ലഖ്‌നൗ: പരമ്പരാഗത വിവാഹരീതികൾക്ക് വിരാമമിട്ട് ഉത്തർപ്രദേശിൽ ഒരു വരന്റെ വ്യത്യസ്തമായ യാത്ര സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ആഡംബര കാറുകളോ പരമ്പരാഗത കുതിരസവാരിയോ ഒഴിവാക്കി ജെസിബി ബുൾഡോസറിലാണ് വരൻ വധുവിന്റെ വീട്ടിലേക്ക് എത്തിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണശൈലിയിൽ ആകൃഷ്ടനായാണ് താൻ ഈ മാതൃക തിരഞ്ഞെടുത്തതെന്ന് വരൻ വ്യക്തമാക്കി.
ഉത്തർപ്രദേശിലെ ബഹ്‌റൈഞ്ച് ജില്ലയിലാണ് കൗതുകം ഉണർത്തിയ ഈ വിവാഹയാത്ര നടന്നത്. അർകാപൂർ ഗ്രാമത്തിൽ നിന്നുള്ള അബ്ദുൾ കലാം എന്ന യുവാവാണ് ആഡംബര വാഹനങ്ങൾ മാറ്റിവെച്ച് ജെസിബിയിൽ വധുവിന്റെ ഗ്രാമമായ ഖുതെഹ്ന ബസാറിലേക്ക് എത്തിയത്. പരമ്പരാഗത വാഹനങ്ങളിൽ വിവാഹത്തിനെത്താനാണ് ബന്ധുക്കളും സുഹൃത്തുക്കളും ആദ്യം നിർദ്ദേശിച്ചതെങ്കിലും, താൻ ജെസിബിയിൽ തന്നെ പോകുമെന്ന് കലാം തീരുമാനിക്കുകയായിരുന്നു.
“സംസ്ഥാനത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണമാതൃകയിലും, പ്രത്യേകിച്ച് കുറ്റകൃത്യങ്ങൾക്കും നിയമവാഴ്ചയ്‌ക്കും എതിരെയുള്ള അദ്ദേഹത്തിന്റെ കർശന നിലപാടുകളിലും ഞാൻ ആകൃഷ്ടനാണ്. ബുൾഡോസർ എന്നത് മുഖ്യമന്ത്രിയുടെ ഭരണത്തിന്റെ പ്രധാനപ്പെട്ട ഒരു പ്രതീകമായി മാറിയിരിക്കുന്നു. ആ പ്രതീകത്തോടുള്ള ആദരസൂചകമായാണ് ഞാൻ എന്റെ വിവാഹത്തിന് ഇത് തിരഞ്ഞെടുത്തത്.”- വിവാഹത്തിന് ജെസിബി തിരഞ്ഞെടുക്കാനുള്ള കാരണത്തെക്കുറിച്ച് വരൻ പ്രതികരിച്ചത് ഇങ്ങനെയാണ്.
കൗതുകമുണർത്തിയ കാഴ്ച
പെട്ടെന്ന് ഗ്രാമവീഥികളിലൂടെ ജെസിബി വരുന്നത് കണ്ട് നാട്ടുകാർ ആദ്യം എന്തെങ്കിലും നിർമ്മാണ ജോലികൾക്കോ പൊളിച്ചുമാറ്റലിനോ എത്തിയതാണെന്നാണ് കരുതിയത്. എന്നാൽ വിവാഹ വേഷധാരിയായി സെഹ്‌റ ധരിച്ച് ജെസിബിയിൽ വന്നിറങ്ങിയ വരനെ കണ്ടതോടെ ആളുകൾ അത്ഭുതപ്പെട്ടു. നിരവധി പേർ ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണുകളിൽ പകർത്തുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. എന്തായാലും യുപിയിലെ ഈ വ്യത്യസ്തമായ വിവാഹയാത്ര ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.


















