ന്യൂദല്ഹി: മുതിര്ന്ന ബിജെപി നേതാവും മുന് കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ എല് കെ അദ്വാനി (98)യെ നെഞ്ചിലെ അണുബാധയെത്തുടര്ന്ന് വെള്ളിയാഴ്ച ജസോലയിലെ അപ്പോളോ ആശുപത്രിയില് പ്രവേശിപ്പിച്ചു.വൈകുന്നേരം 7.30-ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയില് എത്തിച്ചതെന്ന് അധികൃതര് അറിയിച്ചു.
ശ്വാസകോശ വിഭാഗത്തില് പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തെ ഡോക്ടര്മാരുടെ സംഘം നിരീക്ഷിച്ചുവരികയാണ്. പരിശോധനകള് നടക്കുന്നു.അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
വാര്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെത്തുടര്ന്ന് മേയ് മാസത്തിലും അദ്വാനിയെ അപ്പോളോ ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. കുറച്ചു ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം അന്ന് ആശുപത്രി വിട്ടത്.
ആധുനിക ബിജെപിയുടെ ശില്പികളില് ഒരാളാണ് അദ്വാനി. 1986 മുതല് 1990 വരെയും 1993 മുതല് 1998 വരെയും, 2004 മുതല് 2005 വരെയും മൂന്ന് തവണ അദ്ദേഹം പാര്ട്ടി അധ്യക്ഷനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
















