ നിലപാട് വ്യക്തവും സ്ഥിരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖനിവിഭവങ്ങൾ സൈന്യത്തിന്റെ കൈപ്പിടിയിൽ
പാകിസ്ഥാനിലെ പ്രകൃതിവിഭവങ്ങളുടെ മേലുള്ള സൈനിക നേതൃത്വത്തിന്റെ അമിത നിയന്ത്രണവും ചൂഷണവും ചൂണ്ടിക്കാട്ടിയാണ് ഹരീഷ് വിമർശനം കടുപ്പിച്ചത്. കഴിഞ്ഞ വർഷം വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ വെച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും കരസേനാ മേധാവി ആസിം മുനീറും ചേർന്ന് ഡൊണാൾഡ് ട്രംപിന് അപൂർവ ധാതുക്കൾ നിറച്ച തടിപ്പെട്ടി സമ്മാനിച്ച സംഭവം അദ്ദേഹം എടുത്തുപറഞ്ഞു. രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങൾ സൈന്യം എങ്ങനെയാണ് ചൂഷണം ചെയ്യുന്നത് എന്നതിന്റെ വ്യക്തമായ തെളിവാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരു പ്രവിശ്യാ സർക്കാരിനെ പിരിച്ചുവിടുന്നതിനും അവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനും പിന്നിൽ ഖനിവിഭവങ്ങളുടെ നിയന്ത്രണം കൈക്കലാക്കാനുള്ള സൈന്യത്തിന്റെ താൽപ്പര്യങ്ങളാണെന്നും ഹരീഷ് തുറന്നടിച്ചു.
പാകിസ്ഥാനെ ഭരിക്കുന്നത് സൈന്യം
പാകിസ്ഥാനിലെ യഥാർത്ഥ ഭരണാധികാരികൾ സൈനിക നേതൃത്വമാണെന്ന് ഭാരതം ചൂണ്ടിക്കാട്ടി. സാധാരണ ജനങ്ങളുടെ ക്ഷേമത്തേക്കാൾ സ്വന്തം സമ്പത്തും അധികാരവും വർധിപ്പിക്കുന്നതിനും അയൽരാജ്യങ്ങളുമായി ശത്രുത വളർത്തുന്നതിനുമാണ് പാക് സൈന്യം മുൻഗണന നൽകുന്നത്. അയൽരാജ്യങ്ങളിൽ സംഘർഷങ്ങൾ സൃഷ്ടിക്കുന്ന നടപടികൾ പാകിസ്ഥാന് തന്നെയാണ് ആത്യന്തികമായി തിരിച്ചടിയാകുന്നതെന്നും പർവ്വതനേനി ഹരീഷ് മുന്നറിയിപ്പ് നൽകി.
2025 ഏപ്രിലിൽ പഹൽഗാമിൽ പാക് പിന്തുണയോടെ ഭീകരർ നടത്തിയ ആക്രമണത്തിൽ 26 നിരപരാധികൾ കൊല്ലപ്പെട്ടതിനെ തുടർന്നാണ് സിന്ധു നദീജല കരാർ ഭാരതം മരവിപ്പിച്ചത്. സുരക്ഷാസമിതിയുടെ അധ്യക്ഷസ്ഥാനം അടുത്ത മാസം ഏറ്റെടുക്കാനിരിക്കുന്ന ലൈബീരിയയാണ് സമാധാനവും സഹകരണവും ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച യോഗം വിളിച്ചുചേർത്തത്.


















