കൊച്ചി: എറണാകുളത്തെ കടവു ഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട കേസിലെ പ്രതി എബിൻ പോൾ, നേരത്തേ ഒഴിഞ്ഞുകിടന്ന വീടിനും യൂസ്ഡ് കാർ ഷോറൂമിനും തീയിട്ടതായി പോലീസ്. വാളകം അമ്പലപ്പടിയിലെ ആൾത്താമസമില്ലാത്ത വീട്ടിൽ ജനുവരിയിലും മാർച്ചിലുമായി രണ്ടുതവണ തീയിട്ടെന്നാണ് കണ്ടെത്തൽ. സംഭവങ്ങളുടെ ദൃശ്യങ്ങൾ ‘ബോസ്’ എന്ന പേരിലുള്ള അജ്ഞാത വ്യക്തിയുടെ ചാറ്റിലേക്ക് അയച്ചതിനു പിന്നാലെ പ്രതിഫലം ലഭിച്ചെന്നും പോലീസ് പറയുന്നു. ഓരോ ആക്രമണത്തിനും 10,000 രൂപ വീതം ഫോൺപേ വഴി ലഭിച്ചെന്നാണ് എബിൻ പോൾ മൊഴി നൽകിയതെന്നാണ് വിവരം.
ആദ്യഘട്ടത്തിൽ ചെറിയ ആക്രമണങ്ങൾ നടത്തി കഴിവ് തെളിയിക്കുകയായിരുന്നു ലക്ഷ്യമെന്നും പിന്നീട് മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിന് തീയിട്ടെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ. ഓരോ സംഭവത്തിനും പ്രതിഫലം വർധിപ്പിച്ച് കൂടുതൽ വലിയ ആക്രമണത്തിന് എബിനെ തയ്യാറാക്കുകയായിരുന്നു ‘ബോസ്’ എന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. എന്നാൽ, ഇയാളുടെ യഥാർഥ വ്യക്തിത്വവും ആക്രമണങ്ങൾക്ക് പിന്നിലെ ലക്ഷ്യവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.
കേന്ദ്ര ഏജൻസികളുടെ ഇടപെടലിന് സാധ്യത
കേസിൽ കേന്ദ്ര ഏജൻസികൾ ഉടൻ ഇടപെട്ടേക്കുമെന്നാണ് സൂചന. എബിൻ പോളിന്റെ ഫോണിലെ വിവരങ്ങൾ വിശദമായി പരിശോധിച്ചുവരികയാണ്. ഇവയിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതോടെ കേസ് കേന്ദ്ര ഏജൻസികൾക്ക് കൈമാറിയേക്കും. ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) ഇന്റലിജൻസ് ബ്യൂറോയും (ഐബി) നേരത്തേ വിവരങ്ങൾ ശേഖരിച്ചിരുന്നു.
ഇന്ന് പ്രതിയുടെ അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി അവസാനിക്കും. കേന്ദ്ര ഏജൻസികൾ കേസ് ഏറ്റെടുക്കാനുള്ള സാധ്യത പരിഗണിച്ച് തൽക്കാലം വീണ്ടും കസ്റ്റഡിയിൽ വാങ്ങേണ്ടതില്ലെന്നാണ് പോലീസിന്റെ തീരുമാനം.
പരീക്ഷണമായിരുന്നു ആദ്യ ആക്രമണങ്ങളെന്ന് മൊഴി
വാളകം അമ്പലപ്പടിയിലെ വീട്ടിലും മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിലും നടത്തിയ തീയിടൽ പരീക്ഷണാടിസ്ഥാനത്തിലായിരുന്നുവെന്നാണ് എബിൻ പോൾ പോലീസിനോട് പറഞ്ഞത്. ആക്രമണങ്ങളുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ‘ബോസി’ന് അയച്ചുനൽകിയെന്നും തുടർന്ന് പണം ലഭിച്ചെന്നുമാണ് മൊഴിയിലുള്ളതെന്ന് അന്വേഷണവൃത്തങ്ങൾ പറയുന്നു.
അമ്പലപ്പടിയിലെ വീട്ടിൽ ആദ്യതവണ ജനാലകളിലും രണ്ടാമത് മുൻവാതിലിലും പെട്രോൾ ഒഴിച്ചാണ് തീയിട്ടതെന്നാണ് വിവരം. സംഭവസ്ഥലത്ത് ദൃശ്യങ്ങൾ പകർത്തുന്ന എബിൻ പോളിന്റെ ചിത്രങ്ങൾ സിസിടിവിയിലും പതിഞ്ഞിരുന്നു.
വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പ്
കഴിഞ്ഞ 12-ന് പുലർച്ചെയാണ് എബിൻ പോൾ എറണാകുളം മാർക്കറ്റിലെ കടവുമ്പാഗം സിനഗോഗിന് മുന്നിൽ തീയിട്ടത്. ഫോണിലെ വിവരങ്ങൾ പരിശോധിച്ചതോടെയാണ് അജ്ഞാത വ്യക്തിയുടെ നിർദേശപ്രകാരം ആക്രമണം നടത്തിയെന്ന സംശയം പോലീസിനുണ്ടായത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ അയച്ചുനൽകിയശേഷം പണം ലഭിച്ചെന്ന വിവരവും അന്വേഷണത്തിൽ പുറത്തുവന്നതായാണ് റിപ്പോർട്ട്.
18-ന് ഉച്ചവരെ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് പ്രതിയെ വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പിനായി കൊണ്ടുപോയത്. കനത്ത പോലീസ് സുരക്ഷയിലായിരുന്നു നടപടി.
ആദ്യം ബ്രോഡ്വേയിലെ സിനഗോഗിൽ തെളിവെടുപ്പ് നടത്തി. തുടർന്ന് കമ്പിത്തിരി വാങ്ങിയ തൃപ്പൂണിത്തുറയിലെ പടക്കക്കട, ലൈറ്റർ വാങ്ങിയ പുത്തൻകുരിശിലെ കട, പെട്രോൾ വാങ്ങിയ പമ്പ് എന്നിവിടങ്ങളിലെത്തി. മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിലും അവിടെ തീയിടാൻ പെട്രോൾ വാങ്ങിയ പമ്പിലും വാളകം അമ്പലപ്പടിയിലെ വീട്ടിലും തെളിവെടുപ്പ് പൂർത്തിയാക്കി.
ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചെന്ന് സംശയിക്കുന്ന ‘ബോസി’നെ കണ്ടെത്തുന്നതിനും ഇയാളുടെ നിർദേശങ്ങൾ, പണമിടപാടുകൾ, മറ്റ് ബന്ധങ്ങൾ എന്നിവ സ്ഥിരീകരിക്കുന്നതിനുമാണ് അന്വേഷണസംഘം പ്രധാനമായും ശ്രമിക്കുന്നത്.
















