ജനാധിപത്യത്തില്‍ ഒരു തീരുമാനത്തോട് വിയോജിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അത്തരം വിയോജിപ്പുകള്‍ അസത്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കരുത്. അതുപോലെ, ക്രമസമാധാന തകര്‍ച്ചയും അരാജകത്വവും സൃഷ്ടിക്കുകയെന്ന ലക്ഷ്യവും അവയ്‌ക്കുണ്ടാകരുത്. ഭരണഘടനാ നിര്‍മാണ സഭയില്‍ നടത്തിയ പ്രസിദ്ധമായ പ്രസംഗത്തില്‍, പലപ്പോഴും ‘അരാജകത്വത്തിന്റെ വ്യാകരണം’ എന്നറിയപ്പെടുന്ന പ്രഭാഷണത്തില്‍, ഭരണഘടനാവിരുദ്ധമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ഡോ. ബി.ആര്‍. അംബേദ്കര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ സന്ദേശത്തിന് ഇന്നും വലിയ പ്രസക്തിയുണ്ട്. ജനാധിപത്യത്തില്‍ വിയോജിപ്പും അരാജകത്വവും തമ്മിലുള്ള നിര്‍ണായകമായ വ്യത്യാസം മനസ്സിലാക്കുന്നതിനായി പ്രതിപക്ഷ നേതാക്കള്‍ ഈ ചരിത്രപ്രസിദ്ധമായ പ്രസംഗം വായിക്കുന്നത് നന്നായിരിക്കും.
യുദ്ധത്തില്‍ പലപ്പോഴും ആദ്യം ബലിയാടാകുന്നത് സത്യമാണെന്ന് പറയാറുണ്ട്. രാഷ്‌ട്രീയ മത്സരങ്ങളുടെ കാര്യത്തിലും ഇത് കൂടുതല്‍ ശരിയായിക്കൊണ്ടിരിക്കുന്നു. പൊതുചര്‍ച്ചകളില്‍ സത്യാനന്തര രാഷ്‌ട്രീയം പ്രധാന ഘടകമായി ഉയര്‍ന്നുവരുന്നു. സത്യാനന്തര സാഹചര്യത്തില്‍, വസ്തുതകള്‍ക്കും പരിശോധിച്ചുറപ്പിക്കാവുന്ന തെളിവുകള്‍ക്കും ഉപരി യുക്തിരഹിതമായ വ്യാജപ്രചാരണങ്ങള്‍ക്കും വളച്ചൊടിച്ച ആഖ്യാനങ്ങള്‍ക്കും വൈകാരികമായ അഭ്യര്‍ഥനകള്‍ക്കുമാണ് പലപ്പോഴും മുന്‍തൂക്കം ലഭിക്കുന്നത്. യുക്തിസഹമായ സംവാദങ്ങള്‍ക്കു പകരം ജനവികാരം ചൂഷണം ചെയ്യുന്ന പ്രസംഗങ്ങള്‍ സ്ഥാനം പിടിക്കുന്നു.
ഒരുകാലത്ത് അക്കാദമിക ചര്‍ച്ചകളില്‍ മാത്രം പ്രധാനമായിരുന്ന സത്യാനന്തര പ്രവണത ഇന്ന് ദൈനംദിന രാഷ്‌ട്രീയത്തിന്റെ ഭാഗമായിമാറി. ജനത്തെ തെറ്റിദ്ധരിപ്പിക്കുകയും അവരുടെ യാഥാര്‍ഥ്യ ബോധത്തെപ്പോലും ചോദ്യം ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള തെറ്റായ പ്രചാരണങ്ങള്‍, പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാന്‍ മാത്രമല്ല, ജനാധിപത്യ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കാനും വ്യാപകമായി ഉപയോഗിക്കുന്നു.
ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ പ്രകടമായി ഇല്ലാതിരുന്നിട്ടുപോലും അവ ആവര്‍ത്തിക്കുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ സത്യം ആദ്യത്തെ ഇര മാത്രമല്ല, ഒടുവില്‍ പൂര്‍ണമായും ഇല്ലാതാക്കപ്പെടുന്ന ഒന്നായി മാറാനുള്ള അപകടവും നിലനില്‍ക്കുന്നു.
ഭാരതത്തിന്റെ രാഷ്‌ട്രീയ സംവാദങ്ങളും ഈ സത്യാനന്തര പ്രതിഭാസത്തില്‍നിന്ന് മുക്തമല്ല. പ്രതിപക്ഷത്തെ ചില വിഭാഗങ്ങള്‍ കൃത്രിമമായി രോഷം സൃഷ്ടിക്കുകയും വ്യാജപ്രചാരണങ്ങള്‍ നടത്തുകയും തെറ്റായ വിവരങ്ങളെ ആയുധമാക്കി അരാജകത്വം പടര്‍ത്തുകയും ചെയ്യുന്നതായി കാണാം. ദേശീയ താല്‍പ്പര്യങ്ങളെക്കാള്‍ സ്വന്തം രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന പ്രവണതയാണിത്.
പ്രതിപക്ഷത്തിനെതിരായ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയോ ഭരണഘടനാ സ്ഥാപനങ്ങള്‍ വിമര്‍ശനത്തിന് അതീതമാണെന്ന് അവകാശപ്പെടുകയോ ചെയ്യുകയല്ല ഈ ലേഖനത്തിന്റെ ലക്ഷ്യം. വിയോജിപ്പാണ് ജനാധിപത്യത്തിന്റെ ജീവരക്തം. എന്നാല്‍, അത് അസത്യങ്ങള്‍ പ്രചരിപ്പിക്കാനുള്ള അനുമതിയല്ല. മെച്ചപ്പെട്ട നയരൂപീകരണത്തിന് അഭിപ്രായവ്യത്യാസങ്ങള്‍ ആവശ്യമാണ്. എന്നാല്‍, വസ്തുതാപരമായ പരിശോധനയില്‍ തകര്‍ന്നുവീഴുന്ന ആരോപണങ്ങളിലൂടെ പൊതുജനവിശ്വാസത്തെ പ്രതികാരബുദ്ധിയോടെ നിരന്തരമായി ആക്രമിക്കാനുള്ള അനുവാദമായി അതിനെ കാണാനാകില്ല.
അതിനാല്‍, കെട്ടിച്ചമച്ച നുണകളുടെ സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ നിറഞ്ഞ രാഷ്‌ട്രീയം മൂലം ക്ഷയിച്ചുപോയ ഭരണഘടനാ സ്ഥാപനങ്ങളിലുള്ള പൊതുജനവിശ്വാസം പുനഃസ്ഥാപിക്കുകയും ഇത്തരം അസത്യങ്ങള്‍ തുറന്നുകാട്ടുകയുമാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. തെരഞ്ഞെടുപ്പ് സ്ഥാപനങ്ങളെയും തെരഞ്ഞെടുപ്പ് പ്രക്രിയകളെയും പ്രതിപക്ഷത്തെ ചില വിഭാഗങ്ങള്‍ എങ്ങനെയാണ് നിരന്തരം ആക്രമിക്കുന്നതെന്ന് പരിശോധിക്കുമ്പോള്‍ ഈ വിഷയം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. ജനങ്ങള്‍ അവരെ ആവര്‍ത്തിച്ച് നിരാകരിക്കുന്നുവെന്ന വസ്തുത മറച്ചുവയ്‌ക്കാനാണ് ഇത്തരം നീക്കങ്ങള്‍.
പ്രത്യേകിച്ചും മൂന്ന് വിഷയങ്ങള്‍ ശ്രദ്ധേയമാണ്: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ (ഇവിഎം) കൃത്രിമം നടന്നുവെന്ന ആവര്‍ത്തിച്ചുള്ള ആരോപണങ്ങള്‍, തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി (എസ്ഐആര്‍) ബന്ധപ്പെട്ട വിവാദം, ഭാരതത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിഷനെ അപകീര്‍ത്തിപ്പെടുത്താനുള്ള സത്യസന്ധതയില്ലാത്ത ശ്രമങ്ങള്‍.
ആദ്യം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ കാര്യമെടുക്കാം. ഈ യന്ത്രങ്ങളില്‍ കൃത്രിമം നടന്നുവെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ആരോപിച്ചിട്ടുണ്ട്. ഇത്തരം വെല്ലുവിളികള്‍ സുപ്രീംകോടതി നിരവധി തവണ പരിശോധിച്ചിട്ടുണ്ട്. ഒടുവില്‍, 2024ല്‍ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് വേഴ്സസ് ഇലക്ഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ എന്ന കേസില്‍ സുപ്രീംകോടതി എല്ലാ സംശയങ്ങള്‍ക്കും വിരാമമിടുകയും കടലാസ് ബാലറ്റുകളിലേക്കു മടങ്ങണമെന്ന ആവശ്യങ്ങള്‍ തള്ളുകയും ചെയ്തു. വ്യക്തമായ തെളിവുകളോ വിവരങ്ങളോ ഇല്ലാതെ സംശയത്തിന്റെയും ആശങ്കയുടെയും അടിസ്ഥാനത്തില്‍ ആവര്‍ത്തിച്ച് ഉന്നയിക്കുന്ന ഇത്തരം വെല്ലുവിളികള്‍ ‘അങ്ങേയറ്റം അപലപനീയവും അഭികാമ്യമല്ലാത്തതുമാണ്’ എന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍, ഒരേ നുണ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതില്‍നിന്ന് പ്രതിപക്ഷത്തെ തടയാന്‍ ഈ നിരീക്ഷണങ്ങള്‍ക്കുപോലും കഴിഞ്ഞില്ല.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവാദവും സത്യാനന്തര കാലഘട്ടത്തില്‍ ചിലര്‍ ഇടുങ്ങിയ രാഷ്‌ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി നിയമപരമായും ഭരണപരമായും ന്യായീകരിക്കാവുന്ന നടപടിയെ എങ്ങനെ ചോദ്യം ചെയ്യുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമാണ്.
2025ല്‍ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് വേഴ്സസ് ഇലക്ഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ കേസിലെ വിധിയില്‍, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകളുടെ അടിസ്ഥാനശിലയാണ് വോട്ടര്‍പട്ടികയുടെ വിശ്വാസ്യതയെന്ന് സുപ്രീംകോടതി സ്ഥിരീകരിച്ചു. വോട്ടര്‍പട്ടികയുടെ ‘കൃത്യത, പൂര്‍ണത, വിശ്വാസ്യത’ എന്നിവ ഉറപ്പാക്കുകയെന്ന ലക്ഷ്യം ‘നിയമാനുസൃതം മാത്രമല്ല, കമ്മിഷനില്‍ നിക്ഷിപ്തമായ ഭരണഘടനാപരമായ ചുമതലയുടെ അവിഭാജ്യ ഘടകവുമാണ്’ എന്ന് കോടതി വിശേഷിപ്പിച്ചു.
വോട്ടര്‍പട്ടിക പരിഷ്‌കരിക്കുന്നതിന് മുന്നോട്ടുവച്ച കാരണങ്ങള്‍ക്ക് വിശ്വാസയോഗ്യമായ തെരഞ്ഞെടുപ്പ് പ്രക്രിയ നിലനിര്‍ത്തുന്നതുമായി ‘നേരിട്ടുള്ളതും യുക്തിസഹവുമായ ബന്ധമുണ്ടെന്നും’ കോടതി കണ്ടെത്തി. ഈ നിരീക്ഷണങ്ങള്‍ അടിസ്ഥാനപരമായ ഒരു തത്ത്വത്തെ ശക്തിപ്പെടുത്തുന്നു: വോട്ടവകാശം സംരക്ഷിക്കുക എന്നതിനര്‍ഥം വോട്ടവകാശമുള്ള ഓരോ വ്യക്തിയുടെയും അവകാശം ഉറപ്പാക്കുക എന്നതു മാത്രമല്ല; വോട്ടര്‍പട്ടിക കൃത്യവും പൂര്‍ണവും വിശ്വാസയോഗ്യവുമായി നിലനിര്‍ത്തുക എന്നതും അതില്‍ ഉള്‍പ്പെടുന്നു.
ഇവിഎമ്മുകള്‍ക്കും എസ്ഐആറിനും അപ്പുറം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ പദവിയെയും അതുവഴി തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്ന സ്ഥാപനത്തെയാകെയും അപകീര്‍ത്തിപ്പെടുത്തുന്നതിനായി നിരന്തരമായ പ്രചാരണം നടന്നിട്ടുണ്ട്. ഏകദേശം ഏഴ് പതിറ്റാണ്ടോളം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ എക്സിക്യൂട്ടീവിന്റെ നിയന്ത്രണം നിലനിര്‍ത്തി. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ ഒന്നിലധികം അംഗങ്ങളുള്ള തെരഞ്ഞെടുപ്പ് സമിതിയിലൂടെ നിയമനപ്രക്രിയയ്‌ക്ക് സ്ഥാപനപരമായ രൂപം നല്‍കി, ഞങ്ങളുടെ സര്‍ക്കാര്‍ ഈ രീതി മാറ്റി.
ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്ന കാര്യത്തിലും കോണ്‍ഗ്രസിന്റെ മുന്‍കാല റെക്കോര്‍ഡ് ഒട്ടും പ്രചോദനകരമല്ല. 1951ല്‍, അന്നത്തെ സര്‍ക്കാര്‍ സുപ്രീംകോടതി വിധി മറികടക്കുന്നതിനായി ഭരണഘടനയുടെ ഒന്നാം ഭേദഗതി കൊണ്ടുവരികയും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.
അടിയന്തരാവസ്ഥക്കാലത്ത്, സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഭരണഘടനാ ഭേദഗതികള്‍ ആയുധമാക്കി മാറ്റി. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള നടപടികളെ കോടതിയില്‍ ചോദ്യം ചെയ്യാനാകാത്തതാക്കി മാറ്റുകയും പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് നടപടികളെ നീതിന്യായ പരിശോധനയ്‌ക്ക് അതീതമാക്കുകയും ചെയ്തു. ഉന്നത ഭരണഘടനാ പദവികള്‍ വഹിക്കുന്നവര്‍ക്ക് വ്യാപകമായ നിയമപരിരക്ഷ നല്‍കുകയും ജുഡീഷ്യല്‍ റിവ്യൂ അഥവാ നീതിന്യായ പുനഃപരിശോധനയുടെ അധികാരം പരിമിതപ്പെടുത്തുകയും ചെയ്തു.
ഭരണഘടനാ പരിഷ്‌കരണത്തിനുള്ള ഉപാധിയായിരുന്ന ഭേദഗതി അധികാരം, എക്സിക്യൂട്ടീവിന്റെ അധികാരം വിപുലീകരിക്കുന്നതിനുള്ള ഉപകരണമായി മാറ്റപ്പെട്ടു.
സ്ഥാപനങ്ങളെ ചവിട്ടിമെതിക്കുക മാത്രമല്ല, പൗരന്മാരുടെ മനുഷ്യാവകാശങ്ങള്‍ പോലും ലംഘിക്കപ്പെട്ടു. അന്നത്തെ കേന്ദ്രസര്‍ക്കാരിനെ പ്രതിനിധാനം ചെയ്ത അറ്റോര്‍ണി ജനറല്‍ നിരേന്‍ ഡേ സുപ്രീംകോടതിയില്‍ വാദിച്ചത്, വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നിരപരാധിയെ കൊലപ്പെടുത്തിയാല്‍പ്പോലും ഇരയുടെ കുടുംബത്തിന് നീതിക്കായി കോടതിയെ സമീപിക്കാനാകില്ല എന്നായിരുന്നു.
ഇതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 12 വര്‍ഷമായി ഭരണഘടനയോട് പുലര്‍ത്തിവരുന്ന ആദരത്തെ താരതമ്യം ചെയ്യുക. പാര്‍ലമെന്റില്‍ പ്രത്യേക ഭൂരിപക്ഷത്തോടെ പാസാക്കിയ 99-ാമത് ഭരണഘടനാ ഭേദഗതി നിയമം സുപ്രീംകോടതി റദ്ദാക്കി. ആ വിധിയെ മാനിക്കുക മാത്രമല്ല, പിന്‍വാതില്‍ നിയമനിര്‍മാണത്തിലൂടെ അതിനെ മറികടക്കാനുള്ള ശ്രമങ്ങളൊന്നും നടത്തുകയും ചെയ്തില്ല. ഭരണഘടനയോടും അതിന്റെ തത്വങ്ങളോടുമുള്ള ഈ ആദരമാണ് രാജ്യത്തെ സംബന്ധിച്ച ഏറ്റവും നിര്‍ണായകമായ ചില വിഷയങ്ങളില്‍ ഞങ്ങളുടെ സമീപനത്തെയും നയിച്ചത്.
സുപ്രീംകോടതിയുടെ വിധിക്കുശേഷം മാത്രമാണ് രാമക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 370-ാം അനുച്ഛേദം റദ്ദാക്കുകയും ആ തീരുമാനത്തെ സുപ്രീംകോടതി ശരിവയ്‌ക്കുകയും ചെയ്തപ്പോഴും പ്രതിപക്ഷത്തെ പലരും വിധിയോട് വിയോജിപ്പ് പ്രകടിപ്പിച്ചു. കോണ്‍ഗ്രസ് നിയമനിര്‍മാണ പ്രക്രിയകളെയും ഭരണഘടനാ പദവികളെയും വെറുതെ വിട്ടിട്ടില്ല. പ്രതിപക്ഷ നേതാവിനോട് ചട്ടങ്ങള്‍ പാലിക്കാന്‍ ലോക്സഭാ സ്പീക്കര്‍ ആവശ്യപ്പെട്ടപ്പോള്‍, സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരികയായിരുന്നു അവര്‍.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്കും സത്യാനന്തര രാഷ്‌ട്രീയം വ്യാപിച്ചിരിക്കുന്നു. 2019ല്‍ റാഫേല്‍ കേസിലെ സുപ്രീംകോടതി വിധിയില്‍ ഇല്ലാത്ത ഒരു വാക്യം കോടതി പറഞ്ഞതായി കോണ്‍ഗ്രസ് നേതാവ് തെറ്റായി ആരോപിച്ചു. പിന്നീട് കോടതിയലക്ഷ്യ നടപടികളില്‍ നിരുപാധികം മാപ്പുപറയുകയും ചെയ്തു. 2025 ആഗസ്തില്‍, ഭാരതത്തിന്റെ ഭൂമി കൈയേറിയെന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ അവകാശവാദങ്ങളുടെ അടിസ്ഥാനത്തെ സുപ്രീംകോടതി വീണ്ടും ചോദ്യം ചെയ്തു. ഈ അവകാശവാദങ്ങളെ പിന്തുണയ്‌ക്കുന്ന വിശ്വസനീയമായ തെളിവുകള്‍ എന്താണെന്ന് കോടതി ചോദിച്ചു.
അഭിപ്രായവ്യത്യാസങ്ങളെ മാനിക്കുക എന്നത് നമ്മുടെ ജനാധിപത്യ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണ്. പാര്‍ലമെന്റ് പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളെക്കുറിച്ച് ജനങ്ങള്‍ ആശങ്കകള്‍ ഉന്നയിച്ചപ്പോള്‍, ഞങ്ങള്‍ അവ ശ്രദ്ധയോടെ കേള്‍ക്കുക മാത്രമല്ല, വിശാലമായ പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി ആ നിയമങ്ങള്‍ പിന്‍വലിക്കുകയും ചെയ്തു.
ജനാധിപത്യത്തില്‍ ഒരു തീരുമാനത്തോട് വിയോജിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അത്തരം വിയോജിപ്പുകള്‍ അസത്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കരുത്. അതുപോലെ, ക്രമസമാധാന തകര്‍ച്ചയും അരാജകത്വവും സൃഷ്ടിക്കുകയെന്ന ലക്ഷ്യവും അവയ്‌ക്കുണ്ടാകരുത്. ഭരണഘടനാ നിര്‍മാണ സഭയില്‍ നടത്തിയ പ്രസിദ്ധമായ പ്രസംഗത്തില്‍, പലപ്പോഴും ‘അരാജകത്വത്തിന്റെ വ്യാകരണം’ എന്നറിയപ്പെടുന്ന പ്രഭാഷണത്തില്‍, ഭരണഘടനാവിരുദ്ധമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ഡോ. ബി.ആര്‍. അംബേദ്കര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അദ്ദേഹത്തിന്റെ സന്ദേശത്തിന് ഇന്നും വലിയ പ്രസക്തിയുണ്ട്. ജനാധിപത്യത്തില്‍ വിയോജിപ്പും അരാജകത്വവും തമ്മിലുള്ള നിര്‍ണായകമായ വ്യത്യാസം മനസ്സിലാക്കുന്നതിനായി പ്രതിപക്ഷ നേതാക്കള്‍ ഈ ചരിത്രപ്രസിദ്ധമായ പ്രസംഗം വായിക്കുന്നത് നന്നായിരിക്കും.
സജീവവും ഊര്‍ജസ്വലവുമായ ഒരു ജനാധിപത്യത്തിന്റെ അടിത്തറ രാഷ്‌ട്രീയ സമത്വത്തില്‍ മാത്രം ഒതുങ്ങുന്നതല്ല; സാമ്പത്തികവും സാമൂഹികവുമായ നീതിയും അതിന് അനിവാര്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഞങ്ങളുടെ സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളുടെ അടിസ്ഥാനം ഈ തത്വമാണ്. അതേസമയം, സുസ്ഥിരവും പക്വവുമായ ജനാധിപത്യത്തിന് വിയോജിപ്പുകളും ആശങ്കകളും നിയമാനുസൃതവും ജനാധിപത്യപരവുമായ മാര്‍ഗങ്ങളിലൂടെ പ്രകടിപ്പിക്കേണ്ടത് പ്രധാനമാണ്. ക്രമസമാധാന തകര്‍ച്ചയിലേക്ക് നയിക്കുന്ന നടപടികള്‍ക്കുപകരം സംവാദത്തിലൂടെയും പരസ്പര ധാരണയിലൂടെയും അവയ്‌ക്ക് പരിഹാരം കാണണം.
രാഷ്‌ട്രീയ പരാജയങ്ങളില്‍ നിന്നുണ്ടാകുന്ന നിരാശയുടെ പേരില്‍ നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങളെയോ ഭാരതത്തിന്റെ വളര്‍ച്ചയെയോ ബന്ദികളാക്കാന്‍ അനുവദിക്കാതിരിക്കുക എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ ആവശ്യം. സ്വന്തം തിരിച്ചടികള്‍ക്കുള്ള കാരണങ്ങളെ നേരിടുന്നതിനുപകരം സംവിധാനത്തെത്തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ നടപടികള്‍ രാജ്യത്തിന്റെ പുരോഗതിയെ തകര്‍ക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല.
















