തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും രണ്ടു ശതമാനം ഡിഎ/ ഡിആർ അനുവദിച്ച് സർക്കാർ. നവംബർ ഒന്നാം തീയതി വിതരണം ചെയ്യുന്ന ശമ്പളത്തിനും പെൻഷനുമൊപ്പം ഈ രണ്ടു ശതമാനം ഡിഎ/ ഡി.ആർ കൂടി ലഭിക്കും. ഇതിലൂടെ പ്രതിമാസം 96 കോടിരൂപയാണ് സർക്കാരിന് അധികച്ചെലവായി വരുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ബുധനാഴ്ച പുറത്തിറങ്ങും. 2 ശതമാനം ഡിഎ / ഡിആർ അനുവദിക്കുന്നതിലൂടെ പ്രതിമാസം 96 കോടിയാണ് അധിക ചെലവായി വരുന്നത്. ഡിഎ 37 ശതമാനമാകും.
ഡിഎ, ഡിആർ വിതരണം ഉടൻ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ നിയമസഭയിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ക്ഷാമബത്ത വർധിപ്പിച്ച് പ്രഖ്യാപനം എത്തിയിരിക്കുന്നത്. ഇതോടെ നവംബറിലെ ശമ്പളം ജീവനക്കാർക്ക് കൂടുതൽ സന്തോഷം പകരും എന്ന് ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ സർക്കാർ 21670 കോടി രൂപയുടെ ഡിഎ, 14387 കോടി രൂപയുടെ ഡിആർ കുടിശികയുടെ ബാധ്യതയാണ് ഈ സർക്കാരിന്മേൽ വച്ചിരിക്കുന്നത് എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
















