ഭാരതത്തിന്റെ ടെലികോം മേഖലയുടെ ചരിത്രവും വളര്‍ച്ചയും ബിഎസ്എന്‍എല്‍ എന്ന പൊതുമേഖലാ സ്ഥാപനവുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. വര്‍ത്തമാനകാലത്ത് ഡിജിറ്റല്‍ വിപ്ലവം രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തുമ്പോള്‍, ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങളുടെ നിയന്ത്രണവും ലഭ്യതയും ദേശീയ സുരക്ഷയുടെയും സാമ്പത്തിക വളര്‍ച്ചയുടെയും ഭാഗമായി മാറിയിരിക്കുകയാണ്. സാങ്കേതികരംഗത്തെ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട്, പ്രതിസന്ധികളെ അതിജീവിച്ച് കാലാനുസൃതമായ നവീകരണത്തിന്റെ പാതയിലാണ് ഇന്ന് ഈ പൊതുമേഖലാ സ്ഥാപനം.
1. ടെലികമ്മ്യൂണിക്കേഷന്‍ മേഖലയുടെ തന്ത്രപരമായ പ്രാധാന്യം
വിവരസാങ്കേതികവിദ്യയുടെ കാലത്ത് ഒരു രാജ്യത്തിന്റെ നട്ടെല്ലാണ് അതിലെ വാര്‍ത്താവിനിമയ ശൃംഖല. ഭരണനിര്‍വ്വഹണം, സാമ്പത്തിക ഇടപാടുകള്‍, പ്രതിരോധരംഗം, ദുരന്തനിവാരണം എന്നിവയെല്ലാം ഇന്ന് ടെലികോം നെറ്റ് വര്‍ക്കുകളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. അതിനാല്‍ തന്നെ വാര്‍ത്താവിനിമയ മേഖല എന്നത് വെറുമൊരു കച്ചവടസാധ്യത മാത്രമല്ല, മറിച്ച് രാജ്യത്തിന്റെ തന്ത്രപരമായ സുരക്ഷാഘടകം കൂടിയാണ്.
2. പൊതുമേഖലയില്‍ ഒരു സ്ഥാപനം നിലനില്‍ക്കേണ്ടതിന്റെ ആവശ്യം
സ്വകാര്യ കമ്പനികള്‍ ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുമ്പോള്‍, രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഡിജിറ്റല്‍ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ബിഎസ്എന്‍എല്‍ പോലുള്ള ഒരു പൊതുമേഖലാ സ്ഥാപനം അത്യാവശ്യമാണ്.
ലാഭനോട്ടമില്ലാത്ത സേവനം: ലാഭകരമല്ലെന്ന കാരണത്താല്‍ സ്വകാര്യ കമ്പനികള്‍ പിന്‍വാങ്ങുന്ന ഗ്രാമീണ മേഖലകളിലും, മലയോര പ്രദേശങ്ങളിലും, അതിര്‍ത്തി ഗ്രാമങ്ങളിലും വിശ്വസനീയമായ കണക്റ്റിവിറ്റി എത്തിക്കുന്നത് ബിഎസ്എന്‍എല്‍ ആണ്.
വിലക്കയറ്റം തടയല്‍: ടെലികോം വിപണിയില്‍ സ്വകാര്യ കമ്പനികളുടെ കുത്തക ഉണ്ടാകാതിരിക്കാനും, നിരക്കുകള്‍ അമിതമായി ഉയരാതെ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന പരിധിയില്‍ നിര്‍ത്താനും പൊതുമേഖലാ സാന്നിധ്യം അനിവാര്യമാണ്.
ദേശീയ സുരക്ഷ: അടിയന്തര ഘട്ടങ്ങളിലും പ്രകൃതിദുരന്ത വേളകളിലും മറ്റ് നെറ്റ് വ്വര്‍ക്കുകള്‍ തകരാറിലാകുമ്പോള്‍ രാജ്യത്തിന് ആശ്വാസമാകുന്നത് ബിഎസ്എന്‍എല്ലിന്റെ ഇന്‍ഫ്രാസ്ട്രക്ചറാണ്.
3. സ്വകാര്യവല്‍ക്കരണവും കടുത്ത മത്സരവും
1990-കളുടെ അവസാനത്തോടെ ആരംഭിച്ച ടെലികോം സ്വകാര്യവല്‍ക്കരണം വിപണിയില്‍ വന്‍ മാറ്റങ്ങള്‍ വരുത്തി. 2 ജി, 3 ജി, 4ജി, 5ജി സാങ്കേതികവിദ്യകളിലേക്ക് സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ വേഗത്തില്‍ സഞ്ചരിച്ചപ്പോള്‍, നയപരമായ തീരുമാനങ്ങളിലെ കാലതാമസവും ചുവപ്പുനാടയും ബിഎസ്എന്‍എല്ലിന് തിരിച്ചടിയായി. സ്വകാര്യ കമ്പനികളുടെ കടുത്ത മത്സരവും അഗ്രസീവ് മാര്‍ക്കറ്റിങ് തന്ത്രങ്ങളും ബിഎസ്എന്‍എല്ലിന്റെ വിപണിവിഹിതം കുറയ്‌ക്കുകയും സ്ഥാപനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കുകയും ചെയ്തു.
4. ചൈനീസ് നിര്‍മ്മിത ഉപകരണങ്ങളുടെ സുരക്ഷാ ഭീഷണികള്‍
മുന്‍കാലങ്ങളില്‍ ആഗോള ടെലികോം വിപണിയില്‍ കുറഞ്ഞ ചെലവില്‍ ലഭ്യമായിരുന്ന ചൈനീസ് കമ്പനികളുടെ ഉപകരണങ്ങളെ ടെലികോം കമ്പനികള്‍ വ്യാപകമായി ആശ്രയിച്ചിരുന്നു. എന്നാല്‍, പിന്നീട് ഇവ ഉയര്‍ത്തിയ സുരക്ഷാ ആശങ്കകള്‍ ചെറുതല്ല.
ചാരപ്പണിയും ഡാറ്റ ചോര്‍ച്ചയും: ചൈനീസ് ഹാര്‍ഡ് വെയറുകളില്‍ നിര്‍മ്മിച്ചിരിക്കുന്ന ‘ബാക്ക്‌ഡോറുകള്‍’ വഴി രാജ്യത്തിന്റെ തന്ത്രപ്രധാനമായ വിവരങ്ങളും വ്യക്തിഗത ഡാറ്റകളും വിദേശ ഏജന്‍സികള്‍ ചോര്‍ത്താന്‍ സാധ്യതയേറെയാണ്.
സൈബര്‍ ആക്രമണ സാധ്യത: യുദ്ധസമാനമായ സാഹചര്യങ്ങളിലോ നയതന്ത്രബന്ധങ്ങള്‍ വഷളാകുമ്പോഴോ മാല്‍വെയറുകള്‍ വഴിയും കമാന്‍ഡുകള്‍ വഴിയും നമ്മുടെ വാര്‍ത്താവിനിമയ ശൃംഖലയെ ഒറ്റയടിക്ക് നിശ്ചലമാക്കാന്‍ അയല്‍രാജ്യങ്ങള്‍ക്ക് സാധിച്ചേക്കാം.
വിശ്വസനീയമല്ലാത്ത സപ്ലൈ ചെയിന്‍: അതുകൊണ്ട് തന്നെയാണ് അതിര്‍ത്തി തര്‍ക്കങ്ങള്‍ക്കും സുരക്ഷാ ഭീഷണികള്‍ക്കും പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ നെറ്റ് വര്‍ക്കുകളില്‍ നിന്ന് ചൈനീസ് ഉപകരണങ്ങള്‍ ഘട്ടം ഘട്ടമായി ഒഴിവാക്കാനും ‘ട്രസ്റ്റഡ് സോഴ്‌സ്’ അഥവാ വിശ്വസനീയ കേന്ദ്രങ്ങള്‍ വഴി മാത്രം ഉപകരണങ്ങള്‍ വാങ്ങാനും തീരുമാനിച്ചത്.
5. ആത്മനിര്‍ഭര്‍ ഭാരത്: ടിസിഎസ് സഹകരണത്തോടെയുള്ള തദ്ദേശീയ സാങ്കേതികവിദ്യ
ചൈനീസ് ഉപകരണങ്ങള്‍ ഒഴിവാക്കിയപ്പോഴുള്ള സാങ്കേതിക വിടവ് നികത്താനും ഭാരതത്തിന്റെ ഡിജിറ്റല്‍ പരമാധികാരം ഉറപ്പാക്കാനും ബിഎസ്എന്‍എല്‍ തിരഞ്ഞെടുത്തത് ‘ആത്മനിര്‍ഭര്‍ ഭാരത്’ ആശയമാണ്. ടാറ്റ ഗ്രൂപ്പിന്റെ ഉപകമ്പനിയായ ടിസിഎസ്, കേന്ദ്ര സര്‍ക്കാരിന്റെ ഇഉീഠ എന്നിവയുമായി സഹകരിച്ച് പൂര്‍ണ്ണമായും തദ്ദേശീയമായി നിര്‍മ്മിച്ച 4ജി/ 5ജി സ്റ്റാക്ക് ബിഎസ്എന്‍എല്‍ വികസിപ്പിച്ചു. വിദേശ സാങ്കേതികവിദ്യകളെയും ഉപകരണങ്ങളെയും മാറ്റിനിര്‍ത്തി, പൂര്‍ണ്ണമായും ഭാരതത്തില്‍ വികസിപ്പിച്ച സാങ്കേതികവിദ്യയിലൂടെ നെറ്റ് വര്‍ക്ക് നവീകരണം നടത്തുന്ന ലോകത്തിലെ അപൂര്‍വ്വം രാജ്യങ്ങളിലൊന്നായി ഭാരതം മാറി. സുരക്ഷിതവും വിശ്വസനീയവുമായ ഈ തദ്ദേശീയ 4 ജി നെറ്റ്‌വര്‍ക്ക് വളരെ എളുപ്പത്തില്‍ 5 ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ സാധിക്കും.
6. ജനകീയവും ആധുനികവുമായ പുതിയ പദ്ധതികള്‍
ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വേഗതയേറിയതും ലാഭകരവുമായ സേവനങ്ങള്‍ നല്‍കുന്നതിനായി ബിഎസ്എന്‍എല്‍ നിരവധി പുതിയ പദ്ധതികള്‍ക്ക് രൂപം
നല്‍കിയിട്ടുണ്ട്:
ഭാരത് ഉദ്യമി സ്‌കീം: ‘എല്ലാ വീട്ടിലും ഇന്റര്‍നെറ്റ് കണക്ഷന്‍’ എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡിയോടു കൂടി ബിഎസ്എന്‍എല്‍ നടപ്പിലാക്കുന്ന വിപ്ലവകരമായ പദ്ധതിയാണിത്.
സൗജന്യ വൈഫൈ മോഡം ഓഫര്‍: ഭാരത് ഉദ്യമി പദ്ധതി വഴി പുതിയ ‘ഭാരത് ഫൈബര്‍’ കണക്ഷന്‍ എടുക്കുന്ന ഉപഭോക്താക്കള്‍ക്ക് വൈഫൈ മോഡം സൗജന്യമായി നല്‍കുന്നു.
ലാന്‍ഡ്‌ഫോണ്‍ സേവനങ്ങളുടെ പുനരുദ്ധാരണം: പഴയ ബിഎസ്എന്‍എല്‍ ലാന്‍ഡ്‌ഫോണ്‍ നമ്പറുകള്‍ ഫൈബര്‍ കണക്ഷനിലേക്ക് എളുപ്പത്തില്‍ മാറ്റി പുനഃസ്ഥാപിക്കാവുന്നതാണ്.
സൗജന്യ കോളുകളും ഡിജിറ്റല്‍ സേവനങ്ങളും: ഈ കണക്ഷനിലൂടെ രാജ്യത്ത് എവിടെയും അണ്‍ലിമിറ്റഡായി സൗജന്യമായി വിളിക്കാവുന്നതാണ്. കൂടാതെ, സൗജന്യ ടിവി ചാനലുകള്‍ കാണാനുള്ള സൗകര്യവും ഇതോടൊപ്പം ലഭ്യമാക്കിയിട്ടുണ്ട്.
7. പ്രവര്‍ത്തനക്ഷമത കൂട്ടാന്‍ ഔട്ട്‌സോഴ്‌സിംഗ്
ഓപ്പറേഷണല്‍ ചെലവുകള്‍ കുറയ്‌ക്കുന്നതിനും പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമായി ബിഎസ്എന്‍എല്‍ നിര്‍ണ്ണായകമായ ഔട്ട്‌സോഴ്‌സിംഗ് രീതികളിലേക്ക് കടന്നിട്ടുണ്ട്: ടവര്‍/നെറ്റ്‌വര്‍ക്ക് പരിപാലനം: ടവറുകളുടെയും ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്കുകളുടെയും ദിവസേനയുള്ള അറ്റകുറ്റപ്പണികളും പരിപാലനവും പുറംകരാര്‍ നല്‍കിയതിലൂടെ സേവന തടസ്സങ്ങള്‍ വലിയ അളവില്‍ കുറയ്‌ക്കാനായി.
ഭാരത് ഫൈബര്‍: പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാരുമായി പങ്കാളിത്തമുണ്ടാക്കി ഔട്ട്‌സോഴ്‌സിംഗ് മോഡലില്‍ ഫൈബര്‍ ഇന്റര്‍നെറ്റ് നല്‍കുന്ന ‘ഭാരത് ഫൈബര്‍’ പദ്ധതി വന്‍ വിജയമായി മാറി.
കാര്യക്ഷമമായ സേവനം: വിആര്‍എസ് വഴി ജീവനക്കാരുടെ എണ്ണം പുനഃക്രമീകരിക്കുകയും, സാങ്കേതിക അറ്റകുറ്റപ്പണികള്‍ പ്രൊഫഷണല്‍ ഏജന്‍സികളെ ഏല്‍പ്പിക്കുകയും ചെയ്തതോടെ ഉപഭോക്തൃ സേവനങ്ങളുടെ വേഗത വര്‍ദ്ധിച്ചു.
കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ച്, വിദേശ സാങ്കേതികവിദ്യകളുടെ ഭീഷണികള്‍ ഒഴിവാക്കി, പൂര്‍ണ്ണമായും തദ്ദേശീയ സാങ്കേതികവിദ്യയുടെ കരുത്തിലും ജനകീയ പദ്ധതികളിലൂടെയും ഡിജിറ്റല്‍ ഇന്ത്യയുടെ മുന്‍നിരയിലേക്ക് ബി.എസ്.എന്‍.എല്‍ തിരികെയെത്തുകയാണ്. സുരക്ഷയും തദ്ദേശീയ സാങ്കേതികതയും സമന്വയിപ്പിച്ച് മുന്നേറുന്ന ബിഎസ്എന്‍എല്‍, വരുംദിവസങ്ങളില്‍ രാജ്യത്തിന്റെ ടെലികോം രംഗത്ത് തങ്ങളുടെ നിര്‍ണ്ണായക സാന്നിധ്യം കൂടുതല്‍ ശക്തമാക്കും എന്നുറപ്പാണ്.
















