തിരുവനന്തപുരം : അധികാരം മാത്രം ലക്ഷ്യമിട്ട് പാർട്ടി മാറുകയാണ് പത്മജ വേണുഗോപാലെന്ന് വിമർശിച്ച് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. പത്മജ വീണ്ടും കോൺഗ്രസിൽ ചേരുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിനു പിന്നാലെയാണ് തിരിച്ചടിയെന്നോണം ജിന്റോ ജോണിന്റെ പോസ്റ്റ്.
കോൺഗ്രസിൽ അവഗണനയെന്ന പേരിൽ പാർട്ടി വിട്ട പത്മജയ്‌ക്ക് കേരളത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ വീണ്ടും ബിജെപിയിൽ ‘അവഗണന’ തോന്നുന്നത് സ്വാഭാവികമാണെന്നും ജിന്റോ ജോൺ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.
‘ നിരവധിവട്ട സ്ഥാനാർത്ഥിത്വവും കെപിസിസിയുടെ ‘ഉത്തരവാദിത്തപ്പെട്ട’ ഉന്നതസ്ഥാനങ്ങളുമെല്ലാം നൽകിയെങ്കിലും ‘കടുത്ത അവഗണന’ എന്ന് പറഞ്ഞ് പുറത്തുപോയി സോണിയ ഗാന്ധിയേയും രാഹുൽഗാന്ധിയേയും ഹൈക്കമാൻഡിനേയും പാർട്ടിയെ മൊത്തത്തിലും ആവോളം ആക്ഷേപിച്ചത് മറക്കാറായിട്ടില്ല. അവർ തിരിച്ചു വന്നിട്ട് ഇവിടെ എന്ത് ചെയ്യാനാണ് എന്നുള്ള ചോദ്യത്തിന് ഉത്തരവുമില്ല.
കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലം തെരുവിൽ കോൺഗ്രസിനോടൊപ്പം അവരുണ്ടായിരുന്നോ? അവരെത്ര ഉണ്ടായിരുന്നു? അവരെത്ര സമരക്കേസുകളിൽ പ്രതിയായിട്ടുണ്ട്? എത്ര വെയിൽ കൊണ്ടിട്ടുണ്ട്, പ്രയാസപ്പെട്ടിട്ടുണ്ട്? ഒന്നുമില്ല. പത്ത് വർഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം വലിയ ഭൂരിപക്ഷത്തിൽ വന്നപ്പോൾ കോൺഗ്രസ്സിനെ തേടിയെത്തുന്നത് അധികാരവീത കൊതി മാത്രമാണ്.
ഒടുങ്ങാത്ത അധികാരാഗ്രഹങ്ങൾ മാത്രമുള്ളവരെ തൃപ്തിപ്പെടുത്തി ‘പരിഗണനകൾ’ കൊടുക്കാൻ മാത്രം സ്ഥാനങ്ങൾ ഈ പാർട്ടിയിൽ ഇല്ലെന്നും തിരിച്ചറിയണം. മഴ മാറുമ്പോൾ കുടമടക്കി വച്ച് ഇറങ്ങിപ്പോയ പോലെ, വെയില് മാറിയപ്പോൾ ചോലയിൽ നിന്ന് ഇറങ്ങി നടന്നപോലെ പരമാവധി അവസരങ്ങൾ ആസ്വദിച്ച ശേഷം ആക്ഷേപിച്ചു ഇറങ്ങി നടന്നവർക്ക് പരവതാനിയിട്ട് സ്വീകരിക്കും മുൻപ് ഒരു പൊതുനിലപാട് ഉണ്ടാകണം. കാരണം അവർക്ക് ഈ പാർട്ടി വെറുമൊരു കുടയും തണലും മാത്രമായിരുന്നു.
ആമാശയ പൂരണത്തിനായി കടുത്ത വർഗീയതയും വിദ്വേഷവും വെറുപ്പും പറയുന്നവരുടെ വഴിയമ്പലമായി കോൺഗ്രസ്സിനെ മാറ്റരുത്.പാവപ്പെട്ട പ്രവർത്തകരുടെ വിയർപ്പിന്റെ ഉപ്പുംകൂട്ടി പരമാവധി ഉണ്ടുവളർന്നവർ തോന്നിയപോലെ ഇറങ്ങിനടന്ന് തിരികെയെത്തുമ്പോൾ ബന്ധുതർക്കം തീർത്തു കൊടുക്കാൻ ഇത് കുടുംബസ്വത്ത് വീതംവയ്‌ക്കലല്ല എന്ന് ഓർമ്മിപ്പിക്കണം. ഈ പാർട്ടിക്ക് വേണ്ടി തെരുവിൽ പോരാടി ജയിച്ച മനുഷ്യരുടെ ആത്മാഭിമാനത്തിന്റേയും രാഷ്‌ട്രീയാന്തസ്സിന്റേയും ഓഹരി കൊടുക്കും മുമ്പ് ഞങ്ങൾക്കും കൂടി ബോധ്യപ്പെടണം.
പറ്റിത്തീനികൾ ബാക്കിവച്ച കോൺഗ്രസ്സിനെ കൊണ്ട് കുറേ മനുഷ്യർ രാപകലുകൾ പോരാടി നേടിയ വിജയത്തിന്റെ പങ്കുപറ്റാൻ വരുന്നവരുടെ മുൻചെയ്തികളെ മറക്കാനുള്ള സമയമെങ്കിലും തരൂ. ഉന്നത നേതാക്കളുടെ ഒറ്റവിളിയിൽ മറക്കേണ്ടതല്ല ഞങ്ങളെപ്പോലുള്ള സാധാരണ പ്രവർത്തകർക്കേറ്റ മുറിവിന്റെയാഴം.
ഏതെങ്കിലും പഞ്ചായത്തിലെ പ്രാദേശിക അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ പാർട്ടിയുമായി അകന്ന പ്രവർത്തകർക്ക് പോലും തിരികെ വരാൻ ഒരുപാട് കടമ്പകൾ കടക്കണമെന്നിരിക്കെ സകല അധികാര സൗകര്യങ്ങളും കിട്ടിയതിന്റെ എല്ലിനിടയിൽകുത്ത് കൊണ്ട് പാർട്ടിയെ, പണിയെടുക്കുന്ന പ്രവർത്തകരെ ആക്ഷേപിച്ച് പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയപ്പോയവർക്കുള്ള എളുപ്പയിടമല്ല കെപിസിസി ഓഫീസെന്ന് ബോധ്യപ്പെടുത്തണം.
തത്ക്കാല ഭാഗ്യാനേഷികളായി ബിജെപി വിടുന്നവർ ഒരല്പ്സമയം പുറത്തു നിൽക്കട്ടെ, പൊളിറ്റിക്കൽ ക്ലാരിറ്റി വരുത്തട്ടെ. ചിലർക്കൊക്കെ ഒരു ഹിതപരിശോധന വേണ്ടതല്ലേ? അവസര വാദത്തിന്റെ നാണംകെട്ട മാതൃകകൾക്ക് ഒരു പരിധിയൊക്കെയില്ലേയെന്ന് മനുഷ്യർ ചോദിക്കുമ്പോൾ ഞങ്ങൾക്ക്, പ്രവർത്തകർക്ക് ഉത്തരവും വേണ്ടേ?ബിജെപിയോട് ഇ-മെയിലെങ്കിലും അയച്ച് രാജി പറയാനുള്ള മര്യാദ കാണിച്ച അവരന്ന് കോൺഗ്രസ്സിനെ തെരുവിൽ നിർത്തിയത് എത്രമാത്രം അവജ്ഞയോടെയാണെന്ന് ഓർമ്മപ്പെടുത്തണം.
ആര് വന്നാലും നമുക്ക് സ്വീകരിക്കാം. പക്ഷേ അതിനെല്ലാം പ്രവർത്തകർക്കും സാമാന്യജനത്തിനും മനസ്സിലാകുന്ന ഒരു രാഷ്‌ട്രീയ സാഹചര്യം കൂടി വേണ്ടതല്ലേ. ഇനിയുള്ള കാലമെങ്കിലും വിശ്വസിക്കാൻ പറ്റുന്നത്ര പശ്ചാതാപമുള്ള ധൂർത്തപുത്രരെന്ന് ബോധ്യപ്പെടുത്തട്ടെ. അവരൊന്നല്പ്പം കാത്ത് നിൽക്കട്ടെ. ക്ലാരിറ്റി വരുത്തട്ടെ. ഇനിയും ഇട്ടെറിഞ്ഞ് പോകില്ലെന്ന് ഉറപ്പാക്കട്ടെ.
കോൺഗ്രസിനെ അടുത്ത പരിചയമില്ലാത്തവർ സിപിഎമ്മിൽ നിന്നും ബിജെപിയിൽ നിന്നും ഇങ്ങോട്ട് വരുന്നതുപോലെയല്ല പതിറ്റാണ്ടുകളോളം സർവ്വസൗകര്യങ്ങളും പറ്റി ഇവിടെ നിന്നവർ കൂടുതൽ ‘മെച്ചങ്ങൾക്കായി’ ഇടയ്‌ക്ക് ഇട്ടെറിഞ്ഞ് പോയി അലഞ്ഞുതിരിഞ്ഞ് തിരിച്ചുവരുന്നത്. ആ പശ്ചാത്താപ വിവശത പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്. ‘ എന്നാണ് ജിന്റോ ജോണിന്റെ വാക്കുകൾ.


















