ന്യൂദല്ഹി : വിമാന ടിക്കറ്റ് നിരക്കുകള് നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങളില് തീരുമാനമായെന്നും അവയ്ക്ക് ഭരണപരമായ അനുമതി ലഭിച്ചതായും കേന്ദ്ര സര്ക്കാര് സുപ്രീം കോടതിയെ അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളില് ചട്ടങ്ങള് പ്രസിദ്ധീകരിക്കും.
സ്വകാര്യ വിമാനക്കമ്പനികള് ഏകപക്ഷീയമായും അമിതമായും ടിക്കറ്റ് നിരക്കുകള് ഈടാക്കുന്നതുമായി ബന്ധപ്പെട്ട പൊതുതാല്പ്പര്യ ഹര്ജിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് ആര് മഹാദേവന്, ജസ്റ്റിസ് അപരേഷ് സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.
കേന്ദ്ര സര്ക്കാരിന് വേണ്ടി സോളിസിറ്റര് ജനറല് തുഷാര് മേത്ത കോടതിയില് ഹാജരായി.
നവംബര് 16-ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.അപ്പോഴേക്കും പ്രസിദ്ധീകരിച്ച ചട്ടങ്ങള് കോടതിയില് സമര്പ്പിക്കണമെന്നും കോടതി നിര്ദ്ദേശിച്ചു.
വിമാന ടിക്കറ്റ് നിരക്കുകളിലുണ്ടാകുന്ന അപ്രതീക്ഷിതവും കുത്തനെ ഉള്ളതുമായ വര്ദ്ധനവ്, യാത്രക്കാരുടെ എണ്ണത്തിനും ആവശ്യകതയ്ക്കും അനുസരിച്ച് നിരക്ക് മാറുന്ന രീതി, ബാഗേജ് ഫീസുകള് ഉള്പ്പെടെ അമിതമായ നിരക്കുകള് എന്നിവയെക്കുറിച്ചുള്ള ആശങ്കകള് പരിഹരിക്കാനാണ് പുതിയ ചട്ടങ്ങള് ലക്ഷ്യമിടുന്നത്. ഉത്സവകാലങ്ങളിലും തിരക്കേറിയ സമയങ്ങളിലും ന്യായവും സുതാര്യവുമായ ടിക്കറ്റ് നിരക്ക് സംവിധാനം വേണമെന്ന് ഹര്ജിക്കാരന് കോടതിയില് ആവശ്യപ്പെട്ടു.
















