തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹവാല ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). വിദേശത്തേക്ക് ഹവാല വഴി പണം കടത്തിയെന്ന ആരോപണത്തിൽ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിനായി ദുബായ് അധികൃതരുടെ സഹായം തേടാനാണ് നീക്കം. ഇതിനായി ലെറ്റേഴ്സ് റോഗേറ്ററി (Letters Rogatory) കൈമാറുന്നതിനുള്ള നടപടികൾ ഇ.ഡി. ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.
മറ്റൊരു രാജ്യത്തുനിന്ന് അന്വേഷണത്തിന് ആവശ്യമായ തെളിവുകളും രേഖകളും ശേഖരിക്കാൻ ആ രാജ്യത്തെ അധികൃതരോട് ഔദ്യോഗികമായി അഭ്യർഥിക്കുന്ന നിയമനടപടിയാണ് ലെറ്റേഴ്സ് റോഗേറ്ററി. കൊച്ചിയിലെ പ്രത്യേക പി.എം.എൽ.എ. കോടതിയുടെ അനുമതി തേടിയശേഷം ആവശ്യമായ ചോദ്യങ്ങളും വിവരശേഖരണത്തിനുള്ള നിർദേശങ്ങളും തയ്യാറാക്കുമെന്നാണ് വിവരം. തുടർന്ന് ധനകാര്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ദുബായ് അധികൃതർക്ക് അപേക്ഷ കൈമാറും.
ദുബായിൽനിന്ന് ലഭിക്കുന്ന വിവരങ്ങളും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും പരിശോധിച്ചശേഷമായിരിക്കും അന്വേഷണത്തിന്റെ തുടർനടപടികൾ സംബന്ധിച്ച് ഇ.ഡി. തീരുമാനിക്കുക.
‘റെഡ് ബുക്കി’ലെ വിവരങ്ങൾ പരിശോധിക്കുന്നു
മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ വീണ വിജയന്റെ പക്കൽനിന്ന് പിടിച്ചെടുത്ത ‘റെഡ് ബുക്കിലെ’ കുറിപ്പുകളും ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട മൊഴികളുമാണ് അന്വേഷണത്തിലെ പ്രധാന തെളിവുകളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരം അഞ്ചു തവണയായി 1.2 കോടി രൂപ ദുബായിലേക്ക് ഹവാല വഴി കൈമാറിയെന്നാണ് റിയാസിന്റെ സുഹൃത്തായ കെ. വാരിഷ് നൽകിയ മൊഴിയെ ഉദ്ധരിച്ച് ഇ.ഡി. ആരോപിക്കുന്നത്. പണമിടപാടുകളുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് സന്ദേശങ്ങളും മറ്റു രേഖകളും ലഭിച്ചതായും അന്വേഷണ ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.
വിദേശത്തേക്ക് പണം കൈമാറിയെന്ന ആരോപണത്തിൽ സാമ്പത്തിക ഇടപാടുകളുടെ ഉറവിടം, പണം സ്വീകരിച്ച വ്യക്തികൾ, ഇടപാടുകളുടെ ലക്ഷ്യം എന്നിവ വ്യക്തമാക്കുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യം.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വീണ വിജയൻ എന്നിവരുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള ആരോപണങ്ങളാണ് നിലവിലെ അന്വേഷണത്തിന്റെ ഭാഗം. ദുബായ് അധികൃതരിൽനിന്ന് വിവരങ്ങൾ ലഭിക്കുന്നതും അവ പരിശോധിക്കുന്നതും ഉൾപ്പെടെയുള്ള തുടർനടപടികൾക്ക് ശേഷമായിരിക്കും ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യുന്നതിനോ സമൻസ് അയയ്‌ക്കുന്നതിനോ ഇ.ഡി. തീരുമാനിക്കുക.
















