തിരുവനന്തപുരം: സിഎംആര്എല് എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയന് അനുകൂലമായി ഹൈക്കോടതിയില് സര്ക്കാര് എടുത്ത നിലപാടിനെ വിമര്ശിച്ച് കോണ്ഗ്രസ് നേതാവ് മാത്യു കുഴല് നാടന് എംഎല്എ. കോടതിയിലെ സര്ക്കാര് നിലപാട് തെറ്റെന്ന് തെളിഞ്ഞു. എന്തുകൊണ്ട് എജി അങ്ങനെയൊരു നിലപാട് എടുത്തുവെന്ന് വ്യക്തമല്ല. ബന്ധപ്പെട്ടവര് ഇക്കാര്യം പാര്ട്ടി വേദിയില് വിശദീകരിക്കുമെന്നാണ് താന് പ്രതീക്ഷിക്കുന്നതെന്ന് മാത്യു കുഴല്നാടന് പറഞ്ഞു.
പ്രഥമദൃഷ്ട്യാ എഫ്ഐആര് നിലനില്ക്കില്ലെന്ന് എന്തടിസ്ഥാനത്തിലാണ് നിലപാട് എടുത്തതെന്ന് അറിയില്ല. ഈ കാര്യത്തില് ന്യായമായ നിലപാടല്ല വേണ്ടത് നിയമപരമായ നിലപാടാണ്. എന്ത് മെറ്റീരിയല് റെക്കോര്ഡ് ഉണ്ടായിട്ടാണ് പിണറായി വിജയന് നേരത്തെ എനിക്കെതിരെ കേസ് എടുത്തത്. പിണറായി വിജയനെതിരെ ഇപ്പോള് കേസെടുക്കുമ്പോള് എന്തിനാണ് വെപ്രാളപ്പെടുന്നതെന്ന് മാത്യു കുഴല്നാടന് ചോദിച്ചു.
ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റെ ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി മാത്യുകുഴല് നാടന് പറഞ്ഞു. പിണറായി വിജയന് വിചാരണ നേരിടുക എന്നതാണ് ഏറ്റവും അഭികാമ്യം. മടിയില് കനമില്ലെങ്കില് അന്വേഷണത്തെ എന്തിനാണ് ഭയക്കുന്നതെന്നും കുഴല്നാടന് ചോദിച്ചു.
















